യാക്കോബായക്കാര്‍ക്ക് ലത്തീന്‍ സഭയില്‍ ചേരാമോ?

ഫാ. ജോസ് ചിറമേല്‍

കത്തോലിക്കാ സഭയുമായി പൂര്‍ണ്ണ കൂട്ടായ്മയിലേയ്ക്ക് വരുന്ന യാക്കോബായ സഭാംഗമായ എനിക്ക് ലത്തീന്‍ സഭയില്‍ ചേരാമോ? എനിക്ക് മലങ്കര കത്തോലിക്കാസഭയിലേ ചേരാന്‍ പാടുള്ളൂ എന്ന് സഭാനിയമം അനുശാസിക്കുന്നുണ്ടോ? ഇതു സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ വിശദീകരിക്കാമോ?

ജേക്കബ് ഡാനിയല്‍, കോതമംഗലം

കത്തോലിക്കാസഭയുടെ പഠനം

കത്തോലിക്കാസഭയുമായി പൂര്‍ണ്ണ കൂട്ടായ്മയിലേയ്ക്കു വരുന്ന, മാമ്മോദിസാ സ്വീകരിച്ച അകത്തോലിക്കര്‍. തങ്ങളുടെ റീത്തു സംരക്ഷിക്കുകയും അനുഷ്ഠി ക്കുകയും ചെയ്യണമെന്നാണ് കത്തോലിക്കാസഭയുടെ പഠനം. അതുകൊണ്ടാണ് കത്തോലിക്കാസഭയില്‍ തങ്ങളുടെ റീത്ത് അനുഷ്ഠിച്ചുപോരുന്ന സ്വയാധികാരസഭയില്‍ (Sui iuris) അംഗമായി ചേരണമെന്ന് സഭ അനുശാസിക്കുന്നത്. തന്മൂലം അന്ത്യോക്യന്‍ റീത്ത് അനുഷ്ഠിച്ചുവരുന്ന യാക്കോബായ സഭാംഗങ്ങള്‍ കത്തോലിക്കാസഭയുമായി പൂര്‍ണ്ണകൂട്ടായ്മയിലേയ്ക്ക് വരുമ്പോള്‍ അതേ റീത്തില്‍പെട്ട സ്വയാധികാരസഭയിലാണ് ചേരേണ്ടത്. കത്തോലിക്കാസഭ, കൂട്ടായ്മയില്‍ അന്ത്യോക്യന്‍ റീത്ത് അനുഷ്ഠിച്ചു വരുന്ന ഭാരതത്തിലെ സ്വയാധികാരസഭ മലങ്കര സഭയാണല്ലോ.

അല്പം ചരിത്രം

മാമ്മോദിസ സ്വീകരിച്ച അകത്തോലിക്കര്‍ കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ അനുവര്‍ത്തിക്കേണ്ട പൊതുനിയമം മേല്‍ പ്രസ്താവിച്ചതാണെങ്കിലും ചില പ്രായോഗിക തീരുമാനങ്ങള്‍ ഇതിന് അപവാദമായി നേരത്തെ ഉണ്ടായിട്ടുണ്ട്. വിശ്വാസ പ്രചാരണത്തിനായുള്ള (Congregation for the propagation of the faith) വത്തിക്കാന്‍ കാര്യാലയത്തിന്റെ 1838 നവമ്പര്‍ 20-ാം തീയതി പുറപ്പെടുവിച്ച ഡിക്രി യില്‍ മാമ്മോദിസ സ്വീകരിച്ച പൗരസ്ത്യ അകത്തോലിക്കാസഭാവിശ്വാസികള്‍ക്ക് കത്തോലിക്കാ സഭയിലേയ്ക്ക് വരുമ്പോള്‍ കത്തോലിക്കാസഭാ കൂട്ടായ്മയിലെ ഏതു പൗരസ്ത്യ സ്വയാധികാരസഭയിലും അംഗമാകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ലത്തീന്‍ സഭാംഗമാകാന്‍ അപ്പോഴും പൗരസ്ത്യ സഭാംഗങ്ങളെ മേല്‍പ്പറഞ്ഞ ഡിക്രി അനുവദിച്ചിരുന്നില്ല. ലത്തീന്‍ സഭാംഗമാകുന്നതിന് പൗരസ്ത്യ അകത്തോലിക്കര്‍ക്ക് പരിശുദ്ധസിംഹാസനത്തിന്റെ അനുമതി ആവശ്യമായിരുന്നു.

ലിയോ പതിമൂന്നാമന്റെ ലേഖനം

എന്നാല്‍ 1894 നവമ്പര്‍ 30-ാം തീയതി ലിയോ പതി മൂന്നാമന്‍ പാപ്പാ പുറപ്പെടുവിച്ച “Orientalium dignitas”  എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ പൗരസ്ത്യ അകത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് ലത്തീന്‍ സഭയില്‍ അംഗമാകുന്നതിന് അനുവാദം നല്‍കിയിരുന്നു. കത്തോലിക്കാസഭയില്‍ അംഗമാകുന്നതിന് ഇതൊരു വ്യവസ്ഥയായി പൗരസ്ത്യ അകത്തോലിക്കര്‍ ഉന്നയിക്കുമ്പോള്‍ മാത്രമേ ഈ അനുവാദം നല്കിയിരുന്നുള്ളൂ.

പൗരസ്ത്യ നിയമസംഹിത നിലവില്‍ വരുന്നതിന് മുമ്പ്

പൗരസ്ത്യ നിയമസംഹിത (Code of Canons of the Eastern Churches) നിലവില്‍ വരുന്നതിനുമുമ്പ് പൗരസ്ത്യ റീത്തുകള്‍, സഭയിലെ വ്യക്തികള്‍ എന്നിവ സംബന്ധിച്ച കാനോനകള്‍ 1957 ജൂണ്‍ 2-ാം തീയതി 12-ാം പീയൂസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച “Cleri sanctitati” എന്ന ‘motu proprio’യിലാണ് കൊടുത്തിരുന്നത്. ഈ നിയമ പുസ്തകത്തിലെ 11-ാം കാനോനയനുസരിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയിലേയ്ക്ക് വരുന്നവര്‍ തങ്ങളുടെ റീത്ത് സംരക്ഷിക്കേണ്ടതാണെന്ന് പറഞ്ഞിരുന്നെങ്കിലും കത്തോലിക്കാസഭയിലെ ഏതു റീത്തില്‍ ചേരാനും സ്വാതന്ത്ര്യം (freedom of choice of whatever rite) നല്‍കിയിരുന്നു. തന്മൂലം പൗരസ്ത്യ അകത്തോലിക്കാ സഭാംഗങ്ങള്‍ കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ ഏത് സ്വയാധികാര സഭയില്‍ ചേരണം എന്നത് സംബന്ധിച്ച് കര്‍ശനമായ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് കാണാം. പൗരസ്ത്യ സഭാംഗങ്ങളല്ലാത്ത അകത്തോലിക്കരെ (western non Catholics) പ്പറ്റി (motu proprio) മൗനം പാലിക്കുകയായിരുന്നു. തന്മൂലം അവര്‍ക്കും കത്തോലിക്കാ സഭയിലെ ഏതെങ്കിലും സ്വയാധികാര സഭയില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് അനുമാനിക്കാം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിച്ച് 1964 നവമ്പര്‍ 21-ാം തീയതി പുറത്തിറങ്ങിയ ഡിക്രി (Orientalium eclesiarum) എല്ലാ കത്തോലിക്കരും തങ്ങളുടെ റീത്ത് തുടരേണ്ടതാ ണെന്ന് നിര്‍ദ്ദേശിച്ചു. അതുപോലെ കത്തോലിക്കാ സഭയോടുള്ള പൂര്‍ണ്ണ മായ യോജിപ്പിനെ ആശ്ലേഷിക്കുന്ന അകത്തോലിക്കാ സഭകളിലേയും സമൂഹങ്ങളിലേയും മാമ്മോദിസ സ്വീകരിച്ച എല്ലാ അംഗങ്ങളും. ലോകത്തില്‍ എവിടെയായിരു ന്നാലും തങ്ങളുടെ റീത്തില്‍ തന്നെ ഉറച്ചുനില്‌ക്കേണ്ടതാണ്. എന്നാല്‍ അസാധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാകു മ്പോള്‍ ആര്‍ക്കു വേണമെങ്കിലും പരിശുദ്ധ സിംഹാസനത്തെ സമീപി ക്കാമെന്നും ഡിക്രി നിര്‍ദ്ദേശിച്ചു (OE-4). ഈ നിര്‍ദ്ദേശമനുസരിച്ച് കത്തോലിക്കാസഭയിലേയ്ക്ക് വരുന്ന അകത്തോലിക്കര്‍ക്കും തങ്ങളുടെ റീത്ത് സംരക്ഷിക്കുവാന്‍ ചുമതലയുണ്ട്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെ ന്ന് വത്തിക്കാന്‍ കൗണ്‍സിലില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും അകത്തോലിക്കാ സഭയിലായിരുന്നപ്പോള്‍ ഒരാള്‍ അനുഷ്ഠിച്ചു പോന്നി രുന്ന റീത്തു തന്നെ കത്തോലിക്കാസഭയില്‍ ചേരുമ്പോഴും അനുഷ്ഠിക്കണമെന്ന് തീരുമാനിക്കപ്പെടുകയാണുണ്ടായത് (OE.5).

പ്രോട്ടസ്റ്റന്റ് സഭാംഗങ്ങള്‍ വരുമ്പോള്‍

പ്രോട്ടസ്റ്റന്റ് സഭാംഗങ്ങള്‍, കത്തോലിക്കാസഭയിലേയ്ക്കു വരുമ്പോള്‍ ലത്തീന്‍ സഭയിലാണോ ചേരേ ണ്ടത്? ഇതു സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പ്രോട്ടസ്റ്റന്റുകാരേയും പൗരസ്‌ത്യേ അകത്തോലിക്കരേയും ഒരേ വിധത്തില്‍ കാണുന്നത് ശരിയല്ലെന്നായിരുന്നു ചിലരുടെ വാദം. പ്രോട്ടസ്റ്റന്റു കാര്‍ ലത്തീന്‍ റീത്തല്ല അനുഷ്ഠിക്കുന്നത്. തന്മൂലം അവര്‍ കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ കത്തോലിക്കാസഭയിലെ ഏതു സ്വയാധികാര സഭയിലും അംഗമാകാവുന്നതാണെന്നാണ് കാനന്‍ നിയമ പണ്ഡിതരുടെ അഭിപ്രായം (Faris, Eastern Catholic Churches; Constitution and governance, P.174). പൗരസ്ത്യസഭകളുടെ കാനോനകളുടെ ക്രോഡീകരണാവസരത്തില്‍ പൗരസ്ത്യസഭകളെ സംബന്ധി ക്കുന്ന ഡിക്രിയിലെ 4-ാം നമ്പര്‍ മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കരെ സംബന്ധിക്കുന്നതാണെന്നും പൗരസ്ത്യര്‍ എന്നോ പാശ്ചാത്യര്‍ എന്നോ ഉള്ള വ്യത്യാസം ഇല്ലെന്നുമാണ് മനസ്സിലാക്കേണ്ടത്.

പൗരസ്ത്യ കാനോനയില്‍

1990-ല്‍ പുറത്തിറക്കിയ പൗരസ്ത്യനിയമസംഹിത യിലും ഇപ്രകാരമൊരു വ്യത്യാസം കൊടുത്തിട്ടില്ല. ലത്തീന്‍ നിയമസംഹിതയില്‍ മാമ്മോദിസ സ്വീകരിച്ച അകത്തോലിക്കര്‍ കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ പാലിക്കേണ്ടവയെ സംബന്ധിക്കുന്ന കാനോനയില്ല. എന്നാല്‍ പൗരസ്ത്യസഭകളുടെ 35-ാം കാനോ നയില്‍ ഇപ്രകാരം പറയുന്നു: ”കത്തോലിക്കാ സഭയുമായി പൂര്‍ണ്ണക്കൂട്ടായ്മയിലേയ്ക്ക് വരുന്നവരായ മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍ ലോക ത്തെല്ലായിടത്തും തങ്ങളുടെ റീത്തുകള്‍ സംരക്ഷിക്കുകയും അനുഷ്ഠിക്കുകയും മാനുഷികമായി സാദ്ധ്യമാ യിടത്തോളം അത് പാലിക്കുകയും ചെയ്യേണ്ടതാണ്. തന്മൂലം വ്യക്തികളുടേയോ സമൂഹങ്ങളുടേയോ പ്രദേശങ്ങളുടേയോ പ്രത്യേക സാഹചര്യങ്ങളില്‍ പരിശുദ്ധ സിംഹാസനത്തെ സമീപിക്കുവാനുള്ള അവകാശം പരിഗണിച്ചുകൊണ്ടുതന്നെ അതേ റീത്തില്‍പെട്ട കത്തോലിക്കാസഭ കൂട്ടായ്മയായ സ്വയാധികാരസഭയിലാണ് അവര്‍ ചേരേണ്ടത്”. ഒരു വിധത്തില്‍ പൗരസ്ത്യസഭകളെ സംബന്ധിക്കുന്ന ഡിക്രിയില്‍ മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍, കത്തോലിക്കാ സഭയിലേയ്ക്ക് വരുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിബന്ധനകള്‍ അതേപടി ആവര്‍ത്തിക്കുകയാണ് പൗരസ്ത്യസഭകളുടെ കാനോനയിലും ചെയ്തിട്ടു ള്ളത്. ഒപ്പം, ഇതുസംബന്ധിച്ച് മുന്‍പ് നിലവിലിരുന്ന Cleri Sanctitati യിലെ നിബന്ധനകള്‍ പരിഷ്‌ക്കരിക്കു കയും ഓരോരുത്തരുടേയും താത്പര്യമനുസരിച്ച് കത്തോലിക്കാസഭയിലെ ഏത് സ്വയാധികാരസഭയില്‍ ചേരാന്‍ സ്വാതന്ത്ര്യം നല്കുന്ന വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്തു.

നിലവിലുള്ള സ്ഥിതി

ചുരുക്കത്തില്‍, നിലവിലുള്ള സഭാനിയമമനുസ രിച്ച് മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍, കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോഴും അവര്‍ക്ക് തങ്ങളുടെ റീത്ത് സംരക്ഷിക്കുവാനും അനുഷ്ഠിക്കുവാനും സാധിക്കണം. പ്രസ്തുത റീത്ത് അനുഷ്ഠിക്കുന്ന കത്തോലിക്കാസഭയിലേയ്ക്ക് മാത്രമേ അവര്‍ക്ക് ചേരാനാവൂ. ഇതുവഴി അകത്തോലിക്കര്‍ക്ക് കത്തോ ലിക്കാസഭയില്‍ ചേര്‍ന്നാലും അവരുടെ വ്യക്തിത്വമോ റീത്തോ നഷ്ടപ്പെടുന്നില്ല. തന്മൂലം ഒരു യാക്കോബായക്കാരന്‍ കത്തോലിക്കാസഭയില്‍ ചേരുമ്പോള്‍ അയാള്‍ മലങ്കരസഭയിലാണ് ചേരേണ്ടത്; പ്രോട്ടസ്റ്റന്റ് സഭാംഗം ലത്തീന്‍ സഭയിലും. എന്നിരുന്നാലും ഒരു അകത്തോലിക്കന്‍ കത്തോലിക്കാസഭയിലേയ്ക്ക് വരു മ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുവാന്‍ പാടില്ല (CCEO.C. 896) എന്നതാണ് പൊതുതത്വം. തന്മൂലം പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ പൗരസ്ത്യ അകത്തോലിക്കന് ലത്തീന്‍ സഭയിലും അംഗമാകാവുന്നതാണ്.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.