വിവാഹാശീര്‍വ്വാദം സാധുവാകണമെങ്കില്‍

ഫാ. ജോസ് ചിറമേല്‍

ഞാനും ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും ഒരേ ഇടവകാംഗങ്ങളാണ്. ഞങ്ങളുടെ വിവാഹം ആശീര്‍വദിക്കാമെന്ന് വികാരിയച്ചന്‍ സമ്മതിച്ചിരുന്നു. വിവാഹത്തിന് ഏകദേശം മൂന്ന് മണിക്കൂര്‍ മുന്‍പ് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലേക്ക് പോകുന്നതിനുമുന്‍പ് അയല്‍ ഇടവകകളിലെ ഏതെങ്കിലുമൊരു വൈദികനെ വിളിച്ച് വിവാഹം ആശീര്‍വദിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യണമെന്ന് വികാരിയച്ചന്‍ എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് അയല്‍ ഇടവകയിലെ ഒരു വൈദികനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം വന്ന് ഞങ്ങളുടെ വിവാഹം ആശീര്‍വദിച്ചു. ഈ വിവാഹം സാധുവല്ലെന്ന് ചിലര്‍ പറയുന്നു. ശരിയാണോ?

സാബു ചെറിയാന്‍, പേരാമ്പ്ര

ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുന്‍പ് കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ക്കും ഇടവക വികാരിമാര്‍ക്കും മറ്റ് വൈദികര്‍ക്കും ഉള്ള അധികാരങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് രണ്ട് തരത്തിലുള്ള അധികാരങ്ങള്‍ ഉണ്ട് എന്നതാണ്. ഒന്ന് ഭരണപരമായ അധികാരം  (Jurisdictional Power); രണ്ട് ശുശ്രൂഷാപരമായ അധികാരം (Ministerial Power). ഇവയില്‍ ഭരണപരമായ അധികാരം സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനംവഴി (Canonical appointment) ലഭിക്കുന്നു. ശുശ്രൂഷാപരമായ അധികാരം ലഭിക്കുന്നത് തിരുപ്പട്ടങ്ങളുടെ സ്വീകരണം വഴിയാണ് (Sacred orders). ഇതില്‍ ഭരണപരമായ അധികാരത്തെ രണ്ടായി വേര്‍തിരിച്ചിരിക്കുന്നു: ഒന്ന്: ഉദ്യോഗ സംബന്ധമായ അധികാരം;(attached to the office) രണ്ട്: ഡെലിഗേറ്റ് ചെയ്ത അധികാരം. ഇതിനെ അര്‍പ്പിതാധികാരം എന്ന് പറയാം. ഉദ്യോഗസംബന്ധമായ അധികാരം സ്വന്തം പേരിലാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനെ തനതായ അധികാരം (ordinary power) എന്ന് പറയും. മറ്റൊരാളെ പ്രതിനിധാനം ചെയ്ത് അയാളുടെ പേരില്‍ ഉപയോഗിക്കുന്ന അധികാരമാണെങ്കില്‍ അതിനെ പ്രതിപുരുഷാധികാരം (Ordinary Vicarious power) എന്നാണ് പറയുക. കൂടാതെ അധികാരത്തിന്റെ വിനിയോഗം അനുസരിച്ച് അതിനെ പ്രാദേശികാടിസ്ഥാനത്തിലുള്ള അധികാരമെന്നും (territorial jurisdiction) വ്യക്തിഗതമായ അധികാരമെന്നും (Personal jurisdiction) പറയാവുന്നതാണ്.

ഉദ്യോഗസംബന്ധമായ അധികാരം: ആര്‍ക്കെല്ലാം?

വിവാഹം സാധുവായി ആശീര്‍വ്വദിക്കുന്നതിന് സ്വന്തം രൂപതയില്‍ മെത്രാനും ഇടവകയില്‍ ഇടവക വികാരിക്കും ഉദ്യോഗസംബന്ധമായ അധികാരമുണ്ട്. പൗരസ്ത്യ നിയമസംഹിതയിലെ 829-ാം കാനോനയും ലത്തീന്‍ നിയമ സംഹിതയിലെ 1109-ാം കാനോനയും നിഷ്‌ക്കര്‍ഷിക്കുന്നതനുസരിച്ച് ഔദ്യോഗികമായി അധികാരമേല്‍ക്കുന്ന അന്നുമുതല്‍ നിയമാനുസൃതമായി ഉദ്യോഗത്തില്‍ തുടരുന്നിടത്തോളം കാലം സ്ഥലത്തെ മേലദ്ധ്യക്ഷനും വികാരിക്കും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍പ്പെട്ടവരായാലും അല്ലെങ്കിലും, കക്ഷികളിലാരെങ്കിലും ഒരാള്‍ തന്റെ സ്വയാധികാര സഭയില്‍ (Church sui iuris)അംഗമാണെങ്കില്‍ അവരുടെ വിവാഹം തന്റെ അതിര്‍ത്തിക്കുള്ളില്‍ എവിടെവച്ചും സാധുവായി ആശീര്‍വ്വദിക്കാവുന്നതാണ് (CCEO.C.829/1;CIC.C.1109).

ഉദാഹരണമായി, പാലാ രൂപതയില്‍ നിന്നോ കോത മംഗലം രൂപതയില്‍ നിന്നോ അങ്കമാലി ഇടവകയില്‍ നിന്നോ വിവാഹം നടത്തുന്നതിനായി എറണാകുള ത്തുവരുന്നവര്‍ സീറോ മലബാര്‍ സഭയില്‍പ്പെട്ടവരായതിനാല്‍ അവരുടെ വിവാഹം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ വികാരിയ്ക്ക് ബസിലിക്കാ ദേവാലയത്തിലും ബസിലിക്കാ ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെവച്ചും ആശീര്‍വ്വദിക്കാനുള്ള ഔദ്യോഗികാധികാരമുണ്ട്. ദമ്പതിമാരില്‍ ഒരാള്‍ ലത്തീന്‍ സഭയില്‍ അംഗമാണെങ്കിലും മറ്റേയാള്‍ സീറോ മലബാര്‍ സഭാംഗമായാല്‍ അവരുടെ വിവാഹം ബസിലിക്കയില്‍ വച്ച് ആശീര്‍വദിക്കുന്നതിന് ബസിലിക്കാ വികാരിക്ക് അധികാരമുണ്ട്. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ വച്ച് അതേ റീത്തില്‍പ്പെട്ട ആരുടേയും വിവാഹം ആശീര്‍വദിക്കാനുള്ള ഔദ്യോഗികാധികാരം എല്ലാ വികാരിമാര്‍ക്കും ഉള്ളതാണല്ലോ. സീറോമലബാര്‍ സഭാംഗങ്ങള്‍ മറ്റ് രൂപതകളില്‍ നിന്നോ ഇടവകകളില്‍ നിന്നോ വിവാഹം നടത്തുന്ന തിനായി എറണാകുളത്ത് വരുമ്പോള്‍ രണ്ട് കൂട്ടരുടേയും (വരന്റേയും വധുവിന്റേയും ഇടവകകളില്‍ നിന്ന്) കെട്ടുകുറി കൊണ്ടുവരേണ്ടതാണ്. കെട്ടുകുറിയില്‍ പ്രസ്തുത വിവാഹം എറണാകുളം ബസിലിക്ക യില്‍ നടത്തിക്കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതും അഭിലഷണീയമാണ്.

അതിര്‍ത്തിക്ക് വെളിയില്‍ വിവാഹം നടത്തുവാന്‍ അധികാരമില്ല. 

സ്ഥലത്തെ മേലദ്ധ്യക്ഷനോ വികാരിക്കോ അജഗണങ്ങളുടേതാണെങ്കില്‍പ്പോലും സ്വന്തം അതിര്‍ ത്തിക്ക് പുറത്തുവച്ച് നടക്കുന്ന വിവാഹങ്ങള്‍ ആശീര്‍വദിക്കാനോ ആശീര്‍വ്വാദകര്‍മ്മം നടത്തുവാന്‍ മറ്റൊരു വൈദികനെ ഏര്‍പ്പെടുത്തുവാനോ അധികാ രമില്ല. ഉദാഹരണമായി, ബസിലിക്കാ ഇടവകാംഗങ്ങളുടെ വിവാഹം ഇടപ്പള്ളി പള്ളിയില്‍ വച്ച് നടക്കുമ്പോള്‍ പ്രസ്തുത വിവാഹം ആശീര്‍വദിക്കുന്നതിന് ബസിലിക്കാവികാരിക്ക് ഇടപ്പള്ളിപള്ളി വികാരിയുടെ പക്കല്‍നിന്നും ഡെലിഗേഷന്‍ (അര്‍പ്പിതാധികാരം) ലഭിച്ചിരിക്കണം. ദമ്പതിമാര്‍ രണ്ട് പേരും ലത്തീന്‍ സഭാംഗങ്ങളാണെങ്കില്‍ അവരുടെ വിവാഹം ബസിലിക്കയില്‍വച്ച് ആശീര്‍വദിക്കുന്നതിന്  ബസിലിക്കാ വികാരിക്ക് ഉദ്യോഗസംബന്ധമായ അധികാരമില്ല. പ്രസ്തുത വിവാഹം ബസിലിക്കാ വികാരിക്ക് ബസിലിക്കയില്‍വച്ച് ആശീര്‍വദിക്കണമെങ്കില്‍ വരാപ്പുഴ മെത്രാപ്പോലീത്തയില്‍ നിന്നോ വരാപ്പുഴ കത്തീഡ്രല്‍ വികാരിയില്‍ നിന്നോ ഡെലിഗേഷന്‍ (അര്‍പ്പിതാധികാരം) ലഭിച്ചിരിക്കണം.

ബസിലിക്കാ ഇടവകാംഗങ്ങളായ രണ്ടുപേരുടെ വിവാഹം ബസിലിക്കാ വികാരിക്ക് ബസ്‌ലിക്കാ ഇടവകയുടെ അതിര്‍ത്തിയിലുള്ള ലത്തീന്‍ പള്ളിയില്‍ വച്ച് സാധുവായി നടത്തുന്നതിന് ലത്തീന്‍ പള്ളിയുടെ വികാരിയില്‍ നിന്ന് അനുമതി മാത്രം ലഭിച്ചാല്‍ മതി. ഇതേ നടപടിക്രമം തന്നെയാണ് ലത്തീന്‍ ഇടവകാതിര്‍ത്തിയിലുള്ള സീറോമലബാര്‍ പള്ളിയില്‍ വച്ച് ലത്തീന്‍ പള്ളിവികാരിക്ക് ലത്തീന്‍ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ സ്വീകരിക്കേണ്ടതും.

നിയമാനുസൃതമായി അധികാരം വഹിക്കുന്നിടത്തോളം കാലം സ്ഥലത്തെ മേലദ്ധ്യക്ഷനും വികാരിക്കും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍പ്പെട്ട അജഗണങ്ങളുടെ ഒരു നിശ്ചിതവിവാഹം ആശീര്‍വ്വദിക്കാനുള്ള അധികാരം ഏത് സ്വയാധികാരസഭയിലെ വൈദികര്‍ക്കും – ലത്തീന്‍ സഭയിലെ വൈദികര്‍ക്കും – നല്‍കുവാന്‍ കഴിയും (CCEO.C.830/1;CIC.C.IIII/1).

അധികാരം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം നല്‍കുന്നത് സാധുവാകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട് (CCEO. C.830/3;CIC.C.1111/2). ഇതനുസരിച്ച് വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം വ്യക്തമായി നല്‍കപ്പെട്ടിരിക്കണം. ഇത് നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിക്ക് (Priest) ആയിരിക്കുകയും വേണം. അതനുസരിച്ച് സ്ഥലത്തെ മേലദ്ധ്യക്ഷനോ വികാരിക്കോ സന്യാസസഭയുടെ സുപ്പീരിയര്‍ നിയമിക്കുന്ന ഏതെങ്കിലും വൈദികന് എന്ന് പറഞ്ഞുകൊണ്ട് വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം നല്‍കാന്‍ പാടുള്ളതല്ല. ഒരു നിശ്ചിത വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം ഒരു നിശ്ചിത വൈദികനാണ് വ്യക്തമായി നല്‍കേണ്ടത്. ലത്തീന്‍ സഭയില്‍ ഡീക്കന്മാര്‍ക്കും വിവാഹം നടത്താന്‍ അധികാരം നല്‍കാവുന്നതാണ് (CIC.1111/1). വൈദികരും ഡീക്കന്മാരും ഇല്ലാത്ത സാഹചര്യത്തില്‍ അല്‍മായര്‍ക്കും വിവാഹം നടത്തിക്കൊടുക്കാന്‍ ലത്തീന്‍ സഭയില്‍ അധികാരമുണ്ട് (CIC.C.1112). ഇത്തരം അധികാരപ്പെടുത്തല്‍ രേഖാമൂലമായിരിക്കണമെന്നില്ല; വാക്കാല്‍ പറഞ്ഞാ ലും മതിയാകും. വിവാഹം ആശീര്‍വദിക്കാനുള്ള ഇത്തരം അധികാരപ്പെടുത്തല്‍ വിവാഹത്തിന്റെ തന്നെ സാധുതയെ ബാധിക്കുന്നതായതുകൊണ്ട് എന്തെങ്കി ലും ഒരു രേഖ ഇക്കാര്യത്തില്‍ ഉണ്ടാകുന്നത് അഭിലഷണീയമാണ്.

വിവാഹം ആശീര്‍വദിക്കാനുള്ള പൊതു അധികാരം

വിവാഹം ആശീര്‍വദിക്കാനുള്ള പൊതുഅധികാരം (General Faculty) നല്‍കാന്‍ സ്ഥലത്തെ മേലദ്ധ്യക്ഷനു മാത്രമേ കഴിയൂ (CCEO.C.830/2). ഈ അധികാരം രേഖാമൂലമാണ് നല്‍കേണ്ടത്. പൊതുഅധികാര മുള്ളവര്‍ക്ക് ഈ അധികാരം മറ്റൊരാള്‍ക്ക് ഒരു നിശ്ചിത വിവാഹം ആശീര്‍വദിക്കാനായി നല്‍കാവുന്നതാണ്. എന്നാല്‍ ഡെലിഗേറ്റ് ചെയ്ത അധികാരം മാത്രമുള്ള ആള്‍ക്ക് ഡെലിഗേറ്റ് ചെയ്ത ആളിന്റെ വ്യക്തമായ അനുവാദം കൂടാതെ മറ്റൊരാള്‍ക്ക് ഈ അധികാരം നല്‍കുവാന്‍ പാടില്ല. സബ്ബ്‌ഡെലിഗേഷന്‍ (Sub-delegation) പാടില്ല എന്നര്‍ത്ഥം (CCEO.C.988; CIC.C.137). “Delegatus non potest delegare” എന്നാണ് നിയമവ്യാഖാനം. ചുരുക്കത്തില്‍, അര്‍പ്പിതാധികാരം (delegated power) മാത്രമുള്ളയാള്‍ക്ക് ദാതാവിന്റെ വ്യക്തമായ അനുവാദം കൂടാതെ മറ്റൊരാളെ ഒരു നിശ്ചിതവിവാഹം ആശീര്‍വദിക്കാനുള്ള ചുമതല വീണ്ടും നിയോഗിച്ച് നല്‍കാന്‍ പാടില്ല.

പ്രതിപാദ്യവിഷയം:

ചോദ്യകര്‍ത്താവ് പ്രതിപാദിച്ചിരിക്കുന്ന വിഷയം ഒരു നിശ്ചിത വിവാഹത്തെപ്പറ്റിയാണല്ലോ. പ്രസ്തുത വിവാഹം സാധുവായി ആശീര്‍വദിക്കുന്നതിന് ദമ്പതിമാരുടെ ഇടവകവികാരിയില്‍ നിന്നുള്ള അധികാരപ്പെടുത്തലാണ് ആവശ്യമായിട്ടുള്ളത്. ഈ വിവാഹത്തിന്റെ സാധുത രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്: 1. വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം (delegation) ഇടവകവികാരി വ്യക്തമായി നല്‍കിയോ?; 2. വിവാഹം ആശീര്‍വദിച്ച വൈദികനാണോ ഈ അധികാരം നല്‍കിയത്?

ഈ രണ്ട് ചോദ്യങ്ങള്‍ക്കും ലഭിക്കുന്ന മറുപടിയെ ആശ്രയിച്ചാണ് പ്രതിപാദിക്കപ്പെട്ട വിവാഹം സാധുവോ അസാധുവോ എന്ന് തീരുമാനിക്കപ്പെടുന്നത്.

ഡെലിഗേഷന്‍ സ്പഷ്ടമോ സൂചിതമോ ആകാം

ഒരു നിശ്ചിതവിവാഹം ആശീര്‍വ്വദിക്കാനുള്ള അധികാരം വ്യക്തമായി നല്‍കിയിരിക്കണം എന്നു പറയുമ്പോള്‍ പ്രസ്തുത ഡെലിഗേഷന്‍ സ്പഷ്ടമായോ (explicit) സൂചിതമായോ (implicit) നല്‍കാവുന്നതാണെന്ന് മനസ്സിലാക്കണം. ചോദ്യകര്‍ത്താവ് പ്രതിപാദിച്ചിരിക്കുന്ന വിവാഹത്തിന്റെ കാര്യത്തില്‍ വിവാഹം ആശീര്‍വദിക്കാന്‍ അധികാരമുള്ള വികാരി അയല്‍പക്ക ഇടവകകളില്‍ കിട്ടാന്‍ സാദ്ധ്യതയുള്ള ഒരു വൈദികനെ വിളിച്ച് വിവാഹം ആശീര്‍വദിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്ത സാഹചര്യത്തില്‍ വികാരി സൂചിതമായി (implicit) ഈ വിവാഹം ആശീര്‍വദിക്കാ നുള്ള അധികാരം ഡെലിഗേറ്റ് ചെയ്തതായി കണക്കാക്കാവുന്നതാണ്. സഭാനിയമ വ്യാഖ്യാതാക്കളുടെ വീക്ഷണത്തില്‍, വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം ഒരു വൈദികനെ ടെലഗ്രാം വഴിയോ, ദൂതന്‍ വഴിയോ ദമ്പതിമാരില്‍ ആരെങ്കിലും വഴിയോ അറിയിക്കാവുന്നതാണ്.

ഇവിടെ പരിഗണിക്കുന്ന വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം (delegation) ദമ്പതികളുടെ ഇടവക വികാരിയുടെ ദൂതന്‍വഴിയാണ് അയല്‍ ഇടവകയിലെ വൈദികരില്‍ ഒരാളെ അറിയിച്ചിരിക്കുന്നത്. നിയമ വ്യാഖ്യാതക്കളുടെ വീക്ഷണത്തില്‍, ഏതെങ്കിലുമൊരു വൈദികനെ ക്ഷണിച്ച് വിവാഹാശീര്‍വ്വാദം നടത്താന്‍ പറഞ്ഞുകൊണ്ട് നല്‍കുന്ന അധികാരം (delegation) സാധുവായിരിക്കില്ല. വിവാഹാശീര്‍വ്വാദത്തിന് നല്‍കു ന്ന അധികാരം സാധുവാകണമെങ്കില്‍ ആശീര്‍വ്വദി ക്കാനുള്ള വൈദികന്‍ ആരാണെന്ന് കൃത്യമായി സൂചിപ്പിച്ചിരിക്കണം.

അധികാരം പലര്‍ക്കു നല്‍കുമ്പോള്‍

ഉദ്യോഗസംബന്ധമായ ഭരണനിര്‍വ്വഹണാധികാരമു ള്ള വൈദികന് പല വൈദികര്‍ക്ക് ഒരു പ്രത്യേക വിവാഹം ആശീര്‍വദിക്കാന്‍ അധികാരം നല്‍കാവുന്നതാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം ഒരു വിവാഹം ആശീര്‍വദിക്കാന്‍ ഒന്നില്‍ കൂടുതല്‍ വൈദികര്‍ക്ക് അധികാരം ലഭിക്കുന്നുവെങ്കില്‍ അധികാരം ലഭിക്കുന്ന എല്ലാ വൈദികര്‍ക്കും, പ്രസ്തുത വിവാഹം ആശീര്‍വ്വദിക്കാന്‍ തുല്യഅധികാരമാണുള്ളത്. ആദ്യം ഈ അധികാരം വിനിയോഗിക്കുന്നയാള്‍ അധികാരം ലഭിച്ച മറ്റാളുകളെ ഈ അധികാരവിനിയോഗത്തില്‍ നിന്ന് തടയുന്നു (CCEO.C.990/2;CIC.C.140).

ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന വിവാഹത്തി ല്‍ ലഭ്യമായ അറിവനുസരിച്ച് അയല്‍ ഇടവകകളില്‍ നിന്ന് ലഭിക്കുന്ന ഒരു വൈദികനെ വിളിച്ച് വിവാഹാശീര്‍വ്വാദം നടത്താന്‍ നിയോഗിക്കപ്പെട്ട ദമ്പതി വെറുമൊരു ദൂതന്‍ മാത്രമാണ്. വിവാഹം ആശീര്‍വ്വദിക്കാനുള്ള വികാരിയുടെ അധികാരം കൈമാറാനുള്ള വ്യക്തി മാത്രം. അയല്‍ ഇടവകയിലെ ഒരു പ്രത്യേക വൈദികനെ വിളിച്ച് ഈ വിവാഹം ആശീര്‍വ്വദിക്കാന്‍ വികാരി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അയല്‍ ഇടവകകളിലെ ഏതെങ്കിലുമൊരു വൈദികനെ വിളിച്ച് ഈ വിവാഹം ആശീര്‍വദിക്കാന്‍ പറയണം എന്നാണ് വികാരി ആവശ്യപ്പെട്ടത്. അതായത്, അയല്‍ ഇടവകകളില്‍ നിന്ന് ഏത് വൈദികനെയാണോ ലഭിക്കുന്നത് അദ്ദേഹം ഈ വിവാഹം ആശീര്‍വദിക്കും എന്ന് ചുരുക്കം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ഇടവക വികാരി ഈ വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം അയല്‍ ഇടവകകളിലെ എല്ലാ വൈദികര്‍ക്കും സൂചിതമായി (implicit) നല്‍കുകയാണ് ചെയ്തത് എന്നാണ്. അതുകൊണ്ടുതന്നെയാണ് അയല്‍ ഇടവകകളിലെ ഏതെങ്കിലും വൈദികന്‍ എന്ന് വികാരി തന്റെ ദൂതനോട് വ്യക്തമായി പറഞ്ഞത്. ഒരു നിശ്ചിതവിവാഹം ആശീര്‍വദിക്കുന്നതിന് ഒന്നില്‍ കൂടുതല്‍ വൈദികരെ നിയോഗിക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് നേരത്തെ കാണുകയുണ്ടായി. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ചോദ്യത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിവാഹം സാധുവാ യിട്ടാണ് നടത്തപ്പെട്ടതെന്ന്  അനുമാനിക്കാം.

ഫാ ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.