സീറോ മലബാര്‍ ഏലിയാ സ്ലീവ മൂശാക്കാലം ഒന്നാം ശനി സെപ്റ്റംബര്‍ 09 മത്തായി 13: 44-51 സ്വര്‍ഗരാജ്യം

സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള മൂന്ന് ഉപമകളാണ് ഈശോ പറയുന്നത്. സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം; സ്വര്‍ഗരാജ്യം, നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം; സ്വര്‍ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം – ഇവയാണ് ആ മൂന്ന് ഉപമകൾ. സ്വര്‍ഗരാജ്യം എന്നാല്‍ നീ എത്തിച്ചേരേണ്ട അവസ്ഥയാണെന്ന് ഈ ഉപമകൾ വ്യക്തമാക്കുന്നു. നമ്മൾ അവിടെ എത്തിച്ചേരണമെങ്കില്‍, അത് നമ്മൾ നേടണമെങ്കില്‍ നമ്മൾ എന്തൊക്കെയോ വില്‍ക്കാനുണ്ട് എന്ന് സാരം.

ഏറ്റവും വലിയത് നേടിയെടുക്കാന്‍ മറ്റുള്ളതെല്ലാം വിറ്റെറിയണമെന്ന വചനത്തിന്റെ ശാഠ്യഭാവത്തോട് നമ്മുടെ പ്രതികരണം എന്താണ്? ഏറ്റവും നല്ലതിനെ നേടിയെടുക്കാന്‍ ബാക്കി അവശേഷിക്കുന്നതിനെ ഉപേക്ഷിക്കാന്‍ നമുക്കു സാധിക്കുമോ? ഏറ്റവും നല്ലതിനെ നേടാന്‍ ബാക്കിയെല്ലാം ഉപേക്ഷിക്കാന്‍ നമ്മള്‍ തയാറാകാത്തതാണ് നമ്മുടെ പ്രശ്നം. എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടതെന്ന് ഓരോരുത്തരും വ്യക്തിപരമായി കണ്ടുപിടിക്കേണ്ടതാണ്. നല്ലതല്ലാത്ത ചില ബന്ധങ്ങള്‍, അഹംഭാവം, അസൂയ… അങ്ങനെ പലതും കാണും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.