ഈശോയുമായി ഹൃദയം കൈമാറിയ ഒരു വിശുദ്ധ 

അഗാധമായ പ്രാർത്ഥനാജീവിതവും തപസും നയിച്ചിരുന്ന അവൾ മൂന്നു പ്രാവശ്യം, ഏഴു വർഷക്കാലം വീതം ഉപവസിച്ചു. ഇക്കാലയളവിൽ അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. വിശുദ്ധ, ഓരോ ഉപവാസവും ഈശോയുടെ നിയോഗങ്ങൾക്കായി സമർപ്പിച്ചു. സഭയിൽ പഞ്ചക്ഷതധാരിയായി അറിയപ്പെട്ട ആദ്യ വനിതയായിരുന്നു അവൾ. തിരുഹൃദയ ഭക്തയായ വി. ലുട്ട്ഗാർഡിസിനെക്കുറിച്ചറിയാൻ തുടർന്നു വായിക്കുക…

ഹൃദയങ്ങൾ കൈമാറുക എന്നത് പ്രണയത്തിന്റെ അഗാധമായ ഭാവമാണ്. ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ സ്നേഹം ഉച്ചസ്ഥായിയിലാകും. ഹൃദയങ്ങൾ കൈമാറുമ്പോഴേ പ്രണയികള്‍ക്ക് പങ്കാളികളുടെ കണ്ണുകളിലൂടെ അവരുടെ ലോകവും അവന്റെയോ അവളുടെ ലോകവും കാണാൻ കഴിയൂ.

ഇന്ന് തിരുഹൃദയ തിരുനാൾ ദിനമാണ്. ഈശോയുടെ തിരുഹൃദയവും എന്റെ ഹൃദയവും കൈമാറേണ്ട പ്രണയദിനം. കത്തോലിക്കാ സഭയുടെ വാലന്റൈൻസ് ഡേയാണ് (പ്രണയദിനം) തിരുഹൃദയ തിരുനാൾ ദിനം. ഇത്തരത്തിൽ ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി ബെൽജിയത്ത്  ജീവിച്ചിരുന്നു; അയ്‌വേഴ്‌സിലെ വി. ലുട്ട്ഗാർഡിസ്. സഭയിൽ പഞ്ചക്ഷതധാരിയായി അറിയപ്പെട്ട ആദ്യ വനിതയായിരുന്നു അവൾ.

ബെൽജിയത്തിലെ ടോംഗ്രെസ് എന്ന പട്ടണത്തിൽ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച  ലുട്ട്‌ഗാർഡിസിന്റെ പന്ത്രണ്ടാം വയസിൽ – 1182-ൽ, അവളുടെ വിവാഹത്തിനായി  കരുതിവച്ചിരുന്ന സ്ത്രീധനം ഒരു കപ്പലപകടത്തിൽ നഷ്ടപ്പെട്ടതിനാൽ മനസ്സില്ലാമനസ്സോടെ ബെനഡിക്ടൈൻ സഭയിൽ അവൾ ചേർന്നു. എന്നാൽ പതിനേഴാം വയസിൽ അവൾക്കുണ്ടായ അലൗകികമായ ഒരു അനുഭവം അവളുടെ ജീവിതത്തെ സമൂലം മാറ്റി. അവൾ സന്ദർശനമുറിയിൽ ആയിരിക്കുമ്പോൾ ഈശോ തന്റെ പിളർക്കപ്പെട്ട ഹൃദയവും തിരുമുറിവുകളുമായി ലുട്ട്‌ഗാർഡിസിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. മധ്യകാലഘട്ടത്തിലുണ്ടായ ആദ്യ തിരുഹൃദയ ദർശനമായാണ് ഈ പ്രത്യക്ഷീകരണത്തെ മനസിലാക്കുന്നത്. തുടർന്നും നിരവധി തവണ ഈശോയുടെ തിരുഹൃദയ ദർശനങ്ങൾ അവൾക്കു ലഭിച്ചു.

ഒരു ദർശനത്തിൽ ഈശോയുമായി ഹൃദയം കൈമാറുന്നതായി അവൾ അനുഭവിച്ചു. ആ സന്ദർഭത്തിൽ ഈശോ അവളോടു ചോദിച്ചു: “ഇപ്പോൾ നിനക്കെന്താണ് വേണ്ടത്?”

“എനിക്ക് നിന്റെ ഹൃദയം വേണം.” അവൾ മറുപടി നൽകി.

“നിനക്ക് എന്റെ ഹൃദയം വേണോ? എങ്കിൽ എനിക്ക് നിന്റെ ഹൃദയവും വേണം.” ഇതായിരുന്നു ഈശോയുടെ പ്രത്യുത്തരം.

ഇതു കേട്ട ലുട്ട്ഗാർഡിസ് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ പ്രാണപ്രിയാ, എന്റെ ഹൃദയം നീ എടുത്തുകൊള്ളുക. പക്ഷേ, നിന്റെ ഹൃദയത്തിലെ സ്നേഹം എന്റെ ഹൃദയത്തോട് അലിഞ്ഞുചേരുന്ന വിധത്തിൽ അത് സ്വീകരിക്കുക. അങ്ങനെ ഞാൻ എന്റെ ഹൃദയത്തെ നിന്നിൽ സ്വന്തമാക്കും. നിന്റെ സംരക്ഷണത്തിൽ അത് എപ്പോഴും സുരക്ഷിതമായി നിലകൊള്ളുകയും ചെയ്യും.”

അഗാധമായ പ്രാർത്ഥനാജീവിതവും തപസും നയിച്ചിരുന്ന ലുട്ട്ഗാർഡിസ് മൂന്നു പ്രാവശ്യം, ഏഴു വർഷക്കാലം വീതം ഉപവസിച്ചു. ഇക്കാലയളവിൽ അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. വിശുദ്ധ, ഓരോ ഉപവാസവും ഈശോയുടെ നിയോഗങ്ങൾക്കായി സമർപ്പിച്ചു. ആദ്യത്തേത്, പാഷണ്ഡികളുടെ മാനസാന്തരമായിരുന്നെങ്കിൽ, രണ്ടാമത്തേത് പാപികളുടെ രക്ഷക്കും മൂന്നാമത്തേത് സഭയെ ഭീഷണിപ്പെടുത്തിയ ഫ്രെഡറിക് രണ്ടാമൻ ചക്രവർത്തിക്കു വേണ്ടിയുമായിരുന്നു.

1246 ജൂൺ 16-ന് നിര്യാതയായ ലുട്ട്ഗാർഡിസിനെ 1793-ൽ ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ലുട്ട്ഗാർഡിസ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാൽ ഇന്നും ഓർമ്മിക്കപ്പെടുന്നു. തിരുഹൃദയ ഭക്തയായ അവളുടെ ഓർമ്മദിനം ഈ വർഷം തിരുഹൃദയ തിരുനാൾ ദിനത്തിൽ തന്നെ (ജൂൺ 16) വന്നതിൽ ഈ ദിനത്തിന്റെ സന്തോഷം വർദ്ധിതമാകുന്നു.

ഈ തിരുഹൃദയ തിരുനാൾ ദിനത്തിൽ നമ്മുടെ ഹൃദയത്തെ ഈശോയുടെ തിരുഹൃദയത്തിനു കൈമാറാം. ഈശോയുടെ തിരുഹൃദയം നമ്മിലേക്കും നമ്മുടേത് അവനിലേക്കും. എത്ര അകന്നാലും അണയാത്ത സ്നേഹവും എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹവുമായ ഈശോയുടെ തിരുഹൃദയത്തിലേക്ക്, പുഴ കടലിൽ ചേരുന്നതുപോലെ നമുക്കൊഴുകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.