തൊഴിലിടങ്ങളിലെ സമ്മര്‍ദങ്ങള്‍ നിങ്ങളെ ഭാരപ്പെടുത്തുന്നുവെങ്കിൽ ഈ ആറു വചനങ്ങളെ കൂട്ടുപിടിക്കാം

അനുദിന ജീവിതത്തിൽ, ഒരു സ്ഥിരവരുമാനം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ ഒരു ജോലിയും അതിലൂടെ ലഭിക്കുന്ന വരുമാനവും നമ്മെ സഹായിക്കുന്നു. അതിനാൽതന്നെ നമുക്കു ലഭിക്കുന്ന ഓരോ ജോലിയും, അത് എത്ര ചെറുതാണെങ്കില്‍ക്കൂടിയും ഒരു ദൈവാനുഗ്രഹമാണ്.

എന്നാൽ ജോലിസ്ഥലങ്ങളിലെ സാഹചര്യങ്ങൾ എപ്പോഴും ഒരുപോലെ ആകണമെന്നില്ല. ചിലപ്പോൾ പ്രയാസമുള്ള ജോലികൾ ഏറ്റെടുക്കേണ്ടിവന്നേക്കാം. അല്ലെങ്കിൽ ഏറ്റെടുത്ത ജോലികൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായിരിക്കും. ചില സമയങ്ങളിൽ ജോലി ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിക്കുന്ന സാഹചര്യങ്ങളും സമ്മർദങ്ങളും ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കാന്‍ ഏതാനും തിരുവചനങ്ങൾ ഇതാ. ഈ തിരുവചനങ്ങൾ നിങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യും.

1. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും” (ഫിലിപ്പി. 4:13).

ജോലിമേഖലകളിലെ വെല്ലുവിളികളെ വിശ്വാസത്തിന്റെ ശക്തിയാൽ നേരിട്ട് മുന്നോട്ടുപോകാൻ കഴിയുമെന്ന് ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. മുന്നോട്ടുപോകാൻ കഴിയാതെവരുന്ന സാഹചര്യങ്ങളിൽ ദൈവത്തിന്റെ ശക്തി നമ്മളെ കൈപിടിച്ചുനടത്തും.

2. “നിന്റെ പ്രയത്‌നം കർത്താവിൽ അർപ്പിക്കുക; നിന്റെ പദ്ധതികൾ ഫലമണിയും” (സുഭാ. 16:3).

ജോലിയുമായി ബന്ധപ്പെട്ട വൈഷമ്യങ്ങളെ ക‌ർത്താവിനു ഭരമേല്പിക്കുന്നത് നിങ്ങൾക്ക് സമാധാനം നല്കും. വിജയം വരിക്കുന്നതിനായി ദൈവത്തിന്റെ നിർദേശങ്ങൾക്കായി കാതോർക്കാൻ ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

3. “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (ജെറ. 29 :11).

ചില ജോലിസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും നമ്മുടെ നന്മയ്ക്കായുള്ള ഒരു പദ്ധതി ദൈവത്തിന്റെ മനസ്സിലുണ്ടെന്ന് ഈ വചനം നമ്മളെ അനുസ്മരിപ്പിക്കും. ഇപ്പോൾ കടന്നുപോകുന്ന കഠിനമായ അനുഭവങ്ങൾക്കപ്പുറം നവമായ ഒരു ഭാവിയുണ്ടാകുമെന്ന് പ്രത്യാശയാണ് ഈ വചനം.

4. “നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർഥതയോടെ ചെയ്യുവിൻ” (കൊളോ. 3:23).

ചെയ്യുന്ന ജോലി എന്തുതന്നെയായാലും ദൈവത്തിന വേണ്ടി ചെയ്യുന്നപോലെ സന്തോഷത്തോടെ ഏറ്റെടുക്കുവാൻ ഈ വചനം പഠിപ്പിക്കുന്നു. അനുദിന കാര്യങ്ങൾക്ക് ഒരു പൂർണ്ണതയും അര്‍ഥവും നല്കാൻ ഇത് ഉപകരിക്കും.

5. “അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി” (മത്തായി 6:34).

ജോലിഭാരവും ആകുലതകളും തളർത്തുമ്പോൾ ഈ വചനം ഈ നിമിഷത്തിൽ ശ്രദ്ധിക്കാൻ ഓ‌ർമ്മിപ്പിക്കുന്നു. ദൈവപരിപാലനയിൽ ആശ്രയിക്കുമ്പോൾ ഭാവിയെക്കുറിച്ചുള്ള ആകുലതകളെ അകറ്റാൻ കഴിയും.

6. “നിന്റെ ജീവിതം കർത്താവിനു ഭരമേൽപിക്കുക, കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും” (സങ്കീ. 37:5).

തക്കസമയത്ത് ദൈവം ഇടപെടും എന്ന പ്രത്യാശയോടെ ജീവിതത്തെ പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കാന്‍ ഈ വചനങ്ങൾ പ്രചോദിപ്പിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ ജോലിസാഹചര്യങ്ങളെ വിശ്വാസത്തിന്റെ കരുത്തിലൂടെ നേരിടാൻ നമുക്കു കഴിയുമെന്ന് ഈ വചനം അനുസ്മരിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.