ബോൺ കമിനോ – (ഒരു തീർത്ഥാടകൻറെ ഓർമ്മക്കുറിപ്പുകൾ) – 25

ഫാ. തോമസ് കറുകയില്‍

ദൈവകൃപയുടെ പൊരുൾ തേടി

ഒരു മഴ നിർത്താതെ പെയ്താൽ പ്രളയമാകുന്ന കാലത്തിനപ്പുറം ഒരു കാലമുണ്ടായിരുന്നു. ഇടവഴികളിലൂടെ കൈവഴി പോലെ ഒഴുകിയെത്തുന്ന തോടുകളുടെ ഒഴുക്കുകളിൽ പരലും വയമ്പും കാരിയും വാരലും തേടി നടന്ന പുഷ്കല കാലം. കാറ്റടിക്കുന്നതും കാത്തു മാഞ്ചോട്ടിൽ കാത്തിരുന്നതിനു പുളിവറുകൊണ്ടടി കിട്ടി തിണിർത്തു കിടന്ന കൈത്തണ്ടയിൽ പഴുത്ത മാമ്പഴ ചാറൊഴിച്ചു രുചി നുകർന്ന കാലം. മഴ മാറിക്കഴിഞ്ഞു കുളക്കരയിലും ഇടവഴിയോരങ്ങളിലും രാത്രിയുടെ ഒന്നാം യാമത്തിൽ കൈയ്യിലൊരു നീളൻ ടോർച്ചും കൈത്താൻ ചാക്കുമായി ചിലരെത്തും. പോക്രോം പോക്രോം കരഞ്ഞു രാത്രി നിദ്രാ വിഹീനരാക്കുന്ന തവളക്കുട്ടന്മാർ ആ വെളിച്ചത്തിനു മുന്നിൽ സമസ്താപരാധമേറ്റു കീഴടങ്ങും. ചാക്കു നിറയുംവരെ തുടരുന്ന വേട്ടക്കവസാനം വല്ലപ്പോഴുമെങ്കിലും ഞരമ്പു വലിച്ചുകളഞ്ഞ തവളക്കാലിൽ കുറച്ചു പരിസരവാസികൾക്കും കൊടുക്കും. വെളിച്ചെണ്ണയിൽ മസാലപുരട്ടി വറത്തെടുക്കുന്ന തവളക്കാലും ഒറ്റാലിൽ കുത്തി പിടിച്ച പുഴമീനിന്റെ രുചിയും മാത്രമായി കടന്നു പോയിരുന്ന മഴയും മഴക്കാലവും എത്ര വേഗമാണ് ഭീകര രൂപികളായി പറമ്പും പുരയിടവും കൈയ്യേറുന്ന പ്രളയമായി മാറിയത്.

മഴയുടെ മൂളിപ്പാട്ടും കേട്ടുള്ള മയക്കത്തിന്റെ ആലസ്യത്തിൽ നിന്നും വിട്ടുണർന്ന് ഞാൻ എന്റെ യാത്രയിലേക്കിറങ്ങി. പതിവുപോലെ പിരിഞ്ഞ വഴികളിലെ ഗ്രാമവഴിയിലൂടെ ഞാൻ മന്ദഗതിയിൽ മുന്നോട്ട് നടന്നു. മഴ ഇന്നേതായാലും വഴി മുടക്കുമെന്നു തോന്നുന്നില്ല.

വഴി മദ്ധ്യേ ഇന്നലെ സത്രത്തിൽ കൂടെയുണ്ടായിരുന്ന അമേരിക്കൻ സന്യാസവൈദികൻ ഫാദർ ജോണിനെ കണ്ടുമുട്ടി. കുശലാന്വേഷണം നടത്തി. തന്റെ സമർപ്പിത ജീവിതത്തിലെ പുതിയ ഭാരിച്ച ഒരു ഉത്തരവാദിത്വത്തിലേക്ക് കാലെടുത്തുവെക്കും മുൻപുള്ള ശക്തിസംഭരണമാണ് അച്ചന് ഈ യാത്ര. ദൈവകൃപയില്ലാതെ ഈ ജീവിതയാത്ര പൂർത്തിയാക്കാനാവില്ലെന്നു ഉറപ്പുള്ളതിനാൽ അത് തേടിയുള്ള യാത്ര. സന്യാസവും സമർപ്പിതജീവിതവും അതിന്റെ സൗന്ദര്യവും ഈ ലോകത്തിനു അത്രയെളുപ്പം പിടികിട്ടണമെന്നില്ല. ദൈവകൃപയിലാശ്രയിക്കാതെ ഈ ലോകത്തിന്റെ അളവുകോലുകൾ വെച്ചളന്നു നോക്കുന്നവർക്കതു നിരർത്ഥകമെന്നു തോന്നിപ്പോയാൽ അവരെ കുറ്റം പറയാനാവില്ല. “സർവ്വശക്തനായവൻ എന്നിൽ വലിയ കാര്യങ്ങൾ ചെയ്യുന്നു” എന്ന തിരിച്ചറിവുള്ളവർക്കു മാത്രമാണിതാസ്വദിക്കാനാവുക. സമർപ്പിത ജീവിതത്തെക്കുറിച്ചൊരു ഉൾകാഴ്ച പ്രദാനം ചെയ്ത ആ സംഭാഷണത്തിനു വിരാമമിട്ട്, എന്റെ നടപ്പിന് വേഗത പോരാ എന്ന പതിവ് പരാതിയോടെ ജോണച്ചൻ എന്നെ കടന്നു മുന്നോട്ട് പോയി.

യാത്ര ഇപ്പോൾ ഒരല്പം കയറ്റം കയറി സാന്റോ തോരിബിയോയിൽ (santo Toribio) എത്തിയിരിക്കുന്നു. മനോഹരമായ ഒരു കൽകുരിശാണ് ഇവിടേയ്ക്ക് തീർത്ഥാടകരെ സ്വാഗതം ചെയ്യുക. ഈ കുരിശിൻ ചുവട്ടിൽ രണ്ടു കൈവഴികളും ഒത്തുചേരുന്നു. അസ്തോർഗ(Astorga) എന്ന അതിസുന്ദരമായ ഒരു പുരാതന നഗരത്തിന്റെ ദൂരകാഴ്ചകൾ പശ്ചാത്തലത്തിൽ ലഭിക്കുമെന്നതുകൊണ്ട് കുരിശിനു ചുറ്റും നിന്ന് ഫോട്ടോ എടുക്കുന്ന ധാരാളം തീർത്ഥാടകർ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പിരിഞ്ഞു പോയ റോമനെയും അലെൻകായേയും റുഫീനയെയുമൊക്കെ അവിടെ വെച്ച് കണ്ടുമുട്ടാനായി.

കൽകുരിശിന്റെ താഴ്വാരത്തായി സാൻ യുസ്റ്റോ ദേ ലാ വേഗ (San Justo de la Vega) എന്നൊരു കൊച്ചു ഗ്രാമമാണ്. മെയിൻ റോഡിനു കുറുകെ തലങ്ങും വിലങ്ങുമെന്ന പോലെ ആധുനിക രീതിയിൽ നിർമിച്ചിട്ടുള്ള ഒരു നടപ്പാലം കയറിയിറങ്ങിയാൽ അസ്തോർഗ നഗരത്തിലെത്തുകയായി. ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള ഒരു പുരാതന റോമൻ നഗരമാണ് അസ്തോർഗ. പതിനൊന്നാം നൂറ്റാണ്ട് മുതൽ തന്നെ യാക്കോബിന്റെ വഴിയിലെ ഒരു പ്രധാന നഗരങ്ങളിലൊന്നാണിത്. ഫ്രഞ്ച് വഴി സ്‌പെയിനിലെ തന്നെ മറ്റൊരു നഗരമായ സെവില്ലയിൽ നിന്നാരംഭിക്കുന്ന വിയ ദെ ല പ്ലാറ്റയുമായി(Via De la Plata) ഒത്തു ചേരുന്നത് ഈ നഗരത്തിലാണ്. 15 ആം നൂറ്റാണ്ടിൽ പണിയപ്പെട്ട അസ്തോർഗയിലെ കത്തീഡ്രൽ ദേ സാന്ത മരിയ (Catedral de Santa Maria) എന്ന കത്തീഡ്രൽ യാക്കോബിന്റെ വഴിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ആകാശ വിതാനങ്ങളിലേക്കുയർന്നു നിൽക്കുന്ന കത്തീഡ്രലിന്റെ കമാനങ്ങളാണ് ഈ ദേവാലയത്തെ മറ്റുള്ളവയിൽ നിന്നും വ്യതിരിക്തമാകുന്നത്. കൊത്തുപണികളാലംകൃതമായ മുഖ്യ അൾത്താര ദേവാലയത്തിന്റെ ശോഭ പതിന്മടങ്ങ് വർധിപ്പിക്കുന്നു. ഒരു സൗന്ദര്യാസ്വാദകന്റെയും ഒരു ദൈവാന്വേഷിയുടെയും മനസ്സിനെ ഒരേ സമയം തൃപ്തിപ്പെടുത്തുവാൻ പര്യാപ്തമാണ് അലൗകിക സൗന്ദര്യം വഴിയുന്ന അത്ഭുത കലാസൃഷ്ടി.

കത്തീഡ്രലിനു സമീപത്തായി തന്നെ അന്റോണിയോ ഗൗഡി(Antonio Gaudi) എന്ന കലാകാരൻറെ കയ്യൊപ്പ് പതിഞ്ഞ വാസ്തുശില്പമായ പലാസിയോ എപ്പിസ്കോപ്പൽ (Palacio Episcopal) കാണാം. ഒരിക്കലെങ്കിലും ബാഴ്സലോണ നഗരം ചുറ്റി കണ്ടിട്ടുള്ളവർ മറക്കുവാൻ ഇടയില്ലാത്ത പേരാണ് അന്റോണിയോ ഗൗഡിയുടേത്. ബാഴ്‌സലോണയിലെ വിസ്മയകരമായ നിർമ്മിതിയായ സാഗ്രദാ ഫാമിലിയ എന്ന ദേവാലയവും (sagrada familia) ഗെൽ പാർക്കുമൊക്കെ(Park Guell) സന്ദർശിച്ചിട്ടുള്ളവർക്ക് ഗൗഡിയെ വിസ്മരിക്കാൻ ഒരിക്കലും ആവില്ല എന്നതാണ് വാസ്തവം. പലാസിയോ എപ്പിസ്കോപ്പൽ പേര് സൂചിപ്പിക്കും പോലെ ബിഷപ്പിന്റെ അരമനയായിട്ടാണ് പണി തുടങ്ങിയതെങ്കിലും ഇപ്പോഴത് യാക്കോബിന്റെ വഴിയുടെ ചരിത്രം പറയുന്ന ഒരു മ്യൂസിയമാണ്. സമയപരിമിതി മൂലം ഈ അത്യുദാത്ത സൃഷ്ടികളിൽ ഏതെങ്കിലുമൊന്ന് സന്ദർശിച്ചാൽ മതിയെന്നു തീരുമാനിച്ചതിനാൽ കത്തീഡ്രൽ മാത്രം സന്ദർശിച്ച് ഏകദേശം രണ്ടു മണിയോടെ അസ്തോർഗ നഗരം പിന്നിട്ട് ഞാനെൻറെ നടത്തം തുടർന്നു.

നടത്തം രണ്ടു ഗ്രാമങ്ങളും മൂന്നു മണിക്കൂറും ഏകദേശം ഒൻപത് കിലോമീറ്ററും പിന്നിട്ട് കഴിഞ്ഞപ്പോൾ സാന്ത കാറ്റലിന ദേ സോമോസ(Santa Catalina de Somoza)എന്ന പഴക്കം ചെന്ന കെട്ടിടങ്ങൾ നിറഞ്ഞ ചെറിയ ഒരു ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. ഇന്നത്തെ നടത്തം ഇരുപത്തിയഞ്ചു കിലോമിറ്ററോളം കഴിഞ്ഞതിനാൽ അവിടെ തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

യാത്ര തുടങ്ങിയപ്പോഴുണ്ടായിരുന്ന ആശങ്കളിൽ പലതും ആസ്ഥാനത്തായിരിക്കുന്നു. അല്ലെങ്കിലും അതങ്ങനെയാണ് ഒന്നിലേയ്ക്കു ഇറങ്ങി പുറപ്പെടും മുൻപ് നമ്മൾ ചിന്തിച്ചു കൂട്ടുന്ന ഒന്നുമാവില്ല അതിലൂടെ നടന്നു പോകുമ്പോൾ നമുക്കനുഭവഭേദ്യമാകുന്നത്. ഈ യാത്ര ദുർബലനായ ഞാൻ പൂർത്തിയാക്കുമോയെന്നു പോലും ഭയപ്പെട്ടിരുന്ന ദിവസങ്ങളിൽ നിന്നും ഇതെന്റെ ജീവിത ലക്ഷ്യങ്ങളിൽ ഒന്നാണെന്ന തിരിച്ചറിവിലേയ്ക്കു ഞാൻ മാറിയിരിക്കുന്നു. ഇനിയും ഒരു പാടു ദൂരമെനിക്കു താണ്ടേണ്ടതുണ്ട് എന്നാൽ ആ ചിന്തകൾ ഇപ്പോളെന്നെ മഥിക്കുന്നതേയില്ല. പിന്നയോ യാത്രയിൽ ഞാൻ കാണുന്ന പരിചയപ്പെടുന്ന, കേൾക്കുന്ന, പുത്തൻ ജീവിത രാഗങ്ങളിൽ ലയിക്കുകയാണ് ഞാൻ. അവയൊക്കെ എന്റെയുളളിൽ മുന്നോട്ടുള്ള യാത്രയുടെ ഊർജമായി പടരുകയാണ്.

ദൈവമേ ഈ യാത്ര
തീരതിരുന്നെങ്കിലെന്നു
ഒരു മാത്രാ ഞാനിന്നു കൊതിച്ചീടുന്നു
നിന്റെ സ്നേഹത്തിനാഴം
അറിയുവാനിനിയും
അകലമൊരുപാടുണ്ട്
അകലമൊരുപാടുണ്ട് ….

ഫാ. തോമസ്‌ കറുകയില്‍