സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം തിങ്കള്‍ (മൂശ ഒന്നാം തിങ്കൾ) ഒക്ടോബര്‍ 16 ലൂക്കാ 10: 38-42 നല്ല ഭാഗം

മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് യേശു മര്‍ത്തയോടു പറയുന്നത്. യഥാര്‍ഥത്തില്‍ മര്‍ത്തയായിരുന്നു യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ചത് (38). സ്വീകരിച്ചതിനുശേഷം പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായി മാറുകയാണ് അവള്‍. സ്വന്തം കാര്യമായിരുന്നില്ല അവള്‍ ചെയ്തുകൊണ്ടിരുന്നത്, മറിച്ച് യേശുവിനെ ശുശ്രൂഷിക്കാനുള്ള കാര്യങ്ങളായിരുന്നു. എങ്കിലും തന്റെ പാദാന്തികത്തിലിരുന്ന് വചനംശ്രവിച്ച മറിയത്തെയാണ് യേശു, ‘നല്ല ഭാഗം തിരഞ്ഞെടുത്തവള്‍’ എന്നു വിശേഷിപ്പിക്കുന്നത്.

നമ്മള്‍ ജീവിതത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഏതുഭാഗമാണ് എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. നല്ല ഭാഗം എന്ന് നമ്മള്‍ കരുതുന്നതാണോ ദൈവം നല്ല ഭാഗമായി കാണുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ ‘നല്ല ഭാഗം’ ഏതാണ്? ഏതായാലും എല്ലാ സമയവും പലവിധ ശുശ്രൂഷകളില്‍ മുഴുകാനായിരിക്കില്ല. അല്പസമയമെങ്കിലും അവന്റെ പാദാന്തികത്തില്‍ ഇരിക്കാനായിരിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.