സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം മൂന്നാം തിങ്കൾ ഡിസംബര്‍ 18 യോഹ. 14: 1-6 പിതാവിലേക്കുള്ള വഴി 

ജീവിതത്തിലെ വ്യത്യസ്തമായ അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന നമുക്കുള്ള ഏറ്റവും വലിയ ആശ്വാസമാണ് ഇന്നത്തെ വചനഭാഗത്തിന്റെ തുടക്കം. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” (14:1).

ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അസ്വസ്ഥതയ്ക്കുമുള്ള ഉത്തരം യേശുവിലുള്ള വിശ്വാസമാണ്. ജീവിതത്തില്‍ നമുക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാവാം, പരിഹാരമില്ലെന്നു തോന്നുന്ന പ്രശ്നങ്ങളുണ്ടാവാം, മരുന്നുകളില്ലാത്ത രോഗങ്ങളുണ്ടാവാം, ഉണങ്ങില്ല എന്നു വിചാരിക്കുന്ന മുറിവുകളുണ്ടാവാം. ഈ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലാത്തത് നമുക്കാണ്. യേശുവിന്റെ മനസ്സില്‍ ഇങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമുണ്ട് എന്നത് ഉറപ്പാണ്. ആ ഉറപ്പില്‍ നമ്മള്‍ വിശ്വസിക്കുക. ആ വിശ്വാസം നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായി മാറും. “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” എന്ന യേശുവിന്റെ വാക്കുകൾ അനുസരിച്ചു നമുക്കും ജീവിതയാത്രയെ ക്രമീകരിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.