ഈ നോമ്പുകാലത്ത് നാം അകന്നിരിക്കണം എന്ന് പാപ്പാ നിർദ്ദേശിക്കുന്ന ഏഴു കാര്യങ്ങൾ

പാപത്തെയും മരണത്തെയും കീഴടക്കിയ ദൈവപുത്രന്റെ ഉത്ഥാനം ആഘോഷിക്കുന്ന ഈസ്റ്ററിനായുള്ള ഒരുക്കത്തിലാണ് ക്രൈസ്തവലോകം. നാൽപതു ദിവസം നീണ്ട ഉപവാസത്തിലൂടെയും പാപപരിഹാര പ്രവർത്തികളിലൂടെയും ഈസ്റ്ററിനായി ഒരുങ്ങുമ്പോൾ ചില കാര്യങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കാൻ ഫ്രാൻസിസ് പാപ്പാ ക്രൈസ്തവരോട് ആഹ്വാനം ചെയ്യുന്നുണ്ട്. പാപ്പാ നിർദ്ദേശിച്ച ‘അകന്നിരിക്കേണ്ട ആ കാര്യങ്ങൾ’ എന്തെക്കെയാണെന്നു നോക്കാം…

1. ദൈവത്തെ ഒഴിവാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക

നമ്മെ ദുർബലമാക്കുന്ന ചാരത്തിൽ നിന്ന് അകന്നു നിൽക്കാനും പരിശുദ്ധാത്മാവിന്റെ അഗ്നിയെ പുനരുജ്ജീവിപ്പിക്കാനും നമ്മെ ഭാരപ്പെടുത്തുന്ന എല്ലാറ്റിനെയും അകറ്റാനും ദൈവവുമായി അനുരഞ്ജനം നടത്താനും ഏറ്റവും അനുകൂലമായ സമയമാണ് നോമ്പുകാലം എന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫെബ്രുവരി 22 -ലെ വിഭൂതി ബുധനാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.

“ആരാണ് സ്രഷ്ടാവ്, ആരാണ് സൃഷ്ടി” എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ മടക്കയാത്രയുടെ തുടക്കമാണ് ചാരം. ഈ യാത്ര നമ്മെ ‘നമ്മെക്കുറിച്ചുള്ള സത്യത്തിലേക്ക്’ നയിക്കുകയും ‘നമ്മുടെ സ്വയംപര്യാപ്തതയുടെ കോട്ടയിൽ നിന്ന്’ ഉയർന്നുവരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ‘ദൈവത്തിലേക്കും നമ്മുടെ സഹോദരീ സഹോദരന്മാരിലേക്കും മടങ്ങാനുള്ള’ അവസരമാണിത് – പാപ്പാ പറയുന്നു.

2. ആത്മീയ അഹങ്കാരത്തിൽ നിന്ന് വിട്ടുനിൽക്കുക

മറ്റുള്ളവരുടെ മുമ്പാകയും ദൈവത്തിനു മുമ്പാകയും നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്ന ‘ആത്മീയ അഹങ്കാര’ത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാപ്പാ മുന്നറിയിപ്പ് നൽകുന്നു. മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്ന ഒരു ജീവിതം ആത്മീയ അഹങ്കാരമുള്ള ഒരു വ്യക്തിക്ക് അന്യമാകുന്നു. “നമ്മളെല്ലാവരും ഈ കെണിയിൽ വീഴാനുള്ള സാധ്യതയുണ്ട്. ഒരാൾ നീതിമാനാണെന്ന് വിശ്വസിക്കാനും മറ്റുള്ളവരെ വിധിക്കാനും ഈ മനോഭാവം ഇടവരുത്തുന്നു. അറിയാതെ തന്നെ, നിങ്ങൾ നിങ്ങളുടെ സ്വന്തം അഹന്തയെ ആരാധിക്കുകയും ദൈവത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു” – പാപ്പാ ഓർമ്മിപ്പിക്കുന്നു.

3. ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പിന്മാറ്റം

“മനുഷ്യബന്ധങ്ങളെ ദരിദ്രമാക്കുന്ന” ഡിജിറ്റൽ മീഡിയയുടെ പ്രലോഭനത്തെ ചെറുക്കാൻ നോമ്പുകാലം അനുയോജ്യമാണെന്ന് 2022 -ലെ നോമ്പുകാല സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. “ആധികാരികമായ മുഖാമുഖ സംഭാഷണങ്ങൾ” വളർത്താൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അവശ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും മുഴുവൻ കുടുംബങ്ങളെയും സഭാസമൂഹങ്ങളെയും ഒരുമിപ്പിക്കുന്നതിലൂടെയും ഡിജിറ്റൽ മീഡിയയ്ക്ക് നമ്മെ ഒരുമിച്ചു കൊണ്ടുവരാൻ കഴിയും. എങ്കിലും അത് വിവേകത്തോടെ ഉപയോഗിക്കണം എന്ന് ആശയവിനിമയത്തിനുള്ള അന്തർദേശീയ കാത്തലിക് അസോസിയേഷന് അയച്ച സന്ദേശത്തിലും പാപ്പാ ഓർമ്മിപ്പിക്കുന്നു.

4. ധ്രുവീകരണങ്ങളിൽ നിന്നും വിഭജനത്തിൽ നിന്നും വിട്ടുനിൽക്കുക

സമൂഹത്തെ അനുദിനം ബാധിക്കുന്ന സംവാദങ്ങളിലും ഭിന്നതകളിലും പെട്ടുപോകുന്നത് എളുപ്പമാണ്. 2022 നവംബറിൽ പ്രസിദ്ധീകരിച്ച ജെസ്യൂട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, “ധ്രുവീകരണം കത്തോലിക്കമല്ല” എന്ന് പാപ്പാ വ്യക്തമായി പ്രസ്താവിച്ചു. “ദൈവത്തിന്റെ ഒരു ജനമേ ഉള്ളൂ. ധ്രുവീകരണം ഉണ്ടാകുമ്പോൾ, ഒരു വിഭജന മാനസികാവസ്ഥ ഉയർന്നുവരുന്നു. അത് ചിലർക്ക് പ്രത്യേകാവകാശം നൽകുകയും മറ്റുള്ളവരെ പിന്നിലാക്കുകയും ചെയ്യുന്നു. കത്തോലിക്കർ എല്ലായ്‌പ്പോഴും ഭിന്നതകളെ സമന്വയിപ്പിക്കുന്നു” – അദ്ദേഹം വിശദീകരിച്ചു.

5. മറ്റുള്ളവരോട് നിസ്സംഗത കാണിക്കുന്നത് ഒഴിവാക്കുക

“നമ്മുടെ അയൽക്കാരനോടും ദൈവത്തോടുമുള്ള നിസ്സംഗതയും ക്രിസ്ത്യാനികളായ നമുക്ക് കടന്നുവരാവുന്ന പ്രലോഭനമാണ്. ഓരോ വർഷവും നോമ്പുകാലത്ത് നമ്മുടെ മനഃസാക്ഷിയെ അലട്ടുന്ന പ്രവാചകന്മാരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കേണ്ടതുണ്ട്” – 2015 ലെ നോമ്പുകാല സന്ദേശത്തിൽ പാപ്പാ പറഞ്ഞു. സമൂഹത്തിൽ മറക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള കരുതലാണ് ഫ്രാൻസിസ് പാപ്പായ്ക്ക് പ്രധാനം.

6. അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കുക

2021 ഡിസംബർ 15 -ന് വി. യൗസേപ്പിതാവിനെക്കുറിച്ച് ഒരു മതബോധന പ്രസംഗം നടത്തുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ, നിശബ്ദതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. മറിയത്തിന്റെ ഭർത്താവ് പറഞ്ഞ ഒരു വാക്ക് പോലും സുവിശേഷങ്ങളിൽ ഉൾപ്പെടാത്തത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, “തന്റെ മൗനത്തിലൂടെ, യേശുവിനു വേണ്ടി, വചനം ഉണ്ടാക്കിയ മാംസത്തിന്റെ സാന്നിധ്യത്തിന് ഇടം നൽകാൻ ജോസഫ് നമ്മെ ക്ഷണിക്കുന്നു.”

നിശ്ശബ്ദത പലരെയും “ഭയപ്പെടുത്തുന്നു” എന്ന് കത്തോലിക്കാ സഭയുടെ തലവൻ സമ്മതിക്കുന്നു. കാരണം അത് ഉള്ളിലേക്ക് നോക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, “നിശ്ശബ്ദത വളർത്തിയെടുക്കുക” എന്നത് “നമ്മെ പുനരുജ്ജീവിപ്പിക്കാനും ആശ്വസിപ്പിക്കാനും നമ്മെ തിരുത്താനും ആത്മാവിന് അവസരം നൽകുക” ആണെന്ന് പാപ്പാ എടുത്തുകാണിക്കുന്നു.

7. നാർസിസിസം, ഇരയാക്കപ്പെട്ട മനോഭാവം, അശുഭാപ്തിവിശ്വാസം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക

2020 -ലെ തന്റെ പ്രസംഗത്തിൽ, നമ്മുടെ ഹൃദയങ്ങളിൽ നിറയുന്ന പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന “മൂന്ന് പ്രധാന ശത്രുക്കളെ” ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. നാർസിസിസം, ഇരയാക്കപ്പെട്ട മനോഭാവം, അശുഭാപ്തിവിശ്വാസം എന്നിവയായിരുന്നു അത്. ഈ ശത്രുക്കൾക്കുള്ള മറുമരുന്ന് പ്രാർത്ഥനയാണ് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വിവർത്തനം: മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.