ഇടവകവികാരിയെ നീക്കം ചെയ്യാമോ?

ഫാ. ജോസ് ചിറമേല്‍

ഫാ. ജോസ് ചിറമേല്‍

മെത്രാന്‍ തന്റെ രൂപതയിലെ ഒരു ഇടവക വികാരിയെ അദ്ദേഹം ശുശ്രൂഷ ചെയ്യുന്ന ഇടവകയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഇടവക ജനങ്ങള്‍ വികാരിയോടൊപ്പം ചേരുകയും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മാത്രം ഗൗരവമായ കാരണങ്ങള്‍ ഇല്ലെന്ന് പറയുകയും ചെയ്യുന്നു. ജനങ്ങളുടെ ആഗ്രഹത്തിനെതിരെ വികാരിയെ മെത്രാന്‍ നീക്കം ചെയ്യുകയാണെങ്കില്‍ ഇടവക ജനങ്ങള്‍ക്ക് മെത്രാന്റെ തീരുമാനത്തിനെതിരെ പരാതിപ്പെടാമോ? സഭയുടെ ഏതു കോടതിയിലാണ് ഇതു സംബന്ധമായ ആക്ഷേപം ഉന്നയിക്കേണ്ടത്?

ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ശ്രമിക്കുമ്പോള്‍ ഇടവക വൈദികനെ മാറ്റുന്നതും നീക്കം ചെയ്യുന്നതും രണ്ടും രണ്ടാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനെ മറ്റൊരു ഇടവകയിലേക്കോ സ്ഥാപനത്തിലേക്കോ രൂപതാമെത്രാന്‍ മാറ്റുന്നത് സാധാരണ ഗതിയിലുള്ള മാറ്റമായിരിക്കുവാനാണ് ഇടയുള്ളത്. ഇതില്‍ നിന്നും ഭിന്നമാണ് വൈദികനെ ഇടവകയില്‍ നിന്നും നീക്കം ചെയ്യുവാനുള്ള രൂപതാ മെത്രാന്റെ തീരുമാനം. ഇതിനെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന ചോദ്യവും നല്‍കുന്ന മറുപടിയും. ആദ്യത്തേത് വൈദികന്റെ സ്ഥലംമാറ്റം (Transfer) എന്നും രണ്ടാമത്തേത് നീക്കം ചെയ്യല്‍ (Removal) എന്നും വിവക്ഷിക്കുന്നു.

വൈദികനെ നീക്കം ചെയ്യല്‍

ചോദ്യകര്‍ത്താവിന്റെ പരാമര്‍ശം ‘നീക്കം ചെയ്യല്‍’ മാത്രമാണെങ്കിലും ഈ ചോദ്യത്തില്‍ അവ്യക്തമായ ഏതാനും കാര്യങ്ങളുണ്ട്. വൈദികനെ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ഇടവകയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ((Removal of the Parish Priest) സഭാനിയമം അനുശാസിക്കുന്ന നടപടിക്രമം ((CCEO. cc. 1388- 1396; CIC. cc. 1740-1749) മെത്രാന്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ? ഉണ്ടെന്ന് അനുമാനിക്കാം. വൈദികനെ നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമായിരുന്നു? സാധാരണയായി, ഗുരുതരമായ കാരണം ഉണ്ടെങ്കില്‍ നിയമപ്രകാരമുള്ള ഒരു കല്‍പ്പന വഴി മെത്രാന് ഇടവക വികാരിയെ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇടവകവികാരിയുടെ ഭാഗത്ത് നിന്നുള്ള ഗൗരവമായ തെറ്റുകള്‍കൊണ്ടല്ലെങ്കില്‍ പോലും അദ്ദേഹത്തെ മെത്രാന് നീക്കം ചെയ്യാവുന്നതാണ് (CCEO.c. 1389). ആത്മാക്കളുടെ രക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണിത്.

നീക്കം ചെയ്യലിനെ വൈദികന്‍ ചോദ്യം ചെയ്തിട്ടുണ്ടോ? വികാരിയെ നീക്കം ചെയ്തതിനെതിരെ ഇടവക സമൂഹം അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചോദ്യകര്‍ത്താവ് പറയുന്നു. ഇടവക സമൂഹം എന്നതുകൊണ്ട് ചോദ്യകര്‍ത്താവ് എന്താണ് ഉദ്ദേശിക്കുന്നത്? ഇടവകയിലെ ബഹുഭൂരിഭാഗം ജനങ്ങളും എന്നാണോ, അതോ ഇടവകയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നാണോ? അതുമല്ലെങ്കില്‍ ഇടവകയിലെ ഒരു ചെറിയ ഗണം എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.

ചോദ്യകര്‍ത്താവ് ഉന്നയിച്ച ചോദ്യത്തില്‍ ഒന്നിലേറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. ഇടവക വികാരിയും ഇടവക ജനങ്ങളും തമ്മിലുള്ള ബന്ധം, ഇടവകയില്‍ നിന്നും വികാരിയെ നീക്കം ചെയ്യാന്‍ മെത്രാനുള്ള കാരണങ്ങള്‍, വൈദികനെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, നീക്കം ചെയ്യല്‍ കല്പനക്കെതിരെ പരാതി നല്‍കുവാനുള്ള സാധ്യതകള്‍, പരാതിയുടെ നടപടിക്രമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങളും കണ്ടെത്തേണ്ടതുണ്ട്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുമാത്രം

ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം നല്‍കുമ്പോള്‍ പ്രതിപാദിക്കേണ്ട പല വിഷയങ്ങളും ഈ ലേഖനത്തിന്റെ പരിമിതമായ താളുകളില്‍ ഒതുങ്ങുന്നതല്ല. ഇടവക സമൂഹത്തിന്റെ അവകാശങ്ങള്‍, വികാരിയെ നീക്കം ചെയ്യാനുള്ള കാരണങ്ങള്‍, നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം, മെത്രാന്റെ ഡിക്രിക്കെതിരെ പരാതി നല്‍കാനുള്ള നടപടികള്‍ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുവാന്‍ മേല്‍ സൂചിപ്പിച്ച പരിമിതി അനുവദിക്കുന്നില്ല.

മാത്രവുമല്ല, വൈദികനെ നീക്കം ചെയ്തുകൊണ്ടുള്ള മെത്രാന്റെ ഡിക്രിക്കെതിരെ പരാതിപ്പെടുന്നതിനുള്ള കാനോനിക നടപടികള്‍ സഭാനിയമത്തിലും നിയമശാസ്ത്രത്തിലും (Jurisprudence) വളരെ വിരളമായിട്ടേ കാണുന്നുള്ളു. എന്നിരുന്നാലും നിലവിലുള്ള ഒരു ഇടവക നിര്‍ത്തലാക്കാനുള്ള മെത്രാന്റെ കല്പനയ്‌ക്കെതിരെ ബന്ധപ്പെട്ട മേലധികാരിയുടെ പക്കല്‍ പരാതിപ്പെടുന്നതിനുള്ള നടപടികള്‍ ഉണ്ട്. ഇതില്‍ നിന്നുമുള്ള ഏതാനും ചില നിഗമനങ്ങള്‍ തത്കാലത്തേക്ക്, ഉന്നീതമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി താഴെ പറയുന്ന രീതിയിലും ക്രമത്തിലും ഈ വിഷയത്തെ സമീപിക്കുവാന്‍ ഉദ്ദേശിക്കുന്നു:

1. ഇടവക സമൂഹത്തിന്റെ അവകാശങ്ങള്‍ – തുടര്‍ന്ന് ഇടവകയും രൂപതയും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍.
2. വികാരിയെ നീക്കം ചെയ്യാനുള്ള കാരണങ്ങളും അതിനുള്ള നടപടികളും.
3. വികാരിയെ നീക്കം ചെയ്തുകൊണ്ടുള്ള മെത്രാന്റെ ഡിക്രിക്കെതിരെ ഇടവക സമൂഹാംഗങ്ങള്‍ക്ക് പരാതിപ്പെടുന്നതിനുള്ള സാധ്യതകളും നടപടികളും.
4. പ്രസ്തുത നടപടികളുടെ വിവിധഘട്ടങ്ങള്‍.

ഇടവക സമൂഹത്തിന്റെ അവകാശങ്ങള്‍

ക്രൈസ്തവ വിശ്വാസികളുടെ അവകാശങ്ങളേയും കടമകളേയുംപറ്റി പൗരസ്ത്യനിയമത്തിലെ ആദ്യ ശീര്‍ഷകത്തില്‍ 7 മുതലുള്ള കാനോനകളിലും ലത്തീന്‍ നിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം ശീര്‍ഷകത്തില്‍ 208 മുതലുള്ള കാനോനകളിലും വിവരിച്ചിട്ടുണ്ട്. എന്നാല്‍, ഇടവക സമൂഹത്തിന്റേതായ അവകാശങ്ങളേയും കടമകളേയും പറ്റി ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നിരുന്നാലും ഇടവക സമൂഹത്തിന്റെ അവകാശങ്ങളേയും കടമകളേയും പറ്റി ചിന്തിക്കേണ്ടതുണ്ട്. കാരണം ദൈവശാസ്ത്രപരമായി ഇടവക സമൂഹമാണ് സഭയുടെ അടിസ്ഥാന ഘടകം. അതുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസ്സഭയെപ്പറ്റിയുള്ള കോണ്‍സ്റ്റിറ്റിയൂഷനിലെ 13-ാം ഖണ്ഡികയില്‍ ‘ദൈവജനമാണ്’ സഭയെന്ന് പറയുന്നത് (LG 13). തിരുസ്സഭയെപ്പറ്റിയുള്ള കോണ്‍സ്റ്റിറ്റിയൂഷനിലും (LG 23) തിരുസ്സഭയില്‍ മെത്രാന്മാരുടെ അജപാലന ധര്‍മ്മം സംബന്ധിച്ച ഡിക്രിയിലും (CD11) സാര്‍വ്വത്രിക സഭയെന്നു പറഞ്ഞാല്‍ വിവിധ രൂപതകളുടെ കൂട്ടായ്മയാണ്. ഓരോ രൂപതയും വിവിധ ഇടവക സമൂഹങ്ങള്‍ കൂടിച്ചേര്‍ന്നതുമാണ്. ഇത്തരം ചെറുതും വലുതുമായ ഇടവക സമൂഹങ്ങളില്‍ ക്രിസ്തുനാഥന്‍ സഭയെ ഏല്‍പിച്ച വിശുദ്ധീകരിക്കുക, പഠിപ്പിക്കുക, നയിക്കുക എന്നീ ത്രിവിധ ദൗത്യങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് ദൈവജനം തങ്ങളുടെ തീര്‍ത്ഥാടനം തുടരുന്നത്.

ഇടവകകള്‍ രൂപതയുടെ ബ്രാഞ്ച് ആഫീസുകളല്ല

ഇടവകകളെ ഒരിക്കലും രൂപതയുടെ ബ്രാഞ്ച് ആഫീസുകളായി കണക്കാക്കാന്‍ പാടില്ല, മറിച്ച് ഓരോ ഇടവകയും ക്രിസ്തീയ വിശ്വാസികളുടെ പ്രത്യേക സമൂഹങ്ങളാണ്. നിയമാനുസൃതം സ്ഥാപിക്കപ്പെടുന്ന ഇടവകയ്ക്ക് നിയമത്താല്‍ തന്നെ നൈയ്യാമിക വ്യക്തിത്വവുമുണ്ട് (CCEO.c.280/3; CIC.c. 515/3). ഇടവകയുടെ അവകാശങ്ങളിലും കടമകളിലും ചിലതെല്ലാം അന്തര്‍ലീനമായിട്ടുള്ളതും മറ്റ് ചിലത് രൂപതയുടെ ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കുന്ന വിശ്വാസികളുടെ സമൂഹം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഉളവാകുന്നവയുമാണ്. രൂപതയിലെ ഓരോ ഇടവകയും അഭിവൃദ്ധിപ്പെടുന്നതിനു വേണ്ടി സഹായിക്കുവാന്‍ മെത്രാന് കടമയുണ്ട്. മാത്രവുമല്ല, ഓരോ ഇടവകകള്‍ക്കുമുള്ള അധികാരാവകാശങ്ങള്‍ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതുമാണ്. പ്രത്യേകിച്ച്, ഇടവക നിര്‍ത്തലാക്കുന്ന കാര്യത്തിലായാലും (Suppression of a Parish) ഒരിടവകയെ ഒന്നിലധികം ഇടവകകളായി വിഭജിക്കുന്ന കാര്യത്തിലായാലും (divide the Parish) ഇടവക വികാരിയെ നീക്കം ചെയ്യുന്ന (Removal of the Pastor) കാര്യത്തിലായാലും.

അജപാലനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കാന്‍ വൈദികനെ ലഭിക്കുന്നതിനുള്ള അവകാശം, സഭയെപ്പറ്റി അറിയുവാനും സഭാകാര്യങ്ങളില്‍ അഭിപ്രായം പറയുവാനുമുള്ള അവകാശം, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപ്രകാരം സഭാസംവിധാനങ്ങളിലൂടെ അവ പുനഃസ്ഥാപിച്ചെടുക്കാനുള്ള അവകാശം തുടങ്ങിയവയെല്ലാം ഇടവക സമൂഹത്തിന്റെ അവകാശങ്ങളാണ്. ക്രിസ്തീയ വിശ്വാസികള്‍ ഇപ്രകാരം തങ്ങളുടെ അവകാശങ്ങള്‍ വ്യക്തിപരമായും സംഘടനകളില്‍ ഒന്നിച്ചു ചേര്‍ന്നും വിനിയോഗിക്കുമ്പോള്‍ സഭയുടെ പൊതു നന്മയും മറ്റുള്ളവരുടെ അവകാശങ്ങളും അതോടൊപ്പം മറ്റുള്ളവരോടുള്ള കടമകളും കണക്കിലെടുക്കേണ്ടതാണെന്ന് ഓര്‍മ്മിക്കേണ്ടതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖയിലും സഭാനിയമത്തിലും ഇക്കാര്യം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്  (CCEO.c.26; CIC.c.223; Dignitas Humanae, no. 7). വിശ്വാസികളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടണമെന്നും അത്യാവശ്യമായ സാഹചര്യങ്ങളിലല്ലാതെ അവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നുണ്ട് (Dignitas Humanae, no. 7).

അജപാലന നേതൃത്വം

ഇടവകസമൂഹത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ ശരിയായ അജപാലന നേതൃത്വം ഉണ്ടാകണം. സാധാരണയായി ഈ നേതൃത്വം ഉണ്ടാകുന്നത് രൂപതാ മെത്രാന്‍ ഇടവകയുടെ ഇടയനെന്ന നിലയില്‍ ഒരു വൈദികനെ അജപാലന ധര്‍മ്മം ഏല്‍പ്പിക്കുന്നത് വഴിയാണ് (CCEO.c.279; CIC.c.515/1). ഇടയന്റെ ഉത്തരവാദിത്വങ്ങളില്‍ സുവിശേഷപ്രഘോഷണവും പ്രബോധനവും ഉള്‍പ്പെടുന്നുണ്ട് (CCEO.cc.20,289 CIC.cc.217, 528/1). കൂടാതെ കൂദാശകളുടെ പരികര്‍മ്മവും അജപാലനപരമായ കാര്യങ്ങളും ഭരണപരമായ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ഇടവക ഒഴിവാകുകയും പുതിയ വികാരിയെ നിയമിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ഇടവക ജനങ്ങളുമായി ആവശ്യമായ ചര്‍ച്ച മെത്രാന്‍ നടത്തണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. സഭാനിയമം വ്യക്തമാക്കുന്നതനുസരിച്ച് ഇടവക ഒഴിവാകുമ്പോള്‍ രൂപതാമെത്രാന്‍ എല്ലാ സാഹചര്യങ്ങളും പഠിച്ചതിനുശേഷം ആ ഇടവകയുടെ അജപാലന ശുശ്രൂഷയ്ക്ക് യോജിച്ചവനെന്ന് തനിക്ക് ബോധ്യമുള്ള വ്യക്തിയെ പക്ഷപാതലേശമെന്യേ നിയോഗിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ യോഗ്യത നിര്‍ണ്ണയിക്കുന്നതിന് ഫൊറോനാ വികാരിയെ കേള്‍ക്കുകയും വേണ്ട അന്വേഷണങ്ങള്‍ നടത്തുകയും ആവശ്യമെങ്കില്‍ ചില വൈദികരേയും അല്‍മായരേയും കേള്‍ക്കുകയും ചെയ്യേണ്ടതുമാണ് (CCEO.c.285/3; CIC.c.524). ഇടവക സമൂഹത്തോടുള്ള ആദരവിന്റെ സൂചനയായി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ അവലംബിക്കേണ്ടതാണ്.

ഇടവകവികാരിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഉദ്യോഗസ്ഥിരത ഉണ്ടായിരിക്കണമെന്നും (Pastoral Stability) അതിന്റെ അജപാലനപരമായ നേട്ടത്തെപ്പറ്റിയും നിയമത്തില്‍ ഊന്നി പറയുന്നുണ്ട് (CCEO.c.284/3; CIC.c. 522). ഇടവക ജനങ്ങളുമായി ദീര്‍ഘകാലബന്ധം പുലര്‍ത്തുന്ന തിനും അവര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി അജപാലന ശുശ്രൂഷ ചെയ്യുന്നതിനും ഇത് സഹായകരമാകും. ഇടവക ജനങ്ങളുമായുള്ള വൈദികന്റെ ബന്ധം പെട്ടെന്ന് മുറിച്ചുമാറ്റിയാല്‍, പ്രത്യേകിച്ച് അദ്ദേഹത്തെ നീക്കം ചെയ്യുന്നതിലൂടെ, മെത്രാന്റെ തീരുമാനത്തിനെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇടവക സമൂഹത്തെ പ്രേരിപ്പിക്കാവുന്നതാണ്.

ക്രൈസ്തവ വിശ്വാസികളുടെ സ്വാതന്ത്ര്യം

സഭാനിയമം അനുശാസിക്കുന്നതനുസരിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഭയിലെ ഇടയന്മാരെ അറിയിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. സഭയുടെ നന്മയെ ബാധിക്കുന്ന കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം സഭയിലെ ഇടയന്മാരേയും, പൊതുനന്മയും വ്യക്തികളുടെ മാഹാത്മ്യവും കണക്കിലെടുത്തുകൊണ്ട് ക്രിസ്തീയ വിശ്വാസികളില്‍പെട്ട മറ്റുള്ളവരേയും അറിയിക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് അവകാശവും കടമയുമുണ്ട് (CCEO.c.15/2-3; CIC.c.212/2-3).
ക്രൈസ്തവ വിശ്വാസികളുടെ ഇത്തരം ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കുവാനും അവരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തുവാനും രൂപതാധികാരികള്‍ക്ക് കടമയുണ്ട്. സാധാരണഗതിയില്‍ രൂപതാ മെത്രാന് ഇടവക വികാരിയെ നീക്കം ചെയ്യാവുന്ന സാഹചര്യം സഭാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇടവക വികാരിയുടെ ശുശ്രൂഷ ഉപദ്രവകരമോ കുറഞ്ഞ പക്ഷം ഫലപ്രാപ്തിയില്ലാത്തതോ ആയി തീരുമ്പോള്‍ മാത്രമേ മെത്രാന് അപ്രകാരം ചെയ്യാന്‍ പാടുള്ളൂ (CCEO.c. 1389; CIC.c. 1740). അജപാലന പ്രവര്‍ത്തനങ്ങളുടെ ഫലശൂന്യത സംബന്ധിച്ച് മെത്രാന്‍ തീരുമാനം എടുക്കുമ്പോള്‍ ഇടവകാംഗങ്ങളുടെ സ്വഭാവ സവിശേഷതകള്‍, ഇടവകയുടെ വലിപ്പം എന്നിവയൊക്കെ പരിഗണിക്കേണ്ടതാണം.

വികാരിയെ നീക്കം ചെയ്യാനുള്ള കാരണങ്ങള്‍

അജപാലന ശുശ്രൂഷ ഉപദ്രവകരവും ഫലപ്രാപ്തിയില്ലാത്തതും (harmful / ineffective) ആയിത്തീരുന്ന സാഹചര്യങ്ങളെപ്പറ്റി സഭാനിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്നത് ഇപ്രകാരമാണ്:
1. സഭാപരമായ കൂട്ടായ്മയെ ഗൗരവമായ വിധത്തില്‍ ബാധിക്കുന്ന ഹാനികരമോ (detrimental) ഉലച്ചില്‍ വരുത്തുന്നതോ (disturbing) ആയ പ്രവര്‍ത്തനരീതി;
2. തന്റെ കടമകള്‍ ഫലപ്രദമായി നിറവേറ്റുന്നതിനു ഇടവകവികാരിയെ അശക്തനാക്കിത്തീര്‍ക്കുന്ന വിധത്തിലുള്ള കഴിവില്ലായ്മയോ (incompetency) സ്ഥിരമായ മാനസിക-ശാരീരിക വൈകല്യങ്ങളോ (permanent infirmity);
3. സത്‌സ്വഭാവികളും നല്ലവരുമായ ഇടവക ജനങ്ങളുടെയിടയില്‍ വികാരിക്ക് സത്‌പേര് നഷ്ടപ്പെടുകയോ അദ്ദേഹത്തോട് വെറുപ്പ് ഉണ്ടാവുകയോ ചെയ്യുകയും ഇത് ചുരുങ്ങിയ കാലംകൊണ്ട് ഇല്ലാതാകുമെന്ന പ്രതീക്ഷ നശിക്കുകയും ചെയ്യുക;
4. ഇടയധര്‍മ്മത്തിലുള്ള ഗൗരവമായ ഉപേക്ഷയോ അവയുടെ ലംഘനമോ മുന്നറിയിപ്പ് നല്കിയതിനുശേഷവും തുടരുക;
5. സഭയ്ക്ക് ഭീമമായ നഷ്ടം വരുത്തുന്ന വിധത്തില്‍ ഭൗതിക വസ് തുകളുടെ ഭരണ നിര്‍വ്വഹണം നടത്തുന്നത് മറ്റൊരു വിധത്തിലും പരിഹരിക്കുവാന്‍ സാധിക്കാതെ വരുക (CCEO.c.1390; CIC.c.1741).
ഇടവക വികാരിയെ നീക്കം ചെയ്യുമ്പോള്‍ മേല്പറഞ്ഞ ഏതെങ്കിലും കാരണം നീക്കം ചെയ്യപ്പെടുന്ന വൈദികന്റെ കാര്യത്തില്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്ന് മെത്രാന്‍ വേണ്ടത്ര അന്വേഷണം നടത്തിയിരിക്കണം. വൈദികന്‍ ശുശ്രൂഷ ചെയ്യുന്ന ഇടവക ജനങ്ങളില്‍ നിന്നാണ് ഇതിന് വേണ്ട തെളിവെടുപ്പ് നടത്തേണ്ടത്. നീക്കം ചെയ്യുന്നതിന് മുമ്പ് വൈദികന് ഇതു സംബന്ധമായ മുന്നറിയിപ്പ് നല്‍കേണ്ടതാണ്.

വൈദികനെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം

വൈദികനെ നീക്കം ചെയ്യുന്ന നടപടിക്രമത്തിന്റെ പ്രധാന ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് സഭാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (CCEO.cc.1391-1396; CIC.cc.1742-1749). ആദ്യമായി, വൈദികനെ നീക്കം ചെയ്യുന്നതിനുള്ള കാനോനികമായ കാരണങ്ങള്‍ എന്തെല്ലാമാണെന്നത് സംബന്ധിച്ച് കൃത്യമായ തെളിവെടുപ്പ് നടത്തണം. ഇക്കാര്യം മെത്രാന്‍ ഇതിനായി നിയോഗിക്കപ്പെട്ട രണ്ട് ഇടവക വൈദികരുമായി ചര്‍ച്ച ചെയ്യണം. ഈ ചര്‍ച്ചയ്ക്കു ശേഷം വികാരിയെ നീക്കം ചെയ്യാനാണ് മെത്രാന്‍ തീരുമാനിക്കുന്നതെങ്കില്‍, വൈദികന്‍ വരുത്തിയിട്ടുള്ള വീഴ്ചകളും നീക്കം ചെയ്യലിനുള്ള കാരണങ്ങളും മെത്രാന്‍ വൈദികനെ രേഖാമൂലം അറിയിക്കുകയും പതിനഞ്ചു ദിവസത്തിനുള്ളില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും വേണം.

മെത്രാന്റെ ഈ അഭ്യര്‍ത്ഥനയോട് പല വിധത്തിലാകാം വൈദികന്‍ പ്രതികരിക്കുന്നത്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായോ, നിരുപാധികമായോ രാജി സന്നദ്ധത വൈദികന്‍ മെത്രാനെ അറിയിച്ചെന്നു വരാം. അതോടെ നടപടി അവസാനിപ്പിക്കാവുന്നതാണ്. ചിലപ്പോള്‍ മെത്രാന്റെ അഭ്യര്‍ത്ഥനയോട് വൈദികന്‍ പ്രതികരിച്ചില്ലെന്ന് വരാം. ഈ സാഹചര്യത്തില്‍ മെത്രാന്‍ ഒരിക്കല്‍ കൂടി തന്റെ ക്ഷണം ആവര്‍ ത്തിക്കണം. നീക്കം ചെയ്യുന്നതിനെ ന്യായാന്യായങ്ങള്‍ നിരത്തി, നീക്കം ചെയ്യല്‍ അന്യായമാണെന്ന് വൈദികന്‍ സമര്‍ത്ഥിക്കുകയും പ്രസ്തുത ന്യായങ്ങള്‍ മെത്രാന് ബോധ്യപ്പെടുകയും ചെയ്താല്‍ നടപടി അവസാനിപ്പിക്കാവുന്നതാണ്.

എന്നാല്‍ നീക്കം ചെയ്യലിനെതിരെ വൈദികന്‍ സമര്‍പ്പിച്ച വാദമുഖങ്ങളില്‍ മെത്രാന് ബോധ്യം വരാത്തപക്ഷം വീണ്ടും നേരത്തെ സൂചിപ്പിച്ച രണ്ട് ഇടവക വികാരിമാരുമായി വിഷയം ചര്‍ച്ചചെയ്തശേഷം നീക്കം ചെയ്യല്‍ സംബന്ധിച്ച ഡിക്രി മെത്രാന് പുറപ്പെടുവിക്കാവുന്നതാണ്. ഈ ചര്‍ച്ചയ്ക്കുശേഷം നീക്കം ചെയ്യല്‍ വേണ്ടന്നുവയ്ക്കാനും മെത്രാന് കഴിയും.

നീക്കം ചെയ്യപ്പെട്ട വൈദികന് മെത്രാന്റെ ഡിക്രിക്കെതിരെ ബന്ധപ്പെട്ട അധികാരിയുടെ പക്കല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ (Recourse) നല്കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത ഇടവകയില്‍ പുതിയ വികാരിയെ നിയമിക്കാന്‍ മെത്രാന് കഴിയുകയില്ല. എന്നിരുന്നാലും ഇടക്കാലത്തേക്ക് ഒരു അഡ്മിനിസ്‌ട്രേറ്ററെ അജപാലനശുശ്രൂഷയ്ക്കായി നിയമിക്കാവുന്നതാണ്.

നീക്കം ചെയ്യലിനെതിരെ അപേക്ഷ

ഇടവക സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അവ എപ്രകാരം പുനസ്ഥാപിച്ചെടുക്കാമെന്ന ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. വികാരിയെ മെത്രാന്‍ നീക്കം ചെയ്തതിന് എതിരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ വികാരിക്ക് കഴിയും. കാരണം മെത്രാന്റെ തീരുമാനത്തിന് ഇരയാകുന്നത് വികാരിയാണല്ലോ. വികാരിയെ ക്കൂടാതെ ഇടവകസമൂഹത്തിനും മെത്രാന്റെ നടപടിക്കെതിരെ അപേക്ഷ സമര്‍പ്പിക്കാമോ എന്ന ചോദ്യവും ഉദിക്കുന്നുണ്ട്.
ഇടവക സമൂഹം എന്ന് പറയുന്നതുകൊണ്ട് ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമല്ല. ഇത് ഇടവകയിലെ പാരിഷ് കൗണ്‍സിലാകാം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമിതിയാകാം. അതുമല്ലെങ്കില്‍ ഇടവക സമൂഹത്തിലെ വ്യക്തികള്‍ ആരെങ്കിലുമാകാം. ഇടവകയുടെ അഭ്യുന്നതിക്കുവേണ്ടി ഇടവകവികാരിയെ ഫലപ്രദമായി സഹായിക്കുന്നതിനുള്ള സംവിധാനമാണല്ലോ പാരിഷ് കൗണ്‍സിലും മറ്റും. എന്നാല്‍ ഇടവകയിലെ ഒരു ഗ്രൂപ്പ് (സമൂഹം) എന്ന നിലയില്‍, കൃത്യമായി പറഞ്ഞാല്‍ അവര്‍ ഇടവകയുടെ നിയമാനുസൃത പ്രതിനിധികളല്ല. തന്മൂലം തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് ആരോപിച്ച് നിയമാനുസൃതം അവ പുനഃസ്ഥാപിച്ചെടുക്കാനും അവര്‍ക്ക് കഴിയുകയില്ല.
ഇടവക ജനത്തിന്റെ ഒരു ഗ്രൂപ്പിന് നൈയ്യാമിക വ്യക്തിത്വം ((juridic personality) ഇല്ല. നൈയ്യാമിക വ്യക്തിത്വം ഉള്ളവര്‍ എന്ന പരിഗണനകള്‍ ഉണ്ടായാലും ഇത്തരം ചെറുസമൂഹങ്ങള്‍ക്ക് നിയമപരമായി മെത്രാന്റെ ഡിക്രിക്കെതിരെ അപേക്ഷ (hierarchical recourse) കൊടുക്കാനാവില്ലെന്ന് 1987 ജൂണ്‍ 20-ാം തീയതി സഭാനിയമങ്ങള്‍ക്ക് ആധികാരിക വ്യാഖ്യാനം നല്‍കാനുള്ള കൗണ്‍സില്‍ (Pontifical Council for the Interpretation of Legislative Texts) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമവ്യാഖ്യാന കമ്മീഷന്റെ വ്യാഖ്യാനത്തില്‍ തുടര്‍ന്ന് താഴെ പറയും പ്രകാരം പ്രസ്താവിക്കുന്നുണ്ട്: ”ഇടവക പാരിഷ് കൗണ്‍സിലിലെയോ സാമ്പത്തികകാര്യ സമിതിയിലെയോ ഏതെങ്കിലും വ്യക്തികള്‍ വികാരിയുടെ നീക്കം ചെയ്യല്‍ വഴി ഏറെ വേദന അനുഭവിക്കുന്നവരാണെങ്കില്‍, മെത്രാന്റെ നീക്കം ചെയ്യല്‍ ഡിക്രിക്കെതിരെ പരാതിപ്പെടാവുന്നതാണ്. പരാതി സ്വീകരിക്കേണ്ട ജഡ്ജിയാണ് പരാതിക്കാര്‍ക്ക് ഇതുവഴി ഉണ്ടായ ബുദ്ധിമുട്ടിന്റെ ആഴം നിശ്ചയിക്കേണ്ടത്.

ഇടവക വികാരിയാണ് ഇടവകയുടെ പ്രതിനിധി

സാര്‍വ്വത്രികമോ പ്രാദേശികമോ ആയ നിയമത്താലോ അവരുടേതായ നിയമാവലിയാലോ അംഗീകരിക്കപ്പെട്ട അധികാരമുള്ളവര്‍ക്കേ ഒരു പൊതു നൈയ്യാമിക വ്യക്തിയെ പ്രതിനിധീകരിക്കാനും അതിന്റെ പേരില്‍ പ്രവര്‍ത്തിക്കുവാനും സാധിക്കുകയുള്ളൂ. ഇടവകയാകുന്ന നൈയ്യാമിക വ്യക്തിയുടെ പ്രതിനിധി ഇടവക വികാരിയാണ്. തന്മൂലം ഇടവക സമൂഹത്തിലെ ഒന്നോ അതിലധികമോ വ്യക്തികള്‍ ഇടവകയെന്ന നൈയ്യാമിക വ്യക്തിയുടെ പ്രതിനിധികളാവുകയില്ല. എന്നിരുന്നാലും, ഇവര്‍ക്ക് ഇടവകയുടെ അഭിവൃദ്ധിയില്‍ താല്പര്യമുള്ളവര്‍ എന്ന നിലയിലും, മെത്രാന്റെ തീരുമാനം ഇടവകയെ പ്രതികൂലമായി ബാധിച്ചേക്കും എന്നുള്ളതുകൊണ്ടും മെത്രാന്റെ ഡിക്രിക്കെതിരെ പരാതിപ്പെടാവുന്നതാണ്.

സഭാനിയമമനുസരിച്ച് അധികാരിയുടെ ഡിക്രിവഴി ക്ലേശം സംഭവിച്ചെന്ന് ബോധ്യമുള്ള വ്യക്തിക്കോ, വ്യക്തികള്‍ക്കോ ഏത് ന്യായമായ ഉദ്ദേശ്യത്തിനും ഡിക്രി നല്‍കിയ ആളുടെ മേലധികാരിയെ മേല്‍ നടപടിക്കുവേണ്ടി സമീപിക്കാവുന്നതാണ് (CCEO.c.1002; CIC.c.1737/1). ചുരുക്കത്തില്‍ മെത്രാന്റെ ഡിക്രിവഴി സഹിക്കേണ്ടി വരുന്നവര്‍ക്ക് മെത്രാന്റെ മേലധികാരിയുടെ പക്കല്‍ പരാതി ബോധിപ്പിക്കാവുന്നതാ ണെന്ന് സാരം. മെത്രാന്റെ ഡിക്രിവഴി സംഭവിച്ചേക്കാവുന്ന ക്ലേശം പരാതിക്കാരന്‍ ബോധിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഇടവകയുടെ പൊതുവായ അഭിപ്രായത്തെ പ്രതിഫലിപ്പിക്കാന്‍ പോന്നവിധത്തിലുള്ള വിശ്വാസികളുടെ ഒരു ഗണം ഉണ്ടായിരിക്കുകയും വേണം. 1992 ജൂണ്‍ 20-ാം തീയതി സഭയുടെ സമുന്നത കോടതിയായ അപ്പസ്‌തോലിക് സിഗ്നത്തൂര (Signatura Apostolica) യുടെ തീരുമാനപ്രകാരം ഇടവകയിലെ കേവലം രണ്ടു പേര്‍ക്ക് മെത്രാന്റെ ഡിക്രിക്കെതിരെ മേലധികാരിയെ സമീപിക്കുവാന്‍ അനുവാദം നല്‍കുകയുണ്ടായി (prot.No:22036/92A).

മെത്രാന്റെ ഡിക്രിക്കെതിരെയുള്ള അപേക്ഷ

വൈദികനെ നീക്കം ചെയ്തുകൊണ്ടുള്ള ഡിക്രിക്കെതിരെ പരാതി സമര്‍പ്പിക്കേണ്ടത് ഡിക്രി പുറപ്പെടുവിച്ച മെത്രാന്റെ പക്കല്‍ തന്നെയാണ്. വൈദികനെ നീക്കം ചെയ്തുകൊണ്ടുള്ള ഡിക്രി എത്രമാത്രം ഇടവക ജനത്തിന് ക്ഷതം ഉണ്ടാക്കുന്നതാണെന്ന് അറിയിച്ചും പ്രസ് തുത ക്ഷതത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉന്നയിച്ചും മെത്രാനെ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ വൈദികനെ നീക്കം ചെയ്യാനായി മെത്രാന്‍ മുന്നോട്ട് വച്ച കാരണങ്ങളെയോ അതിനായി അദ്ദേഹം കൈക്കൊണ്ട നടപടികളേയോ ചോദ്യം ചെയ്യാം.

വൈദികനെ നീക്കം ചെയ്യാനായി മെത്രാന്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ വാസ്തവമല്ലെന്ന് കരുതുകയോ അതിനാല്‍ തീരുമാനം പുനഃപരിശോധിച്ചേക്കാമെന്നോ മെത്രാന്‍ സാധാരണ ഗതിയില്‍ കരുതാനിടയില്ല. ഇത്തരം സാഹചര്യത്തില്‍ ഡിക്രിക്കെതിരെ അപേക്ഷയുമായി മുന്നോട്ട് പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പരിശുദ്ധ സിംഹാസനത്തെ സമീപിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വൈദി കര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തെയാണ് സമീപിക്കേണ്ടത്.

മെത്രാന്റെ തീരുമാനത്തെ ശരിവച്ചാല്‍

വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം മെത്രാന്റെ തീരുമാനത്തെ ശരിവച്ചാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അക്ഷേപവുമായി വീണ്ടും സഭയുടെ സമുന്നത കോടതിയായ അപ്പസ്‌തോലിക് സിഗ്നത്തൂരയെ സമീപിക്കാവുന്നതാണ്. മെത്രാന്‍ തീരുമാനമെടുത്ത രീതിയില്‍ സഭാനിയമങ്ങളോ നടപടിക്രമങ്ങളോ പാലിച്ചിട്ടില്ലെന്ന് ബോധ്യമുള്ളപ്പോഴാണ് പരാതിപ്പെടാനുള്ള അര്‍ഹത കൈവരുന്നത് (CIC.c.1445/2; PB. Art 123/1).

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.