
മെയ് ഒൻപതിന് പുതിയ മാർപാപ്പയ്‌ക്കൊപ്പമാണ് കത്തോലിക്ക സഭ ഉണർന്നത്. അപ്പോസ്തലനായ പത്രോസിന്റെ 267-ാമത്തെ പിൻഗാമിയും ക്രിസ്തുവിന്റെ വികാരിയുമായി ലെയോ പതിനാലാമൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകമെമ്പാടും പുതിയ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. ബിഷപ്പുമാർ പുതിയ മാർപാപ്പയെ നയിക്കാൻ പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകി.
പുതിയ മാർപാപ്പയുടെ സ്ഥാനരോഹണത്തിന്റെ വിശുദ്ധ കുർബാന മെയ് 18 ഞായറാഴ്ച, റോമൻ സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കും. റോമൻ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും വത്തിക്കാൻ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും നിലവിലെ ചുമതലകൾ താത്കാലികമായി തുടരണമെന്ന് പരിശുദ്ധ പിതാവ് അഭ്യർഥിച്ചു എന്ന് ഹോളി സീ പ്രസ്സ് ഓഫീസ് പങ്കുവച്ചു. എന്നിരുന്നാലും, ഏതെങ്കിലും നിർണ്ണായകമായ നിയമനങ്ങളോ, സ്ഥിരീകരണങ്ങളോ’ നടത്തുന്നതിനുമുൻപ് ചിന്തിക്കാനും പ്രാർഥനയ്ക്കും സംഭാഷണത്തിനും ഒരു നിശ്ചിത സമയം നൽകാനുള്ള അവകാശം ലെയോ പതിനാലാമൻ മാർപാപ്പ നിലനിർത്തുന്നു.