ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (15)

    ഫാ. തോമസ് കറുകയില്‍

    മലനിരകൾ താണ്ടി ….

    ഞങ്ങൾക്ക് ഉത്സവങ്ങളുടെ കാലമാണ് ഡിസംബർ. ക്രിസ്തുമസും മുല്ലയ്ക്കൽ ചിറപ്പും കാർണിവെലുകളുമായി ആലപ്പുഴ നഗരം സുന്ദരിയാകുന്ന സമയം. നക്ഷത്രശോഭയുള്ള നഗരമധ്യത്തിലേയ്ക്ക് വൈകുന്നേരം മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പുരുഷാരം ഒഴുകിയെത്തി തുടങ്ങും. കറുകപ്പള്ളിയുടെ വരാന്തയിലിരുന്ന് ചിറപ്പ് കാണാൻ പോകുന്ന മനുഷ്യരെ നോക്കി ഞങ്ങൾ അസൂയപ്പെടും. കാരണം, ക്രിസ്തുമസ് ദിനത്തിലോ അതു കഴിഞ്ഞുള്ള ദിവസമോ മാത്രമാണ് ഞങ്ങൾക്ക് ചിറപ്പ് കാണാൻ വീട്ടിൽ നിന്നും അനുവദിക്കപ്പെട്ട ദിവസം. അതും അപ്പനോ അമ്മയോ കൂടെ വരില്ല. പിന്നെയോ, അമ്മച്ചിയേക്കാൾ കരുതലോടെ ഞങ്ങളുടെ കൈപിടിച്ചൊരാൾ മുന്നിൽ നിന്നും നയിക്കും. തൊട്ടയൽവക്കത്തെ വീട്ടിലെ ‘മീനാമ്മ’ ആയിരുന്നു ചിറപ്പിനു ഞങ്ങൾ കുട്ടിസംഘത്തെ കൂട്ടാൻ എന്നും ആവേശത്തോടെ മുന്നിലുണ്ടാവുക . ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ആ ‘നന്മ’ അവിടെയുണ്ട് .

    ക്രിസ്തുമസ് കാലമായാൽ കറുകപ്പള്ളിയിൽ പുൽക്കൂട് കെട്ടുന്ന ചുമതല ഞങ്ങളുടേതാണ്. പുൽക്കൂട് മേയുന്നതിനുള്ള വൈക്കോൽ അവിടെയടുത്ത് പശു വളർത്തുന്ന സൂര്യൻപിള്ള ചേട്ടൻറെ വീട്ടിലെ വലിയ വൈക്കോൽതുറുവിൽ നിന്നും സംഘടിപ്പിക്കും. ക്രിസ്തുമസ് ട്രീയായി കറുവപ്പട്ട മരത്തിൻറെ വലിയൊരു ശിഖരം ആണ് എല്ലാ കൊല്ലത്തേയും പതിവ്. മർച്ചന്റ് അപ്പച്ചായന്റെ വീട്ടിലെ വലിയ കറുവമരത്തിലെ കൊമ്പുകളായിരുന്നു ക്രിസ്തുമസ് ട്രീ. പുൽക്കൂടിനകത്ത് ഒരുവശത്തായി ക്രമീകരിക്കുന്ന ചെറു വയലേലകൾക്കു വേണ്ടി ഞാറു പറിക്കാൻ മുതിർന്നവരോടൊപ്പം “കരളകം” പാടത്തു പോയപ്പോളാണ് ഒറ്റക്കാലിൽ എന്തോ ധ്യാനിച്ചു നിൽക്കുന്ന സുന്ദരൻ കൊറ്റികളെ ഞാൻ നടാകെ കാണുന്നത്. നീണ്ട കാലുകളിൽ ഊന്നി ഞൊടിയിട കൊണ്ട് വെള്ളത്തിലേക്ക് കൊക്കെത്തിച്ചു മീൻ പിടിക്കുന്ന വെളുത്ത കൊറ്റിക്കൂട്ടങ്ങൾ അന്നെനിക്കൊരു കൗതുക കാഴ്ചയായിരുന്നു. അനങ്ങാതെ നിൽക്കുന്ന കൊറ്റിക്കൂട്ടങ്ങളെ പറത്താൻ വെടിപൊട്ടും പോലെ ശബ്ദമുണ്ടാകുന്നതായിരുന്നു അന്നത്തെ ഒരു പ്രധാന വിനോദം.

    യാക്കോബിന്റെ വഴിയിലൂടെ കടന്നുപോകുമ്പോൾ ഏതൊരാളെയും ആകർഷിക്കുന്ന കാഴ്ചകളിലൊന്ന് മിക്കവാറും ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും മുകളിൽ കൂടു കൂട്ടിയിരിക്കുന്ന കൊറ്റികളും അവയുടെ കൂടുകളുമാണ്. യൂറോപ്യൻ നാടോടി പാരമ്പര്യത്തിൽ ഭാഗ്യം കൊണ്ടുവരുന്ന പക്ഷികളാണ് കൊറ്റികൾ. നവജാത ശിശുക്കളെ അവരുടെ മാതാപിതാക്കളുടെ പക്കൽ എത്തിക്കുന്ന ചുമതലയുള്ള ഈ ക്രൗഞ്ചപക്ഷികൾ അവയുടെ കൊക്കുകളിൽ തൂക്കിയിട്ടിരിക്കുന്ന തുണിസഞ്ചിയിൽ കൊണ്ടുവന്നു അമ്മമാരെ ഏൽപ്പിക്കുവെന്നോ അതുമല്ലെങ്കിൽ ചിമ്മിനിയിലൂടെ താഴേക്ക് ഇടുകയോ ചെയ്യുന്നു എന്നുള്ളതുമാണ് വിശ്വാസം.

    ഗ്രാഞ്ഞോണ്ണിലെ ദേവാലയത്തിനു മുകളിലും ഉണ്ടായിരുന്നു കൊറ്റികളും അവയുടെ കൂടും. ശരിക്കും ഇന്നലെ ഞങ്ങളും ദേവാലയത്തിന്റെ തട്ടിൻപുറത്ത് കൂടു കൂട്ടിരിക്കുകയായിരുന്നു. “കിരുകിൽ പക്ഷി ഒരു സങ്കേതവും മീവൽപക്ഷി കുഞ്ഞിനൊരു കൂടും അങ്ങയുടെ ബലിപീഠത്തിൽ കണ്ടെത്തുന്നവല്ലോ” എന്ന എൺപത്തിനാലാം സങ്കീർത്തനഭാഗം മനസ്സിലോർത്ത് പുതിയ പ്രഭാതത്തിലേക്ക് നടന്നുതുടങ്ങി. അനുഭവങ്ങൾ നിറഞ്ഞ ഒരു ദിനമാണ് ഇന്നലെ കടന്നുപോയത്. പതിനൊന്ന് ദിവസമായി നടപ്പ് തുടങ്ങിയിട്ട്. എല്ലാവരും ചെയ്യുമ്പോലെ വേണമെങ്കിൽ ഒരു ദിവസം വിശ്രമിക്കാം. 32 പാദങ്ങളുള്ള യാത്രയ്ക്ക് ഞാൻ കരുതിയിരിക്കുന്നത് 33 ദിവസങ്ങളാണ്. തീർത്ഥാടകർ പലരും 5 ആഴ്ചകളാണ് തീർത്ഥാടനത്തിന് മാറ്റിവയ്ക്കുക. വിശ്രമിക്കുവാനോ ഏതെങ്കിലും ഒരു വൻനഗരത്തിൽ ചുറ്റിക്കാണുവാനോ ഉള്ളതാണ് അധികമായിട്ടുള്ള ഓരോ ദിനവും. വരുംദിനങ്ങൾ എങ്ങനെയാകും എന്നുള്ളത് ഉറപ്പില്ലാത്തതിനാൽ വിശ്രമദിനം വേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ, ഇന്ന് കുറച്ചു ദൂരം മാത്രം നടന്ന് ഉച്ചകഴിഞ്ഞ് വിശ്രമിക്കാം എന്ന് കരുതി 17 കിലോമീറ്റർ അകലെയുള്ള ബെലോറാഡോ (Belorado) എന്ന പട്ടണം ഇന്നത്തെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തു.

    ഇന്നലെ പെയ്ത മഴയിൽ കുതിർന്നു കിടക്കുകയാണ് വഴി മുഴുവൻ. ഇന്നും ചെറുതായി മഴ ചാറുന്നുണ്ട്. ചെറിയ ചാറ്റൽ മഴയിലൂടെ കൂടെ മുന്നോട്ടു നടക്കുക രസമുള്ള ഒരു കാര്യമാണ്. ആദ്യദിനം തന്നെ വാങ്ങിയ മഴക്കോട്ട് പരീക്ഷിക്കുവാനുള്ള അവസരമാണ്. ബാക്ക്പായ്ക്ക് ഉൾപ്പെടെ മൂടുന്ന പോഞ്ചോ ധരിച്ചുള്ള ഉള്ള നടപ്പ് പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ടില്ല. തനിയെ എടുത്ത് ധരിക്കാൻ പറ്റുമെങ്കിലും പിന്നിൽ ബാക്ക്പായ്ക്ക് മുഴുവനായി മൂടിക്കിടപ്പുണ്ടെന്ന് ഉറപ്പുവരുത്താൻ സഹതീർത്ഥാടകരുടെ സഹായം ആവശ്യമാണ്.

    ഇന്ന് യാത്ര ലാ റിയോഖാ (La Rioja) പിന്നിട്ട് കാസ്റ്റിയിയ യെ ലിയോൺ (Castilla y Leon) പുതിയൊരു സംസ്ഥാനത്തിലേക്ക് കടക്കുകയാണ്. യാക്കോബിന്റെ വഴിയുടെ പകുതിയിലധികംഏകദേശം നാനൂറ് കിലോമീറ്ററിനടുത്ത് ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. സാന്തോ ഡൊമീൻഗോ ദേ ലാ കാൽസാദായിലെ വിശുദ്ധനായ ഡോമിംഗോയുടെ ജന്മസ്ഥലമായ വിലോറിയ ദേ റിയോഖാ (Villoria de Rioja) എന്ന ഗ്രാമം കടന്ന് യാത്ര മുന്നോട്ടുനീങ്ങി. ഗ്രാമ പരിസരത്തെങ്ങും പുറത്തൊരു മനുഷ്യരെയും കാണുന്നില്ല. യാത്ര പതിയെ തിരക്കേറിയ ഹൈവേ N-120 നു സമാന്തരമായുള്ള പാതയിലേക്ക് കടന്നു. പന്ത്രണ്ടരയോടെ ബെലോറാഡോയിൽ എത്തി. ബെലോറാഡോയിലെ മാതാവിൻറെ ദേവാലയം എന്റെ സഞ്ചാരപാതയിലാണ്. അതിനു മുകളിലുമുണ്ട് ഒന്നു-രണ്ട് ക്രൗഞ്ചപക്ഷി നീഡങ്ങൾ. ഇന്ന് വിശ്രമിക്കുന്നതിനും അലക്കുന്നതിനും ഫോൺ വിളിക്കുന്നതിനുമുള്ള ദിവസമാണ്. സത്രത്തിൽ ആറുപേർ താമസിക്കുന്ന ഒരു മുറിയിലായിരുന്നു ഇന്നത്തെ കിടപ്പ്. ഇന്ത്യ, ജർമ്മനി, ഇറ്റലി, പോളണ്ട്, അയർലൻഡ്, ദക്ഷിണ കൊറിയ എന്നീ ആറു രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒരേ ലക്ഷ്യം സ്വപ്നം കണ്ട് അവിടെ ഉറങ്ങി.

    പിറ്റേദിവസം അതിരാവിലെ തന്നെ പോകുവാനുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കി. യാത്ര തുടങ്ങും മുമ്പ് ഒരു കാര്യം ചെയ്തു തീർക്കേണ്ടതുണ്ട്. ഇന്നേദിവസം ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും മുറതെറ്റാതെ ചെയ്യുന്ന ഒരു കാര്യം. ഇന്ന് മെയ് ഇരുപത്തിയാറാം തീയതിയാണ്. ആലപ്പുഴയിലെ എന്റെ വീടിനു മുകളിലൂടെ ക്രൗഞ്ചപ്പക്ഷികൾ ഒരിക്കൽക്കൂടി പറന്ന ദിവസമാണിത്. ഈ വരവിൽ അവർ എനിക്കൊരു ഒരു കുഞ്ഞനുജനെയും കൊണ്ടുവന്നിരുന്നു. ആത്മമിത്രവും ഒരേ ഉദരത്തിനാവകാശിയുമായ ഏക അനുജന്റെ ജന്മദിനമാണിന്ന്. ഒരുമിച്ചുള്ള ഓർമ്മകൾക്കെപ്പോഴും ബോക്സിങ് റിങ്ങിന്റെ ആരവമാണ്. ഹൾക്കും അണ്ടർ ടേക്കറുമൊക്കെ ജ്വരമായി പടരുന്നതിനു മുമ്പ് നല്ല നാടൻ തല്ലിന്റെ സുഗന്ധം ഒരുമിച്ചു പേറിയവർ. അതിരാവിലെ തന്നെ അവനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചശേഷം യാത്ര തുടങ്ങി.

    റ്റീറോൺ (Tiron) നദിക്ക് കുറുകെയുള്ള പാലം കടന്ന് യാത്ര മുന്നോട്ടുനീങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ നടപ്പ് കയറ്റിറക്കങ്ങളുള്ള പാതയിലൂടെയാണ്. 24 കിലോമീറ്റർ അകലെയുള്ള സാൻ ഹുവാൻ ദേ ഒർട്ടേഗയിലേക്കാണ് (San Juan de Ortega) ഇന്നത്തെ പോക്ക്. ആദ്യത്തെ 12 കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ ഓക്കാ (Oca) മലനിരകളാണ്. യാക്കോബിന്റെ വഴിയിലെ മനോഹരമായ അനുഭവങ്ങളിലൊന്നാണ് ഓക്ക് മരങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ ഓക്കാ മലനിരകളിലൂടെയുള്ള ഈ നടപ്പ്. ബെലോറാഡോ മുതൽ ചെറിയ കയറ്റിറക്കങ്ങൾ ഉണ്ടെങ്കിലും വിയ്യാഫ്രാങ്ക മോണ്ടെസ് ദേ ഒക്കായിൽ (Villafranka Montes de Oca) നിന്നാണ് കുത്തനെയുള്ള കയറ്റം ആരംഭിക്കുന്നന്നത്. ബെലോറാഡോ മുതലുള്ള ആദ്യത്തെ 12 കിലോമീറ്ററിൽ തന്നെ ടോസാന്റോസ് (Tosantos), വിയ്യാമ്പിസ്റ്റിയാ (Villambistia), എസ്പിനോസ ദേൽ കമിനോ (Espinosa del camino) എന്നിങ്ങനെ മൂന്ന് ഗ്രാമങ്ങളുണ്ട്. വിയ്യാഫ്രാങ്ക മോണ്ടെസ് ദേ ഒക്കാ കഴിഞ്ഞാൽ പിന്നീട് 12 കിലോമീറ്റർ വനം തന്നെയാണ്. മലകയറ്റം പ്രതീക്ഷിച്ചത്ര കഠിനമായിരുന്നില്ല. ഇത്രയും ദിവസത്തെ നടപ്പ് എന്നെയും എന്റെ പാദങ്ങളെയും പരുവപ്പെടുത്തിയിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴാണ് വഴിയിൽ നഗ്നപാദനായി തീർഥാടനം നടത്തുന്ന ഒരു വ്യക്തിയെ കണ്ടത്. ഷൂവിനുള്ളിൽ പോലും കാലുകൾ വേദനിക്കുന്ന കല്ലു നിറഞ്ഞ ഈ വഴിയിൽ നഗ്നപാദനായി തീർത്ഥാടന നടത്തുകയാണയാൾ. കൂടെ സന്തതസഹചാരികളെപ്പോലെ പോലെ രണ്ട് നായ്ക്കളുമുണ്ട്.

    കാട്ടിനുള്ളിൽ കുറെ ദൂരം നടന്നുകഴിയുമ്പോൾ മരുഭൂമിയിലെ മരുപ്പച്ച പോലെ ഒരു ഒയാസിസ് ദേൽ കമിനോ (Oasis del Camino) എന്ന പേരിൽ തീർത്ഥാടകർക്ക് വെള്ളവും ഭക്ഷണസാധനങ്ങളും ലഭിക്കുവാനുള്ള ഒരിടമുണ്ട്. അവിടെ സജ്ജീകരിച്ച ഉച്ചഭാഷിണിയിൽ നിന്നും സംഗീതം ആസ്വദിക്കാം. ഇനി താൽപര്യമുള്ളവർക്ക് കൂടെ നൃത്തം ചെയ്യുകയുമാവാം. സഹതീർത്ഥാടകരുടെ നൃത്തം ആസ്വദിച്ച് ഒരു കാപ്പിയും കുടിച്ച് ഞാൻ നടപ്പു തുടർന്നു. സമുദ്രനിരപ്പിൽ നിന്നും 1,155 മീറ്റർ ഉയരത്തിലാണ് മലയുടെ ഏറ്റവും ഉയർന്ന ഭാഗം. ഇതിനടുത്തായി ജനറൽ ഫ്രാങ്കോയുടെ ഭരണകാലത്ത് 1936-ൽ കൊല്ലപ്പെട്ട രാഷ്ട്രീയ തടവുകാരുടെ സ്മാരകം (Fosa de la Pedraja) കാണാവുന്നതാണ്.

    മലയിറങ്ങിയെത്തുന്നത് സാൻ ഹുവാൻ ദേ ഒർട്ടേഗ (San Juan de Ortega) എന്ന ഗ്രാമത്തിലേക്കാണ്. ഇതേ പേരിൽ അറിയപ്പെടുന്ന വിശുദ്ധനാണ് (1080-1163) ഈ പ്രദേശത്തെ ഇന്നത്തെ രീതിയിൽ ആക്കിയെടുത്തത്. കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞ മലമ്പ്രദേശത്ത് കൂടെയുള്ള ഈ വഴി സഞ്ചാരയോഗ്യമാക്കുന്നതിന് റോഡുകളും പാലങ്ങളും സത്രങ്ങളും നിർമ്മിക്കുന്നതിൽ മുൻകൈ എടുത്ത വിശുദ്ധൻ ഇവിടുത്തെ ആശ്രമ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ആശ്രമ ദേവാലയത്തിൽ മാതാവിന്റെ മംഗളവാർത്ത മുതൽ മൂന്ന് രാജാക്കന്മാരുടെ ആഗമനം വരെയുള്ള സംഭവങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

    ദേവാലയ വാസ്തുനിർമ്മാണത്തിലുള്ള പ്രത്യേകതകൾ നിമിത്തം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ വരുന്ന വർഷത്തിലെ രണ്ടു ദിവസങ്ങളിൽ അതായത്, മാർച്ച് 21-നും സെപ്റ്റംബർ 22-നും ഏകദേശം അഞ്ചു മണിയോടെ സൂര്യപ്രകാശം ദേവാലയത്തിലെ ഒരു ജനലിലൂടെ പ്രവേശിച്ച് ഈ കൊത്തുപണികളെ ഓരോ സംഭവങ്ങളെയും അവയുടെ ക്രമം അനുസരിച്ച് പ്രകാശിപ്പിക്കും. ഈ പ്രതിഭാസം പ്രകാശത്തിന്റെ അത്ഭുതം (Milagro de la luz) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏകദേശം നാലു മണിയോടെ ആശ്രമത്തിന്റെ വകയായ സത്രത്തിലെത്തി. ആശ്രമദേവാലയത്തിൽ ബലിയർപ്പിച്ച് മറ്റു തീർത്ഥാടകരുമായി വിശേഷങ്ങൾ പങ്കുവച്ച് യാക്കോബിന്റെ വഴിയിലെ ഒരു ദിവസം കൂടി അങ്ങനെ ശുഭകരമായി പര്യവസാനിപ്പിച്ചു.

    ദൈവമേ നീ എന്നിൽ അസ്തമിക്കരുതേ
    നിന്റെ വരവറിയിക്കുന്ന പാദചലനമായി
    ഒടുവിലീ യാത്ര പൂർണ്ണമാകുംവരെ എന്‍
    യാത്രകളുടെ താളമാകേണമേ …

    ഫാ. തോമസ്‌ കറുകയില്‍