‘വിശുദ്ധ നാട്ടിലൂടെ യേശുവിലേയ്ക്ക്’: എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം

‘വിശുദ്ധ നാട്ടിലൂടെ യേശുവിലേയ്ക്ക്’ എന്ന ഡോ. പോൾ കുഞ്ഞാനായിൽ എംസിബിഎസ് എഴുതിയ ഗ്രന്ഥം വിശുദ്ധനാട്ടിലേയ്ക്കുള്ള തീർത്ഥാടനത്തെ സഹായിക്കാനായാണ് രചിക്കപെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന വിശുദ്ധ നാട്ടിലെ വിവിധ സ്ഥലങ്ങളെയും ദേവാലയങ്ങളെയും തീർത്ഥാടകർക്കു സഹായകരമായ രീതിയിൽ ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

വിശുദ്ധ നാടിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളും ചരിത്ര വസ്തുതകളും ഈ ഗ്രന്ഥത്തിന്റെ ആരംഭത്തിൽതന്നെ സംഗ്രഹിച്ചിരിക്കുന്നത് സ്ഥലങ്ങളുടെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാൻ ഉപകാരപ്രദമാണ്. ജറുസലേമിൽ പല വർഷങ്ങൾ താമസിച്ച് ബൈബിൾ പഠനവും ഗവേഷണവും നടത്തിയ ഗ്രന്ഥ കർത്താവിന്റെ അനുഭവസമ്പത്ത് ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു. വിശുദ്ധ നാട്ടിലെ സ്ഥലങ്ങളെയും ദേവാലയങ്ങളെയും ക്രമമായും കൃത്യമായും അവതരിപ്പിക്കാൻ ഗ്രന്ഥകർത്താവിനു സാധിച്ചിട്ടുണ്ട്. പാലസ്തീനായിലെ സ്ഥലങ്ങളെ ഗലീലിയ, സമരിയ, യൂദയ എന്നീ ക്രമത്തിൽ അവതരിപ്പിച്ചിരിക്കുന്നത്, ഗലീലിയിലെ പ്രവർത്തനങ്ങൾക്കുശേഷം ജറുസലേമിലേക്ക് തന്റെ സഹനമരണോത്ഥാനങ്ങൾക്കായി യാത്രതിരിക്കുന്ന സമവീക്ഷണ സുവിശേഷത്തിലെ ഈശോയോടൊപ്പം സഞ്ചരിക്കാൻ തീർത്ഥാടകരെ സഹായിക്കും.

ഈ ഗ്രന്ഥത്തിലെ താളുകൾ മറിക്കുമ്പോൾ വിശുദ്ധ സ്ഥലങ്ങളിലൂടെ യാത്രചെയ്യുന്ന അനുഭവം നമുക്ക് ലഭിക്കുന്നു. ലളിതമായ ഭാഷാശൈലി ഇതിൻറെ വായനയെ ഹൃദയഹാരിയാക്കുന്നു. ഈ ഗ്രന്ഥം കേവലം ഒരു യാത്രാവിവരണമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ബൈബിളിലധിഷ്ഠിതവും എന്നാൽ അതോടൊപ്പം സംസ്കാരവും ചരിത്രവും കൂട്ടിക്കലർത്തിയ മനോഹരമായ ആവിഷ്കാരം ഇതിലൂടെ ലഭിക്കുന്നു. ഓരോ സ്ഥലവിവരണത്തിന് മുൻപു കൊടുത്തിരിക്കുന്ന തിരുവചനഭാഗം ആ സ്ഥലത്തോട് ബന്ധപ്പെട്ടവയാണ്. അവ അവിടെവച്ചുതന്നെ വായിക്കുന്നത് തിരുവചനം മനസ്സിലും ഭാവനയിലും ആഴത്തിൽ പതിയാൻ സഹായിക്കും. ഓരോ ദേവാലയത്തെയും സംബന്ധിക്കുന്ന പ്രസക്തമായ പഴയനിയമ, പുതിയനിയമ വസ്തുതകളും, ചരിത്ര സംബന്ധിയായ കാര്യങ്ങളും, പുരാവസ്തു ഗവേഷണത്തിലൂടെ വെളിപ്പെട്ട വസ്തുതകളും ഈ ഗ്രന്ഥത്തിൽ ലളിതമായി വിവരിച്ചിരിക്കുന്നു.

സ്ഥല വിവരണത്തിനുശേഷം വരുന്ന പ്രാർത്ഥനകൾ തീർത്ഥാടന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നവയാണ്. തിരുവചനങ്ങളിൽ വിവരിക്കുന്നവ കെട്ടുകഥകളല്ലെന്നും അവയ്ക്ക് പിന്നിൽ ചരിത്രവസ്തുതകൾ ഉണ്ടെന്നും മനസ്സിലാക്കാനും ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെടാനും വിശുദ്ധനാട് തീർത്ഥാടനവും, അതിനു സഹായകമായ ഈ ഗ്രന്ഥവും ഉറപ്പായും നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.