അപരിചിതനായ വൈദികന്‍ കുര്‍ബ്ബാനയര്‍പ്പിക്കാന്‍ വരുമ്പോള്‍

ഫാ ജോസ് ചിറമേൽ

ഞാന്‍ ഒരു ഇടവക വികാരിയാണ്. തീര്‍ത്തും അപരിചിതനായൊരു വൈദികന്‍ ഒരു ഞായറാഴ്ച രാവിലെ എന്നെ സമീപിച്ച് അദ്ദേഹത്തിന് ഞായറാഴ്ച കുര്‍ബ്ബാനയില്‍ എന്നോടൊപ്പം സഹകാര്‍മ്മികനാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. ഒരു ഇടവക വികാരിയെന്ന നിലയില്‍ ഞാന്‍ എന്ത് നിലപാട് സ്വീകരിക്കണം? ഞായറാഴ്ച കുര്‍ബ്ബാന യില്‍ എന്നോടൊപ്പം ബലിയര്‍പ്പിക്കാന്‍ തീര്‍ത്തും അപരിചിതനായ വൈദികനെ അനുവദിക്കാമോ?

ഫാ. ജോസ് തെക്കിനേത്ത്, കൊച്ചി

പൗരോഹിത്യം പവിത്രമായ ഒരു കൂദാശയാണ്. ശ്ലീഹന്മാരുടെ പിന്തുടര്‍ച്ചക്കാരായ മെത്രാന്മാരുടെ കൈയൊപ്പുവഴി പൗരോഹിത്യം സ്വീകരിച്ചവര്‍ക്ക് മാത്രമേ വിശുദ്ധകുര്‍ബാനയര്‍പ്പിക്കാന്‍ അധികാരമുള്ളൂ. എന്നാല്‍ അപരിചിതനായ ഒരു വൈദികനെ കുര്‍ബ്ബാനയര്‍പ്പണത്തിന് അനുവദിക്കുമ്പോള്‍ ഗൗരവമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ലത്തീന്‍ നിയമസംഹിതയില്‍ (Code of Canon Law) വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൗരസ്ത്യനിയമ സംഹിതയില്‍ വിശദമായ പ്രതിപാദനങ്ങളൊന്നും കാണുന്നില്ല. എങ്കിലും ലത്തീന്‍ നിയമസംഹിതയിലെ ഇതുസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഏതു സ്വയാധി കാരസഭയിലെ (Churches Sui Juris) വൈദികര്‍ക്കും ബാധകമാക്കാവുന്നതാണ്.

പരിചയപ്പെടുത്തല്‍രേഖ ഹാജരാക്കണം

ലത്തീന്‍നിയമം വിഭാവനം ചെയ്യുന്നതനുസരിച്ച് അപരിചിതനായ വൈദികനെ ബലിയര്‍പ്പണത്തിന് അനുവദിക്കണമെങ്കില്‍ അദ്ദേഹം തന്റെ രൂപതാദ്ധ്യക്ഷന്റേയോ, സന്യാസവൈദികനാണെങ്കില്‍ ബന്ധപ്പെട്ട അധികാരിയുടേയോ പരിചയപ്പെടുത്തല്‍ രേഖ ( Letter of recommendation) ഹാജരാക്കണം. ഈ രേഖ യെ’Celebret’ എന്നാണ് പറയുക. ഇത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകാന്‍ പാടില്ല. ഇത് വൈദികര്‍ക്ക് നല്‍കുന്നത് രൂപതാദ്ധ്യക്ഷനാണ്. സന്യാസവൈദികര്‍ക്ക് അവരുടെ സ്ഥലത്തെ മേലദ്ധ്യക്ഷനോ, മേജര്‍ സുപ്പീരിയര്‍ക്കോ സ്ഥലത്തെ അധികാരിക്കോ ഈ രേഖ നല്‍കാവുന്നതാണ്.
ഈ വൈദികന്‍ ഏത് വര്‍ഷമാണ് പൗരോഹിത്യം സ്വീകരിച്ചതെന്നും ഇപ്പോഴും രൂപതയില്‍ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നയാളാണെന്നും വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണത്തില്‍ നിന്നും ഇദ്ദേഹത്തെ തടയാവുന്നയാതൊരു പ്രശ്‌നങ്ങളുമില്ലായെന്നും വ്യക്തമാക്കുന്ന രേഖയാണ് ‘സെലിബ്രറ്റ്’ (‘Celebret’)   വൈദികന്‍ നിയമാനുസൃതം കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ട ആളല്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ രേഖ. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഈ രേഖ ആവശ്യപ്പെടാറില്ല. വൈദികന്‍ അപരിചിതനാണെങ്കിലും കൂദാശകളുടെ പരികര്‍മ്മത്തില്‍ നിന്ന് തടയപ്പെട്ടിട്ടില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ഈ തിരിച്ചറിയല്‍ രേഖ ഇല്ലാതെയും വി. കുര്‍ബാനയര്‍പ്പിക്കാന്‍ അനുവദിക്കാവുന്നതാണ്.

കൂദാശകളുടെ പരികര്‍മ്മം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍

താഴെ പറയുന്ന സാഹചര്യങ്ങളില്‍ വൈദികര്‍ക്ക് കൂദാശകളുടെ പരികര്‍മ്മം നിഷേധിക്കപ്പെടുന്നതാണ്:
1. സാധുവായും നിയമാനുസൃതമായും തിരുപ്പട്ടം സ്വീകരിക്കുന്നതിന് സഭ നിര്‍ദ്ദേശിച്ചിട്ടുള്ള തടസ്സ ങ്ങള്‍ നിലനില്‍ക്കെ, നിയമവിരുദ്ധമായി തിരുപ്പട്ടം സ്വീകരിക്കുക. വിശ്വാസത്യാഗം, പാഷണ്ഡത, ശീശ്മ എന്നീ തെറ്റുകളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. തിരുപ്പട്ടസ്വീകരണസമയത്ത് ഇക്കാര്യങ്ങള്‍ രഹസ്യ മായിരുന്നിരിക്കാം. ആരും ഇതേപ്പറ്റി അറിഞ്ഞിട്ടുണ്ടാകുകയുമില്ല. എന്നാല്‍ തിരുപ്പട്ട സ്വീകരണത്തിനു ശേഷം ഇവ പരസ്യമാവുകയാണെങ്കില്‍ തിരുപ്പട്ടത്തിന്റെ വിനിയോഗം തടയപ്പെടാം;
2. നിലവിലുള്ള വിവാഹബന്ധമോ, തിരുപ്പട്ടമോ, പരസ്യ നിത്യബ്രഹ്മചര്യ വ്രതമോ വഴി വിവാഹത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടസ്സപ്പെട്ടിരിക്കുന്ന അവസരത്തില്‍ വിവാഹം നടത്തുക;
3. സാധുവായ വിവാഹബന്ധം അല്ലെങ്കില്‍ ഇതേ തരത്തിലുള്ള വ്രതമോ ഉള്ള സ്ത്രീയുമായി വിവാഹം നടത്തുവാന്‍ (സിവിള്‍ വിവാഹം ആണെങ്കില്‍പ്പോലും) ശ്രമിക്കുക;
4. മനപ്പൂര്‍വ്വം നരഹത്യയോ ഗര്‍ഭഛിദ്രമോ നടത്തുകയോ ഇവയിലേതിലെങ്കിലും വ്യക്തമായി സഹകരിക്കുകയോ ചെയ്യുക;
5. തന്നെത്തന്നെയോ മറ്റൊരാളെയോ ഗുരുതരമായും ദുരുദ്ദേശ്യപരമായും അംഗഭംഗപ്പെടുത്തു കയോ ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്യുക.
6. മെത്രാന്‍ പട്ടമോ വൈദികപട്ടമോ ഉള്ളവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കര്‍മ്മം തനിക്ക് പ്രസ്തുത പട്ടം ഇല്ലാതിരുന്നപ്പോഴോ കാനോനിക ശിക്ഷയാല്‍ താന്‍ അതിന്റെ വിനിയോഗത്തില്‍ നിന്ന് വിലക്കപ്പെട്ടിരുന്നപ്പോഴോ ചെയ്തിട്ടുള്ളവരേയും തിരുപ്പട്ടങ്ങളുടെ വിനിയോഗത്തില്‍ നിന്ന് തടയാവുന്നതാണ് (CIC.C.1044; CCEO. C.763).

അന്യസ്ഥലത്ത് കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍

മേല്‍പ്പറഞ്ഞ തടസ്സങ്ങളൊന്നുമില്ലാത്ത വൈദികര്‍ക്ക് തിരുപ്പട്ടത്തിന്റെ വിനിയോഗത്തിന് തടസ്സമില്ലെന്ന് വ്യക്തമാണ്. എന്നാല്‍ അന്യസ്ഥലത്ത് കുര്‍ബ്ബാനയര്‍പ്പണത്തിന് ആവശ്യപ്പെടുന്ന വൈദികന് തിരുപ്പട്ടത്തിന്റെ വിനിയോഗത്തിന് തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന് സഹായിക്കുന്ന രേഖയാണ് ‘Celebret’.

പ്രൈവറ്റായി കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍

അപരിചിതനായ വൈദികന്‍ പ്രൈവറ്റായി ബലിയര്‍പ്പിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളുവെങ്കില്‍ തിരിച്ചറിയല്‍ രേഖ നിഷ്‌ക്കര്‍ഷിക്കേണ്ടതില്ല. ഇത് അത്ര പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടണമെന്നില്ല എന്നര്‍ത്ഥം. എന്നാല്‍ ആ വൈദികന്‍ തികച്ചും അപരിചിതനും സംശയാസ്പദമായ ചുറ്റുപാടുകളുണ്ടെന്ന് വികാരിക്ക് തോന്നുകയും ചെയ്യുന്ന പക്ഷം ആവശ്യമായ അന്വേഷണം നടത്തി ബലിയര്‍പ്പണത്തിന് തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

പരിപൂര്‍ണ്ണത പ്രാപിക്കാന്‍ പുരോഹിതര്‍ കടപ്പെട്ടവരാണ്

ക്രിസ്തു തന്റെ ശിഷ്യര്‍ക്കായി നിര്‍ദ്ദേശിച്ച പരി പൂര്‍ണ്ണത പ്രാപിക്കാന്‍ പുരോഹിതര്‍ പ്രത്യേക വിധത്തില്‍ കടപ്പെട്ടവരാണ്. ദൈവജനസേവനത്തിനായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതല്‍ ഉത്തമങ്ങളായ ഉപകരണങ്ങളായി തീരുന്നതിനും അജഗണത്തിന് ശ്രേഷ്ഠമായ മാതൃകകളായിരിക്കുന്ന തിനുമായി അവര്‍ തിരുപ്പട്ടത്താല്‍ നവമായ രീതിയില്‍ ദൈവത്തിന് കടപ്പെട്ടിരിക്കുന്നവരാണ് (CCEO.C.368). ദൈവവചനത്തില്‍ നിന്നും വി.കുര്‍ബാനയില്‍ നിന്നുമാണല്ലോ ഊര്‍ജ്ജം സ്വീകരിച്ച് ആദ്ധ്യാത്മിക ജീവിതത്തില്‍ അവര്‍ വളരേണ്ടത്. തന്മൂലം എല്ലാദിവസവും വൈദികര്‍ കുര്‍ബാനയര്‍പ്പിക്കണമെന്നാണ് സഭയുടെ ആഗ്രഹം.

വിദേശത്ത് പോകുമ്പോള്‍

സ്വന്തം രാജ്യംവിട്ട് പുറത്തുപോകുമ്പോഴെല്ലാം വൈദികര്‍ തിരിച്ചറിയല്‍രേഖ കൂടെക്കൊണ്ടു പോകേണ്ടതാണ്. വിശുദ്ധനാട് സന്ദര്‍ശിക്കുമ്പോള്‍ കുര്‍ബ്ബാനയര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളിലും റോമാനഗരത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടിവരുമ്പോഴും അതു പോലെ പ്രധാനപ്പെട്ടതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുര്‍ബ്ബാനയര്‍പ്പിക്കേണ്ടിവരുമ്പോഴുമൊക്കെ വൈദികരുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാറുണ്ട്. ഈ രേഖ കൈവശമില്ലാത്തവര്‍ക്ക് മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ കുര്‍ബ്ബാനയര്‍പ്പിക്കാനുള്ള അനുവാദവും നിഷേധിക്കപ്പെടാറുണ്ട്. സ്വന്തം രാജ്യത്തിനുള്ളില്‍ ഇത്തരം തിരിച്ചറിയല്‍ രേഖ പലപ്പോഴും ആവശ്യമായി വരാറില്ലെങ്കിലും അപരിചിതമായ സ്ഥലത്തേക്ക് പോകുമ്പോള്‍ ഈ രേഖ അത്യാവശ്യമാണ്. അപരിചിതരായ വൈദികരുടെ തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ചു ബോദ്ധ്യപ്പെട്ടാല്‍ അവര്‍ക്ക് വി. കുര്‍ബ്ബാനയര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നതാണ് നിയമത്തിന്റെ അന്തസ്സത്ത.

സഹകാര്‍മ്മികന്‍

വി.കുര്‍ബ്ബാനയര്‍പ്പിക്കാനുള്ള അവകാശം വൈദികര്‍ക്ക് ഉണ്ട് എന്ന് പറയുമ്പോള്‍ അത് ഏത് അപരിചിത ദൈവാലയത്തിലും ഞായറാഴ്ച കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികനോടൊപ്പം സഹകാര്‍മ്മികനാവുക എന്ന് അതിനര്‍ത്ഥമില്ല. ചില സാഹചര്യങ്ങളില്‍ അപരിചിതനായ വൈദികനെ സഹകാര്‍മ്മികനാവാന്‍ അനുവദിക്കുന്നതായിരിക്കും, അവരെ ഒറ്റയ്ക്ക് കുര്‍ബാനയര്‍പ്പിക്കുവാന്‍ അനുവദിക്കുന്നതിനേക്കാള്‍ അഭിലഷണീയം. ചില സാഹചര്യങ്ങളില്‍ മറ്റ് ക്രമീകരണങ്ങളും ചെയ്യേണ്ടിവന്നേക്കാം. ഉദാഹരണമായി, കേരളത്തില്‍ നിന്ന് റോമിലെത്തുന്ന വൈദികന് അവിടെയുള്ള സുഹൃത്തുക്കളായ മലയാളികള്‍ക്കുവേണ്ടി സൗകര്യമായ സമയത്ത് മലയാളത്തില്‍ കുര്‍ബ്ബാന യര്‍പ്പിക്കാനായിരിക്കും കൂടുതല്‍ താല്‍പര്യം.

ഇടവക വികാരിയുടെ അവകാശം

ഇവിടെ അപരിചിതനായ വൈദികന്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് സഹകാര്‍മ്മികനാകാനാണ് വികാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അനുവദിക്കാനോ നിരസിക്കാനോ ഇടവകവികാരിക്ക് അവകാശമുണ്ട്. നിരസിക്കുമ്പോള്‍ അതിനുള്ള വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നുമാത്രം. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇത്തരം അഭ്യര്‍ത്ഥനകള്‍ നിരസിക്കുന്നത് പൗരോഹിത്യകൂട്ടായ്മയ്ക്കും സഹകരണത്തിനും ഉപവിക്കും വിരുദ്ധമായ നടപടിയായിരിക്കും (CCEO.C.379;CIC.C.275).

ദൈവശാസ്ത്രപരമായ പ്രാധാന്യം

കൂദാശകള്‍ സഭയുടെ ഔദ്യോഗികാരാധനയാണ്. അതുകൊണ്ട് കൂദാശകളുടെ പ്രത്യേകിച്ച് വി.കുര്‍ബാ നയുടെ പരികര്‍മ്മം സഭയുടെ പ്രവൃത്തി എന്ന നില യില്‍ സാധിക്കുന്നിടത്തോളം ക്രൈസ്തവ വിശ്വാസികളുടെ സജീവഭാഗഭാഗിത്വത്തോടെയായിരി ക്കണമെന്ന് സഭാനിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. (CCEO.C.673; CIC.C.837/2). തന്മൂലം വിശ്വാസികളുടെ സമൂഹത്തില്‍ ബലിയര്‍പ്പിക്കുന്ന വൈദികനോടൊപ്പം സഹകാര്‍മ്മികനായി ബലിയര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്ക് ദൈവശാസ്ത്രപരമായ പ്രാധാന്യമുണ്ട്.

രൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണം.

വൈദികന് വി.കുര്‍ബാനയര്‍പ്പിക്കാനും ദൈവവചനപ്രഘോഷത്തിനും തിരുപ്പട്ടസ്വീകരണത്തിലൂടെ അധികാരം ലഭിക്കുന്നുവെങ്കിലും ഓരോ രൂപതയിലും ഇവയുടെ പരികര്‍മ്മം സംബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പൗരോഹിത്യം സ്വീകരിച്ച വ്യക്തി കൂദാശകളുടെ പരികര്‍മ്മത്തില്‍ നിന്ന് തടയപ്പെട്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ദിവസവും വി. കുര്‍ബാ നയര്‍പ്പിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരു പ്രത്യേക ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി ഇടവകജനത്തിന്റെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അജപാലനക്രമീകരണങ്ങള്‍ മാറ്റി മറിക്കാന്‍ മറ്റ് വൈദികര്‍ക്ക് അവകാശമില്ല. തക്കതായ കാരണങ്ങളുണ്ടെങ്കില്‍ വിശ്വാസിസമൂഹത്തോടൊപ്പം ബലിയര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്യാം.

ഇടവക വികാരിയുടെ ചുമതലകള്‍

ഒരു പ്രത്യേക ഇടവകയിലെ ആത്മാക്കളുടെ സംരക്ഷണം സ്വന്തം ഇടയനെന്നപോലെ ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ള വൈദിക നാണ് ഇടവക വികാരി. കുര്‍ബ്ബാനയര്‍പ്പണത്തിന്റെ സമയക്രമം, ആരാണ് കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ടത്, ആരാണ് വചനപ്രഘോഷണം നടത്തേണ്ടത് എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഇടവക വികാരിക്കുണ്ട്. അജപാലനപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അജഗണങ്ങളുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സമയക്രമം പാലിക്കാതെ ഏറെ നേരം പ്രസംഗം ശീലമാക്കിയിട്ടുള്ളവരും, കുര്‍ബ്ബാനയര്‍പ്പണത്തിന്റെ സമയം അനിയന്ത്രിതമായി നീട്ടിക്കൊണ്ട് പോവുകയും, സ്വന്തം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ മുഷിപ്പിക്കുകയും ചെയ്യുന്ന വരെ തന്റെ ഇടവക ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കാവുന്നതാണ്. ഈ കാര്യങ്ങളെപ്പറ്റി വികാരിക്ക് വ്യക്തമായ അറിവുണ്ടായിരിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുവാന്‍ പാടുള്ളൂ.
ചോദ്യകര്‍ത്താവ് പ്രതിപാദിച്ചിട്ടുള്ള അപരിചിതനായ വൈദികന്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന് തടസ്സങ്ങളുള്ള ആളല്ലാത്തതിനാല്‍ അദ്ദേഹത്തെ സഹകാര്‍മ്മികനായോ, അഥവാ ഏതെങ്കിലും സമയത്ത് സ്വന്തമായി കുര്‍ബാനയര്‍പ്പിക്കാനോ അനുവദിക്കാമെന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നതിന് ഇടവക വികാരിക്ക് കടമയുമുണ്ട്.

ഫാ ജോസ് ചിറമേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.