വിവാഹ കേസുകളും വിവാഹബന്ധസംരക്ഷകനും

ഡോ. ജോസ് ചിറമേല്‍

സഭാകോടതിയില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബന്ധ സംരക്ഷകന്‍ (Defender of Bond) എന്ന ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം എന്താണ്? വിവാഹബന്ധം വേര്‍പെടുത്തുന്നതിനുവേണ്ടി അപേക്ഷകന്‍ (വാദി) കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ തെളിഞ്ഞിരിക്കുന്നു വെന്നും തന്മൂലം പ്രസ്തുത വിവാഹം അസാധുവാണെന്നും അദ്ദേഹ ത്തിന് കോടതിയില്‍ ബോധിപ്പിക്കാമോ? അത്തരത്തിലുള്ള അഭിപ്രായ പ്രകടനത്തിന്റെ വെളിച്ചത്തില്‍ തുടര്‍ന്നും ലഭിക്കാവുന്ന തെളിവുകള്‍ ഉപേക്ഷിച്ച് വിവാഹം അസാധുവായിരുന്നുവെന്ന് വിധി പ്രസ്താവിക്കുവാന്‍ സഭാകോടതിയിലെ ജഡ്ജിക്ക് കഴിയുമോ?

ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് മുന്‍പ് സഭാകോടതിയുടെ സംവിധാനം, സഭാ കോടതി ഉദ്യോഗസ്ഥരായ വിവാഹബന്ധ സംരക്ഷകന്‍, ജഡ്ജിമാര്‍ എന്നി വരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഹൃസ്വമായിട്ടെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

ഒരേസമയം രണ്ട് കോടതികളെ സമീപിക്കേണ്ടിവരുന്നു

1986 വരെ കത്തോലിക്കരുടെ വിവാഹക്കേസുകളില്‍ സഭാ കോടതികള്‍ നല്‍കിപോന്നിരുന്ന വിധികളുടെ കാര്യത്തില്‍ സിവിള്‍ കോടതി കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാല്‍, 1986ല്‍ സഭാകോടതി വേര്‍പെടുത്തിയ ഒരു വിവാഹക്കേസ്സിലെ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് സിവിള്‍ കോടതിയില്‍ കേസ് ഉണ്ടായപ്പോള്‍ വിവാഹത്തിന് സിവിള്‍പരമായ പ്രത്യാഘാതങ്ങളു ണ്ടെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെങ്കില്‍ സിവിള്‍ കോടതിയില്‍ നിന്ന് വിവാഹ മോചനം ലഭിച്ചിരിക്കണമെന്നും കേരള ഹൈക്കോടതി വിധിച്ചു. ഈ വിധി പിന്നീട് സുപ്രീംകോടതി ശരിവച്ചതോടെ ഇന്ത്യ മുഴുവനും ഇത് ബാധകമാവുകയും തത്ഫ ലമായി ഇന്ത്യയിലെ കത്തോലിക്കര്‍ക്ക് പുനര്‍വിവാഹത്തിന് ഒരേ സമയം സിവിള്‍ കോടതിയേയും സഭാകോടതിയേയും സമീപിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു.

എന്നാല്‍ സഭാകോടതിയുടെ വിധി സിവിള്‍ കോടതി അംഗീ കരിക്കണമെന്നാവശ്യപ്പെട്ട് അടുത്ത കാലത്ത് ഒരു സംഘടന സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി പ്രസ്തുത കേസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം പ്രത്യേകം പ്രസ്താവ യോഗ്യമാണ്.

വിവാഹമോചനവും (Divorce) വിവാഹം അസാധുവാണെന്ന പ്രഖ്യാപിക്കലും Annulment)

സിവിള്‍ കോടതിയില്‍ നിന്ന് ലഭിക്കുന്ന വിവാഹമോചനവും (Divorce)) സഭാകോടതിയില്‍ നിന്ന് ലഭിക്കുന്ന വിവാഹം അസാ ധുവായിരുന്നുവെന്ന പ്രഖ്യാപിക്കലും (Annulment of Marriage) തമ്മില്‍ വ്യത്യാസമുണ്ട്. സാധുവായി നടത്തപ്പെട്ട വിവാഹം പിന്നീട് ഉണ്ടാകുന്ന ചില കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍പെടുത്തുന്നതിനെയാണ് വിവാഹമോചനം എന്ന് പറയുന്നത്. വിവാഹത്തിനു മുന്‍പോ വിവാഹസമയത്തോ ഉണ്ടായിരുന്ന ഗൗരവമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍, നടത്തപ്പെട്ട വിവാഹം ആരംഭത്തിലേ (ab initio) അസാധുവായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനെയാണ് വിവാഹം അസാധുവാക്കല്‍ എന്ന് പറയുന്നത്. സിവിള്‍ കോടതിയും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ‘വിവാഹം അസാധുവാക്കല്‍’ (nullity) നല്‍കാറുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും വിവാഹമോചനമാണ് (Divorce) നല്‍കുന്നത്.

എന്നാല്‍ സഭ നല്‍കുന്നത് വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍ (Annulment of marriage) മാത്രമാണ്. വിവാഹക്കേസുകള്‍ കൈ കാര്യം ചെയ്യാന്‍ യോഗ്യതയുള്ള സഭാകോടതികള്‍ അത് സംബന്ധമായി നടത്തുന്ന ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളെയാണ് അസാധുവാ ക്കല്‍ എന്ന് പറയുന്നത്. വിവാഹസമയത്തു തന്നെ അസാധുവായ ഒരു വിവാഹത്തില്‍ നിന്നുള്ള സ്ഥിരമായൊരു മോചനമാണ് വിവാഹം അസാധുവായിരുന്നുവെന്ന സഭാകോടതിയുടെ പ്രഖ്യാപനം വഴി ഉണ്ടാകുന്നത്. മേല്‍പറഞ്ഞ വിധിതീര്‍പ്പ് നടത്തുന്നത് നിയതമായ നടപടിക്രമങ്ങളിലൂടെ അതിനുവേണ്ടി നിയമാനുസൃതം സ്ഥാപി ക്കപ്പെടുന്ന സഭാകോടതികളും അതിലെ ജഡ്ജിമാരുമാണ്.

സഭാകോടതിയിലെ ഉദ്യോഗസ്ഥര്‍

എല്ലാ രൂപതകളിലും നീതി നിര്‍വ്വഹണം ഉറപ്പു വരുത്തുന്നതിന് കോടതി സ്ഥാപിച്ച് പ്രവര്‍ത്തിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. (CCEO.cc. 1066, 1086-1087; CIC.cc.1419-1421). നിയമ നിര്‍മ്മാണത്തിനും നീതി നിര്‍വ്വഹണത്തിനും ഭരണ നിര്‍വ്വഹണത്തിനുമുള്ള അധികാരം സഭയില്‍ മെത്രാന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ട് പൊതുനിയമം വഴി സംവരണം ചെയ്യപ്പെടാത്ത എല്ലാ കേസ്സുകളും കൈകാര്യം ചെയ്യാനുള്ള അധികാരം രൂപതയില്‍ മെത്രാനാണ് (CCEO.c.1066/1; CIC.c.1419/1). തന്നില്‍ നിക്ഷിപ്തമായിട്ടുള്ള നീതിനിര്‍വ്വഹണാധികാരം മെത്രാന് സ്വന്തം നിലയിലോ മറ്റുള്ളവര്‍ വഴിയോ നിയമം അനുശാസിക്കുന്നതിന് അനുസൃതമായി നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ ഓരോ രൂപതയിലും കേസ്സുകളില്‍ വിധിതീര്‍പ്പ് കല്‍പ്പിക്കാനുള്ള ഉദ്യോഗ സഹജമായ അധികാരത്തോട് കൂടിയ ഒരു ജുഡീഷ്യല്‍ വികാരിയെ നിയമിക്കണമെന്ന് സഭാനിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മെത്രാന്‍ തനിക്കായി സംവരണം ചെയ്യാത്ത എല്ലാ കേസ്സുകളും കൈകാര്യം ചെയ്യാനുള്ള അധികാരം ജുഡീഷ്യല്‍ വികാരിക്ക് ഉണ്ടായിരിക്കും. രൂപതാ കോടതിയുടെ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ വികാരിയെക്കൂടാതെ ജഡ്ജിമാര്‍, നീതി സംരക്ഷകന്‍ (Promoter of Justice), വിവാഹബന്ധ സംരക്ഷകന്‍ (Defender of the Bond), നോട്ടറി (Notary) എന്നിവരാണ് സഭാകോടതിയിലെ മറ്റ് ഉദ്യോഗസ്ഥര്‍.

വിവാഹബന്ധസംരക്ഷകനും സഭാകോടതിയും

വിവാഹത്തിന്റെ സാധുതയ്ക്കുവേണ്ടി എല്ലായ്‌പ്പോഴും നില കൊള്ളുന്ന സഭാകോടതിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണ് വിവാഹബന്ധ സംരക്ഷകന്‍. വിവാഹബന്ധം വേര്‍പെടുത്തുന്നതി നുവേണ്ടി കേസിലെ വാദി (Petitioner) ഉന്നയിച്ചിരിക്കുന്ന കാരണങ്ങളുടെ സത്യാവസ്ഥ സംശയാതീതമായി തെളിയിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കി ജഡ്ജിവഴി കേസിലെ കക്ഷികളോടും സാക്ഷികളോടും ചോദിക്കുന്നതിന് വിവാഹബന്ധ സംരക്ഷകന് കഴിയും. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ കേസ് സംബന്ധമായ എല്ലാ രേഖകളും പരിശോധിച്ച് തന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും എഴുതി അദ്ദേഹം കോടതിയില്‍ സമര്‍പ്പിക്കും.

വിവാഹത്തിന്റെ സാധുതയ്ക്ക് അനുകൂലമായ എല്ലാ തെളിവുകളും ഹാജരാക്കുകയെന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ വിവാഹകേസുകളില്‍ വിവാഹബന്ധ സംരക്ഷകന്റെ ഉത്തരവാദിത്വം വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹം ഇല്ലാതെ വിവാഹക്കേസിന്മേല്‍ ജഡ്ജി വിധി തീര്‍പ്പ് നടത്തിയാല്‍ അത് അപരിഹാര്യമായ വിധം അസാധുവായിരിക്കുകയും ചെയ്യും (CCEO.c.1097; CIC.c.1433). വിവാഹബന്ധ സംരക്ഷ കന്റെ ഉത്തരവാദിത്വം ലഘൂകരിച്ച് കാണുന്ന പ്രവണത പല രൂപതാ കോടതികളിലും ദൃശ്യമാണ്. മുഖം നോക്കാതെയുള്ള നീതി നിര്‍വ്വഹണത്തിന് ഇത് തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

വിവാഹബന്ധ സംരക്ഷകന്റെ സാന്നിധ്യം എപ്പോഴെല്ലാം

വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്തു കൊണ്ട് സഭാകോടതിയില്‍ കേസുകള്‍ ഉത്ഭവിക്കുമ്പോഴും (nullity cases) വിവാഹത്തില്‍ നിന്ന് ഒഴിവുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേസുകള്‍ (Dissolution cases) ഉണ്ടാകുമ്പോഴും വിവാഹബന്ധത്തെ സംരക്ഷിക്കുവാന്‍ മെത്രാന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് വിവാഹബന്ധ സംരക്ഷകന്‍. ഓരോ രൂപതയിലും വിവാഹബന്ധ സംരക്ഷകനായി ഒരാളെ യെങ്കിലും മെത്രാന്‍ നിയമിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിവാഹത്തിന്റെ അസാധുതയ്ക്കും വേര്‍പെടുത്തലിനുമെതിരായി യുക്തിപൂര്‍വ്വം ഉന്നയിക്കാവുന്ന എല്ലാ കാരണങ്ങളും ഉന്നയിക്കുവാനും വിശദീകരിക്കുവാനും ഉദ്യോഗത്താല്‍ത്തന്നെ (bound by office)  വിവാഹബന്ധസംരക്ഷകന് കടമയുണ്ട് (CCEO.c.1096; CIC.c.1432).

അല്‍പം ചരിത്രം

പതിനെട്ടാം നൂറ്റാണ്ടുവരെ സഭാകോടതിയില്‍ വിവാഹബന്ധ സംരക്ഷകന്‍ എന്ന ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നില്ല. 1741-ല്‍ ബനഡിക്ട് 14-ാമന്‍ മാര്‍പാപ്പായാണ് വിവാഹത്തിന്റെ സാധുതക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധുതക്കോ വേര്‍പെടുത്തലിനോ എതിരായ കാരണങ്ങള്‍ യുക്തി പൂര്‍വ്വം ഉന്നയിക്കുവാനും വിശദീകരിക്കുവാനും അങ്ങനെ വിവാഹബന്ധം സംരക്ഷിക്കുവാനുമായി ‘വിവാഹബന്ധ സംരക്ഷകനെ’ സഭാ കോടതികളില്‍ നിയമിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. വിവാഹ കേസുകളുടെ നടപടിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ഇദ്ദേഹം പങ്കെടുക്കേണ്ടതാണെന്നും മാര്‍പാപ്പാ നിര്‍ദ്ദേശിച്ചു. വിവാഹ കേസുകളില്‍ ഒരേ തരത്തിലുള്ള രണ്ടു വിധി ന്യായ ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് (Either two affirmative or two negative decisions) കോടതി പരിഗണിച്ച കേസ് പൂര്‍ണ്ണമാകുന്നതെന്ന് നിശ്ചയം ചെയ്തതും ബനഡിക്ട് 14-ാമന്‍ മാര്‍പാപ്പായായിരുന്നു.

സഭയുടെ വിവിധതലങ്ങളിലുള്ള കോടതികളില്‍ വിവാഹകേസ്സുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവാഹബന്ധസംരക്ഷകന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കാന്‍ ബനഡിക്ട് 14-ാമന്‍ പാപ്പയെ പ്രേരിപ്പിച്ച് കാരണങ്ങള്‍ പലതാണ്. ചില രൂപതാകോടതികളില്‍ ജഡ്ജിമാര്‍ കേസ്സുകള്‍ അവധാനപൂര്‍വ്വം പഠിക്കാതെയും സഭാനിയമങ്ങള്‍ വേണ്ടത്ര ഗ്രഹിക്കാതെയും ധൃതഗതിയില്‍ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുന്ന പ്രവണത ഉണ്ടായിരുന്നു. ഇതുവഴി സാധുവായി നടത്തപ്പെട്ട പല വിവാഹങ്ങളും അസാധുവായി പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. സഭാകോടതിയില്‍ വിവാഹക്കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവാഹബന്ധ സംരക്ഷകന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുവാന്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. വിവാഹക്കേസുകളില്‍ ഒരു സമതുലിതാവസ്ഥ പാലിക്കുവാനും വിവാഹബന്ധ സംരക്ഷകന്‍ ആവശ്യമാണ്. ഇതുവഴി കേസ്സിന്റെ നാനാവശങ്ങള്‍ മനസ്സിലാക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ജഡ്ജിക്ക് കഴിയും.

കോടതി വിധികളുടെ സ്വഭാവം

വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണല്ലോ സാധാരണയായി സഭാ കോടതികളില്‍ കേസുകള്‍ ഉത്ഭവിക്കുന്നത്. ഇത്തരം കേസുകളിന്മേല്‍ കോടതി നടപടിക്രമം അനുസരി ച്ചുള്ള തെളിവെടുപ്പ് നടത്തി നല്‍കുന്ന വിധി ഒന്നുകില്‍ കേസ്സിലെ വാദിക്ക് അനുകൂലമാകും (Affirmative decision). അതായത്, കോടതി പരിഗണിച്ച വിവാഹം ആരംഭത്തിലേ അസാധുവായിരുന്നു എന്ന വിധി. അല്ലെങ്കില്‍ കേസ്സിലെ വാദിക്ക് പ്രതികൂലമാകും (Negative decision). അതായത്, കോടതി പരിഗണിച്ച വിവാഹം ആരംഭത്തിലെ സാധു വായിരുന്നു. അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്താനാവില്ലെന്ന വിധി. കോടതി പരിഗണിച്ച വിവാഹം സംബന്ധിച്ച കേസ് പൂര്‍ണ്ണമാക ണമെങ്കില്‍ പ്രസ്തുത കേസ്സിന്മേല്‍ സമാന്തരമായ രണ്ട് വിധിന്യാ യങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് നാം കണ്ടുവല്ലോ. അതായത്, വിവാഹത്തിന്റെ അസാധുത ആദ്യം പ്രഖ്യാപിച്ച വിധി അപ്പീല്‍ കോടതിയില്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ കേസ്സിലെ കക്ഷികള്‍ക്ക് (മറ്റ് കാനോനിക വിലക്കുകള്‍ ഇല്ലെങ്കില്‍) സഭയില്‍ പുനര്‍ വിവാഹം സാധിക്കുകയുള്ളൂ.

വിവാഹം സാധുവാണ് എന്നാണ് ആദ്യത്തെ കോടതിയുടെ (court of first instance) വിധിന്യായമെങ്കില്‍ ആദ്യം പ്രഖ്യാപിച്ച വിധി അപ്പീല്‍ തലത്തില്‍ മറ്റൊരു വിധിന്യായത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടാല്‍ വിവാഹം സാധുവായി നിലനില്‍ക്കും. കേസ്സിലെ കക്ഷികള്‍ക്ക് സഭയില്‍ പുനര്‍വിവാഹം സാധിക്കുകയുമില്ല.
വിവാഹബന്ധ സംരക്ഷകന്റെ നിയമനങ്ങളും യോഗ്യതകളും
തികഞ്ഞ സത്കീര്‍ത്തിയുള്ള ക്രൈസ്തവ വിശ്വാസികളും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റോ, ലൈസന്‍ഷ്യേറ്റോ ഉള്ളവരേയുമാണ് വിവാഹബന്ധ സംരക്ഷകരായി നിയമിക്കേണ്ടത് (CCEo.c. 1099/2; CIC.c.1435). സഭാകോടതിയിലെ അദ്ധ്യക്ഷനേയും ജഡ്ജിമാ രേയും നിശ്ചിതകാലയളവിലേക്കാണ് സാധാരണയായി നിയമിക്കേണ്ടതെങ്കിലും (CCEo.c. 1088/1; CIC.c.1422) വിവാഹബന്ധ സംരക്ഷകന്റെ നിയമനം നിശ്ചിത കാലയളവിലേക്കായിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല (CCEo.c.1096; CIC.c.1432). വിവാഹബന്ധ സംരക്ഷകനെ സഭാകോടതിയിലെ, വിവാഹത്തെ സംബന്ധിച്ചുള്ള എല്ലാ കേസുകള്‍ക്കും വേണ്ടിയോ ഓരോ കേസ്സിനും വേണ്ടിയോ നിയമിക്കാവുന്നതാണ് (CCEo.c.1102/2; CIC.c. 1436/2). നിയമനമെല്ലാം രേഖാമൂലം ആയിരിക്കുകയും വേണം. തക്ക കാരണമുണ്ടെങ്കില്‍ വിവാഹബന്ധ സംരക്ഷകനെ മെത്രാന് നീക്കം ചെയ്യാവുന്നതുമാണ്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കണം

സഭാകോടതിയിലെ മറ്റ് ഉദ്യോഗസ്ഥരെ പോലെ വിവാഹബന്ധ സംരക്ഷകനും സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരിക്കും ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് (CCEo.c.1112; CIC.c.1454). കോടതിയിലെ മറ്റ് ഉദ്യോഗസ്ഥരെപ്പോലെ ഇദ്ദേഹവും നടപടിക്രമത്തിലെ ഏതെങ്കിലും പ്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍ കക്ഷികള്‍ക്ക് ദോഷകരമായിത്തീരുമെന്നു വന്നാല്‍ രഹസ്യം പാലിക്കാന്‍ കടപ്പെട്ടവനാണ് (CCEo.c.1113; CIC.c.1455/1). കേസിലെ കക്ഷികളുടെ സത്‌പേര് സംരക്ഷിക്കുന്നതിനും ഉതപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണിത്. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഉപകാരം സ്വീകരിക്കുന്നതും നിയമം മൂലം നിരോധിച്ചിരിക്കുകയാണ് (CCEo.c.1114; CIC.c.1456).

വിവാഹബന്ധസംരക്ഷകന്റെ ഉത്തരവാദിത്വങ്ങള്‍

വിവാഹബന്ധ സംരക്ഷകന്റെ ഉദ്യോഗത്താല്‍ തന്നെയുള്ള ഉത്തരവാദിത്വങ്ങള്‍ നാം കാണുകയുണ്ടായി. വിവാഹത്തിന്റെ അസാധുതയ്ക്കും വേര്‍പെടുത്തലിനുമെതിരായി യുക്തിപൂര്‍വ്വകമായ വിധം ഉന്നയിക്കാവുന്ന എല്ലാ കാരണങ്ങളും കോടതി മുന്‍പാകെ അവതരിപ്പിക്കുവാനും വിശദീകരിക്കുവാനുമുള്ള ഉത്തരവാദിത്വം അദ്ദേഹത്തി നുണ്ട്. സത്യത്തെ വളച്ചൊടിച്ച് അവതരിപ്പിക്കണമെന്നല്ല ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. സഭാകോടതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും ലക്ഷ്യം പരിഗണനയിലിരിക്കുന്ന കേസ്സിന്റെ സത്യാവസ്ഥ കണ്ടെത്തുകയാണല്ലോ. അതായത്, കോടതി പരിഗണിക്കുന്ന വിവാഹം സാധുവായിട്ടാണോ, അസാധുവായിട്ടാണോ നടത്തപ്പെട്ടത് എന്ന് സ്ഥാപിക്കണം (John Paul II, Allocution to Roman Rota on 4th February 1980).

വിവാഹബന്ധസംരക്ഷകന് വിവാഹം അസാധുവാണെന്ന് സ്ഥാപിക്കാമോ?
സഭാകോടതിയില്‍ വിവാഹത്തിന്റെ സാധുത സംരക്ഷിക്കുന്നതിനുവേണ്ടി നിയമിതനായിരിക്കുന്ന വ്യക്തിക്ക് സഭാകോടതി പരിഗണിക്കുന്ന വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ യാതൊരു അധികാരവുമില്ല. കോടതി പരിഗണിക്കുന്ന വിവാഹം സാധുവായിരുന്നോ അല്ലയോ എന്ന് സ്ഥാപിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതും വിവാഹബന്ധസംരക്ഷകന്റെ ഉത്തരവാദിത്വമല്ല, മറിച്ച് കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടേതാണ്. വിവാഹത്തിന്റെ അസാധുതയ്ക്കും വേര്‍പെടുത്തലിനും എതിരായി യുക്തിപൂര്‍വ്വകമായ വിധം എല്ലാ കാരണങ്ങളും ഉന്നയിക്കുവാനും വിശദീകരിക്കുവാനും ഉദ്യോഗത്താല്‍ തന്നെ വിവാഹബന്ധസംരക്ഷകന്‍ കടപ്പെട്ടിരിക്കുന്നു (CCEo.c.1096; CIC.c.1432). അദ്ദേഹം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിവാഹം അസാധുവാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്നത് എത്രമാത്രം നിരുത്തരവാദിത്വപരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം മേലുദ്ധരിച്ച കാനോനകളുടെ വെളിച്ചത്തില്‍ പരിശോധിക്കാം.

1. ഉദ്യോഗത്താല്‍ തന്നെ (Bound by Office)

ഉദ്യോഗത്താല്‍ തന്നെ എന്നതുകൊണ്ട് വിവാഹബന്ധ സംരക്ഷകന് വേണമെങ്കില്‍ എന്നല്ല, മറിച്ച് അദ്ദേഹം നിര്‍ബന്ധമായും ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നാണ് മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്റെ ഉദ്യോഗത്തിന്റെ കാതലായ ദൗത്യമാണിത്. ഈ ദൗത്യ നിര്‍വ്വഹണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനോ, അദ്ദേഹത്തിന് ഒഴിഞ്ഞുമാറുവാനോ ആവില്ല. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ഇപ്രകാരമൊരു ഉദ്യോഗസ്ഥനെ എല്ലാ രൂപതകളിലും നിയമിച്ചിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

2. എതിര്‍ ന്യായങ്ങള്‍ ഉന്നയിക്കുകയും വിശദീകരിക്കുകയും ചെയ്യുക (Propose and clarify)

സഭാകോടതി പരിഗണിക്കുന്ന വിവാഹത്തിന്റെ അസാധുതക്കെതിരെ കണ്ടെത്താവുന്ന ന്യായങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, വിശദീകരിക്കുകകൂടി ചെയ്യാന്‍ വിവാഹബന്ധസംരക്ഷകന് ഉത്തരവാദിത്വമുണ്ട്. കേസ്സിന്റെ വിസ്താരവേളയില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ കോടതി നടപടികളില്‍ (Acts of the case) രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താനും അദ്ദേഹത്തിന് കഴിയും. വിസ്താരം നടക്കുന്ന അവസരത്തില്‍ കക്ഷിയോടോ സാക്ഷിയോടോ എന്തെങ്കിലും ചോദി ക്കാനുണ്ടെങ്കില്‍ ജഡ്ജി വഴി അത്തരം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ് (CCEo.c.1242; CIC.c.1561).

3. വിവാഹത്തിന്റെ അസാധുതക്കെതിരെ യുക്തിപൂര്‍വ്വം ഉന്നയിക്കാവുന്നതെല്ലാം (Everything which can be adduced)

വിവാഹത്തിന്റെ അസാധുതക്കെതിരെ ഏറെ ഗൗരവമായതൊന്നും ഉന്നയിക്കുവാനില്ലെങ്കിലും, വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നത് തടയാന്‍ പര്യാപ്തമല്ലെങ്കിലും, വിവാഹബന്ധസംരക്ഷകന്‍ അവ ഉന്നയിക്കുകയും വിശദീകരിക്കുകയും വേണം. കേസിലെ കക്ഷികളേയും സാക്ഷികളേയും നിയമാനുസൃതം വിസ്തരിച്ചോ എന്നും, വിദഗ്ധരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിധം, അവയുടെ ആധികാരികത, കേസ്സിലെ കക്ഷികള്‍ക്ക് പ്രത്യേകിച്ച് എതിര്‍കക്ഷിക്ക് (Respondent) തന്റെ ഭാഗം അവതരിപ്പിക്കുവാനുള്ള അവസരവും സമയവും ലഭിച്ചോ തുടങ്ങിയ കാര്യങ്ങളെല്ലാം വിവാഹബന്ധ സംരക്ഷകന്‍ പരിശോധിക്കണം. സാക്ഷികളെ കോടതിയില്‍ ഹാജരാക്കുവാനും അവരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെടാനും, വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുവാനും, കക്ഷികളോ സാക്ഷികളോ നല്‍കിയ ചില മൊഴികളുടെ സത്യാവസ്ഥ ഉറപ്പു വരുത്താനും വിവാഹബന്ധ സംരക്ഷകന് ജഡ്ജിയോട് ആവശ്യപ്പെടാം.

തെറ്റായതും കെട്ടിച്ചമച്ചതുമായ തെളിവുകളല്ല, മറിച്ച് യുക്തി പൂര്‍വ്വകമായ തെളിവുകളായിരിക്കണം വിവാഹബന്ധ സംരക്ഷകന്‍ ഉന്നയിക്കേണ്ടത്. കോടതി പരിഗണിക്കുന്ന കേസ്സിന്റെ സത്യാവസ്ഥ കണ്ടെത്തുക എന്നതായിരിക്കണം അദ്ദേഹത്തിന്റേയും ലക്ഷ്യം.

ചുരുക്കത്തില്‍, വിവാഹത്തിന്റെ അസാധുതക്കെതിരായുള്ള വാദമുഖങ്ങളാണ്, അല്ലാതെ സാധുതക്കെതിരായുള്ള വാദമുഖങ്ങളല്ല വിവാഹബന്ധ സംരക്ഷകന്‍ കണ്ടെത്തേണ്ടതും അവതരിപ്പിക്കേണ്ടതും. ചില സന്ദര്‍ഭങ്ങളില്‍ കേസിന്റെ എല്ലാവശവും പരിശോധിച്ച ശേഷം അസാധുതക്കെതിരെ തനിക്ക് പ്രത്യേകിച്ചൊന്നും ഉന്ന യിക്കുവാനില്ലെന്ന് പറയേണ്ടി വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഇത്ത രത്തിലുള്ള കേസുകള്‍ ഉണ്ടാവുക സാധാരണമല്ലെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. മേല്‍പറഞ്ഞ സാഹചര്യങ്ങളിലും വിവാഹബന്ധ സംരക്ഷകന്റേയും ജഡ്ജിയുടേയും ഉത്തരവാദിത്വങ്ങള്‍ തമ്മില്‍ ചിന്താകുഴപ്പം ഉണ്ടാകുവാന്‍ പാടില്ല. ‘വിവാഹം അസാധുവാണെന്നതിന് മതിയായ തെളിവുകളുണ്ടെന്നും തന്മൂലം കോടതി പരിഗണിക്കുന്ന വിവാഹം അസാധുവാണെന്നുമുള്ള’ വിവാഹബന്ധ സംരക്ഷകന്റെ അഭിപ്രായ പ്രകടനം അജ്ഞതയുടെ തെളിവും ചുമതലയുടെ ദുര്‍വിനിയോഗവുമാണ് (H.F Doogan, Catholic Tribunals: Marriage Annulment and Dissolution, Newtown, 1991, P.8).

ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന രണ്ടാമത്തെ ചോദ്യം വിവാഹബന്ധ സംരക്ഷകന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിക്ക് തുടര്‍ന്നും ഉപകാരപ്രദമായ തെളിവുകള്‍ ലഭിക്കുവാനുള്ള സാദ്ധ്യത ഉണ്ടായിരിക്കേ കേസ് അവസാനിപ്പിച്ച് വിവാഹം അസാധുവാണെന്ന് വിധി പ്രസ്താവി ക്കാമോ എന്നതാണ്. സഭാകോടതിയിലെ ജഡ്ജിക്ക് ഇപ്രകാരം ചെയ്യാന്‍ പാടില്ല. കോടതി പരിഗണിക്കുന്ന കേസ് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പ് വരുമ്പോഴാണ് വിവാഹം അസാധു വായിരുന്നുവെന്ന് ജഡ്ജി വിധി പ്രസ്താവിക്കേണ്ടത്. കേസിന്റെ ഏത് ഘട്ടത്തിലും ഉപകാരപ്രദമെന്ന് തോന്നുന്ന പക്ഷം വിശേഷാലുള്ള തെളിവുകള്‍ ഔദ്യോഗികമായി ത്തന്നെ ശേഖരിക്കുവാനും ജഡ്ജിക്ക് ഉത്തരവാദിത്വമുണ്ട് (CCEo.c. 1101/1; CIC.c.1452/1).
ചുരുക്കത്തില്‍ വിധിയിലൂടെ തീര്‍പ്പ് കല്‍പ്പിക്കേണ്ട കാര്യത്തെ ക്കുറിച്ച് ജഡ്ജിക്ക് ധാര്‍മ്മികമായ ബോദ്ധ്യം ഉണ്ടായിരുന്നാല്‍ മാത്രമേ വിധി പുറപ്പെടുവിക്കാനാവുകയുള്ളൂ. ഈ ധാര്‍മ്മിക ബോദ്ധ്യം ഉണ്ടാകേണ്ടത് കേസിലെ തെളിവുകളില്‍ നിന്നും നടപടികളില്‍ നിന്നുമാണ് (CCEo.c.1291; CIC.c.1608). അല്ലാതെ വിവാഹബന്ധ സംര ക്ഷകന്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലല്ല ഈ ധാര്‍മ്മികമായ ഉറപ്പ് ഉണ്ടാകേണ്ടത്.

മേല്‍വിവരിച്ച വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ വിവാ ഹബന്ധസംരക്ഷകന്‍ അദ്ദേഹത്തിന്റെ അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതെന്ന് വ്യക്തമാണല്ലോ. ജഡ്ജിയുടെ ഉത്തരവാദിത്വം വിവാഹബന്ധ സംരക്ഷകന്‍ ഏറ്റെടുക്കാന്‍ പാടില്ല. വിവാഹ ബന്ധ സംരക്ഷകന്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലല്ല കേസ്സില്‍ ജഡ്ജി തീര്‍പ്പ് കല്‍പ്പിക്കേണ്ടതും.

ഡോ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.