പേപ്പല്‍ സഹായനിധിയിലേയ്ക്ക് ഉദാര സംഭാവന നല്‍കി ബുദ്ധമത നേതാവ്

കോവിഡ്-19 രോഗബാധിതരെ സഹായിക്കാന്‍ ഫ്രാന്‍സിസ് പാപ്പ രൂപീകരിച്ച അടിയന്തര സഹായനിധിയിലേയ്ക്ക് പതിനായിരം യുഎസ് ഡോളര്‍ സംഭാവന ചെയ്ത് മ്യാന്‍മറിലെ പ്രമുഖ ബുദ്ധമത നേതാവും സിതാഗു ബുദ്ധിസ്റ്റ് അക്കാദമിയുടെ സ്ഥാപകനുമായ അഷിന്‍ ന്യാനിസ്സാര. സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലെത്തിയാണ് മ്യാന്‍മറിലെ മണ്ടലായ് അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ക്കോ ടിന്‍ വിനു തുക കൈമാറിയത്.

അരി, എണ്ണ, ബീന്‍സ്, ഉള്ളി തുടങ്ങി മണ്ടലായ് അതിരൂപതയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും വരെ വിതരണം ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്താണ് അദ്ദേഹം മടങ്ങിയത്. എല്ലാ മതങ്ങളുടെയും ഐക്യത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. “കോവിഡ്-19 എന്ന പൊതുശത്രുവിനെ തോല്‍പ്പിക്കാന്‍ ഒന്നിച്ചു മുന്നേറുക എന്നതാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്. അതിന് പരസ്പരം സഹായവും ആവശ്യമാണ്” – അഷിന്‍ ന്യാനിസ്സാര കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍, എല്ലാ മതവിശ്വാസികളോടും കാട്ടേണ്ട കാരുണ്യത്തിന്റെ അടയാളമായാണ് ഈ സഹായം കൈമാറുന്നതെന്നും ഐക്യത്തിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തികളും ഇതോടൊപ്പം സാധ്യമാകണമെന്നും അഷിന്‍ ന്യാനിസ്സാര പറഞ്ഞു. മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്ന നടപടിയെന്നാണ് ആര്‍ച്ച്ബിഷപ്പ് മാര്‍ക്കോ ടിന്‍ വിന്‍ ബുദ്ധനേതാവിന്റെ ഇടപെടലിനെ വിശേഷിപ്പിച്ചത്.