സീറോ മലബാര്‍ നോമ്പുകാലം ഒന്നാം വ്യാഴം ഫെബ്രുവരി 15 ലൂക്കാ 22: 24-30 എന്റെ പരീക്ഷകളിൽ എന്നോടൊപ്പം നിന്നവരാണ് നിങ്ങൾ

തന്റെ ശിഷ്യർ എങ്ങനെയായിരിക്കണമെന്ന് യേശു പറയുന്ന ഭാഗമാണിത്. “നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം” (26) എന്ന യേശുവിന്റെ വചനം നമ്മുടെ ജീവിതത്തെത്തന്നെ പരിപൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ സഹായിക്കുന്നതാണ്. തുടർന്ന്, ശിഷ്യരെക്കുറിച്ചുള്ള തന്റെ അഭിപ്രായവും യേശു വെളിപ്പെടുത്തുന്നു: “എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണ് നിങ്ങള്‍.” തന്റെകൂടെ നിൽക്കുന്ന ശിഷ്യരോടുള്ള അഭിനന്ദനംപോലെയാണ് ആ വാക്കുകൾ.

അതിനുശേഷം ശിഷ്യർക്ക് ചില വാഗ്ദാനങ്ങളും യേശു നൽകുന്നു. “എന്റെ പിതാവ് എനിക്കു രാജ്യം കല്പിച്ചുതന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയും സിംഹാസനങ്ങളിലിരുന്ന് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രെ” (29,30). സഹനങ്ങളിൽ കൂടെനിൽക്കുന്ന ശിഷ്യരോടാണ് യേശു ഇക്കാര്യം പറയുന്നതെന്ന് ഓർമ്മിക്കണം. ജീവിതത്തിലെ സഹനങ്ങളിലും യേശുവിനുവേണ്ടിയുള്ള സഹനങ്ങളിലും നമ്മളും പങ്കുചേരുമ്പോൾ നമുക്കും അവിടുന്നു നൽകുന്നത് ഇതേ വാഗ്ദാനമാണ് എന്ന് ഓർമ്മിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.