ആദ്യകുർബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനിക്കാം ആത്മീയവളർച്ചക്ക് ഉതകുന്ന സമ്മാനം

കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം നടക്കുന്ന സമയത്തിലൂടെയാണല്ലോ നാം ഇപ്പോൾ കടന്നുപോകുന്നത്. പലപ്പോഴും വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം മാതാപിതാക്കൾ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം വേളകളിൽ കുഞ്ഞുങ്ങൾക്ക് എന്ത് സമ്മാനിക്കും? പലർക്കും സംശയമുള്ള ഒരു കാര്യമാണ് ഇത്. അവർ ഉള്ളിൽ സ്വീകരിച്ച ഈശോയുടെ ചൈതന്യം അതേപടി നിലനിർത്താൻ സഹായിക്കുന്ന സമ്മാനങ്ങളാണ് ഈ അവസരത്തിൽ അവർക്ക് ഉചിതം. അത്തരത്തിൽ കുഞ്ഞുങ്ങളുടെ ആത്മീയവളർച്ചയെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏതാനും സമ്മാനങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം…

1. ബൈബിൾ

ഈ അവസരത്തിൽ കൊടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ഒരു സമ്മാനമാണ് വിശുദ്ധ ഗ്രന്ഥം. വിശുദ്ധ ഗ്രന്ഥം സമ്മാനിക്കുമ്പോൾ അതിന്റെ പ്രാധാന്യം കുഞ്ഞുങ്ങളെ ചേർത്തുനിർത്തി പറഞ്ഞുകൊടുക്കുന്നത് നല്ലതായിരിക്കും. ഒപ്പം ആദ്യകുർബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വന്തമായി ഒരു ബൈബിൾ ഉണ്ടായിരിക്കുന്നത് അവരുടെ ആത്മീയവളർച്ചയെ സഹായിക്കുന്ന ഒന്നായിരിക്കും.

2. രൂപങ്ങൾ

ചുവരിൽ തൂക്കാൻ കഴിയുന്നതോ അല്ലെങ്കിൽ മേശപ്പുറത്ത് സ്ഥാപിക്കാൻ കഴിയുന്നതോ ആയ രൂപങ്ങൾ – അത് വിശുദ്ധരുടെയോ, പരിശുദ്ധ അമ്മയുടേയോ, ഈശോയുടെയോ ഏതുമാകാം. അത് സമ്മാനിക്കുന്നത് ഉചിതമാണ്. ആ രൂപങ്ങൾ കാണുമ്പോൾ കുട്ടികളിൽ അവരെക്കുറിച്ചുള്ള ചിന്തകൾ ഉയരുകയും ആത്മീയമായ ചെറിയ ചില അപചയങ്ങൾക്ക് കാരണമായി മാറുകയും ചെയ്യാം. രൂപങ്ങളോ  അല്ലെങ്കിൽ വചനം ആലേഖനം ചെയ്തിട്ടുള്ള ചെറിയ ചിത്രങ്ങളോ ആകാം.

3. വചനപ്പെട്ടി

ഒരുകാലത്ത് വായിക്കാൻ അറിയാവുന്ന പ്രായം മുതൽ എല്ലാ ഭവനങ്ങളിലും, പലപ്പോഴും ഓരോ കുട്ടികളുടെ കൈകളിലും ഉണ്ടായിരുന്ന ഒന്നാണ് വചനപ്പെട്ടി. അത് നല്ലൊരു സമ്മാനമാണ്. ചെറുതാണെന്നു കരുതി അത് ഒഴിവാക്കേണ്ട.  അമൂല്യമായ ദൈവവചനമാണ് ആ പെട്ടിക്കുള്ളിൽ. അതിനാൽ സമ്മാനങ്ങളുടെ പട്ടികയിൽ വചനപ്പെട്ടിയും ഉൾപ്പെടുത്താം.

4. വിശുദ്ധരുടെ പുസ്തകങ്ങൾ

അനേകം വിശുദ്ധരുടെ ജീവചരിത്രങ്ങൾ, പ്രചോദനാത്മകമായ പുസ്തകങ്ങൾ  ഒക്കെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടിയുടെ പാകത അനുസരിച്ച് അവർക്ക് വേണ്ടി ഉചിതമായ പുസ്തകം തിരഞ്ഞെടുക്കുകയും സമ്മാനിക്കുകയും ചെയ്യാം.

5. ഗിഫ്റ്റ്‌ ബോക്സ്

ഈ ബോക്സിൽ ഒന്നിലധികം കാര്യങ്ങൾ ഉൾപ്പെടുത്താം. മനോഹരമായ പ്രാർത്ഥനാകാർഡുകൾ, വിശുദ്ധരുടെ ഒരു കെട്ട് ചിത്രങ്ങൾ, ജപമാല, കൊന്തമോതിരം, പ്രാർത്ഥനാ പുസ്തകം തുടങ്ങി കുട്ടികൾ ഉപയോഗിക്കാൻ സാധ്യതയുള്ള ചെറിയ ആത്മീയവസ്തുക്കൾ ഈ ബോക്സിൽ ഉൾപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.