“അതൊരു അത്ഭുതമായിരുന്നു” – ലിവർപൂളിലെ ഭീകരാക്രമണം തടഞ്ഞ ക്യാബ് ഡ്രൈവറുടെ സാക്ഷ്യം

നവംബർ 14 ഞായറാഴ്ച, സെൻട്രൽ ലിവർപൂളിൽ നടന്ന ഭീകരാക്രമണം തടയാൻ സാധിച്ചത് ഒരു ക്യാബ് ഡ്രൈവറുടെ ധീരതയാണ്. വളരെ നിർണ്ണായകമായ ആ സമയം സമചിത്തതയോടെ പ്രവർത്തിക്കാൻ സാധിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ഡ്രൈവർ ഡേവിഡ് പെറി വെളിപ്പെടുത്തുന്നത്. വാടകയ്ക്കു വിളിച്ച ക്യാബിൽ ഇരിക്കുന്നത് തീവ്രവാദിയാണെന്ന് അറിയുന്ന നിമിഷം ഒരു ഡ്രൈവർക്ക് എന്തു ചെയ്യാൻ സാധിക്കും! ഡ്രൈവർ ഡേവിഡ് പെറി പറയുന്നു: “ദൈവത്തിനു സാധിക്കും. കാരണം, അതൊരു അത്ഭുതമായിരുന്നു.”

“തന്റെ ക്യാബിൽ കയറിയ യാത്രക്കാരൻ ലിവർപൂൾ കത്തീഡ്രലിലേക്ക് പോകണമെന്നു പറഞ്ഞു. അവിടെ, അടുത്തിടെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുള്ള ആദരാഞ്ജലി നടക്കുന്ന സമയമായിരുന്നു. അങ്ങോട്ടുള്ള പ്രവേശനം സുരക്ഷാമാനദണ്ഡപ്രകാരം പരിമിതപ്പെടുത്തിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോൾ കാരണം നഗരത്തിലുടനീളം വൻ ഗതാഗതക്കുരുക്കായിരുന്നു. യാത്രക്കാരൻ പെറിയോട് വഴി തിരിച്ചുവിടാനും പകരം ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോകാനും ആവശ്യപ്പെട്ടു. അപ്പോഴാണ് യാത്രക്കാരൻ തീവ്രവാദി ആക്രമണം ഉദ്ദേശിച്ചിരുന്നുവോ എന്ന് തനിക്ക് ആദ്യമായി സംശയം തോന്നിയത്.”

ആശുപത്രിയിലെത്തിയ നിമിഷം പെറി പെട്ടെന്നു തന്നെ യാത്രക്കാരനെ കാറിനുള്ളിൽ പൂട്ടി. ഡ്രൈവറുടെ സീറ്റിനെ പിൻസീറ്റിൽ നിന്ന് വേർപെടുത്തുന്ന പ്ലാസ്റ്റിക് പാനൽ മാത്രമായിരുന്നു പെറിയുടെ ഏക സംരക്ഷണം. കാറിനുള്ളിൽ ഉണ്ടായിരുന്ന ഭീകരന് ചാവേർ ആക്രമണം നടത്തുന്നതിന് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. പക്ഷേ, വാഹനം പൊട്ടിത്തെറിക്കുന്നതിന് ഒരു സെക്കന്റ് മുമ്പ് പെറിക്ക് കാറിൽ നിന്ന് അത്ഭുതകരമായി പുറത്തിറങ്ങാൻ സാധിച്ചു!

ആക്രമണത്തിന്റെ പിറ്റേന്ന് പെറിയുടെ ഭാര്യ റേച്ചൽ പെറി ഫേസ്ബുക്കിൽ കുറിച്ച സന്ദേശത്തിൽ, ദൈവം തന്റെ ഭർത്താവിനെ സുരക്ഷിതമായി സൂക്ഷിച്ചുവെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് വെളിപ്പെടുത്തി. “അദ്ദേഹം രക്ഷപ്പെട്ടത് യഥാർത്ഥത്തിൽ വലിയ അത്ഭുതമാണ്. കാവൽമാലാഖമാരുടെ പ്രത്യേകമായ സംരക്ഷണം ഒന്നുകൊണ്ടു മാത്രമാണ് പെറിക്ക് ആ വലിയ അപകടത്തിൽ നിന്നും രക്ഷപെടാൻ സാധിച്ചത്. തീർച്ചയായും കാവൽമാലാഖമാർ അദേഹത്തെ പരിപാലിക്കുന്നുണ്ടായിരുന്നു” – റേച്ചൽ വെളിപ്പെടുത്തുന്നു. അതോടൊപ്പം ഇങ്ങനെയുള്ള അപകടങ്ങൾ ഇനി മറ്റാർക്കും സംഭവിക്കാതിരിക്കാൻ റേച്ചൽ എല്ലാവർക്കും വേണ്ടി തന്റെ പ്രാർത്ഥനയും ഫേസ്ബുക്ക് സന്ദേശത്തിലൂടെ അറിയിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.