സീറോ മലബാര്‍ കൈത്താക്കാലം ഏഴാം ശനി സെപ്റ്റംബർ 02 മർക്കോ. 2: 13-17 രോഗികളും വൈദ്യനും 

പ്രതീക്ഷയുടെ സന്ദേശം ലോകത്തിലേക്ക് ഏറ്റവുമധികം കടത്തിവിടുന്നത് ഈശോയാണ്. കാരണം, മറ്റെല്ലാ വ്യക്തികളും നല്ലവരെയും യോഗ്യരെയും ശ്രേഷ്ഠരെയും ആരോഗ്യമുള്ളവരെയും സമ്പന്നരെയും കൂടെക്കൂട്ടി അവര്‍ക്കുവേണ്ടി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈശോ, താന്‍ വന്നിരിക്കുന്നത് രോഗികള്‍ക്കും പാപികള്‍ക്കുംവേണ്ടിയാണെന്നു പറയുന്നു. ഒരുരീതിയില്‍ നോക്കുമ്പോള്‍ എല്ലാവരുംതന്നെ ഏതെങ്കിലും തരത്തില്‍ രോഗികളോ, പാപികളോ ആണ്. അങ്ങനെയുള്ളവരെ തേടിയാണ് താന്‍ വന്നിരിക്കുന്നത് എന്ന് ഈശോ പറയുമ്പോള്‍, മനുഷ്യര്‍ക്ക് ജീവിക്കാനുള്ള ആഗ്രഹവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വര്‍ധിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്കുവേണ്ടി മറ്റാരും ജീവനും ജീവിതവും മാറ്റിവയ്ക്കാനില്ലാത്തവരെ സംബന്ധിച്ച് ഏക ആശ്രയം ഈശോയാണ്.

നാമും ആത്മീയവും ഭൗതികവുമായ രോഗങ്ങളാല്‍ വലയുമ്പോഴും പാപികളാണെന്ന ചിന്തയാല്‍ ഭാരപ്പെടുമ്പോഴും ഭയപ്പെടരുത്. കാരണം, നമുക്കുവേണ്ടിയാണ് ഈശോ വന്നിരിക്കുന്നത്. എല്ലാവരാലും അവഗണിക്കപ്പെടുന്നുവെന്നു തോന്നുമ്പോഴും ഒറ്റപ്പെടുമ്പോഴും ഓര്‍മ്മിക്കുക – എനിക്ക് പ്രത്യാശയും പ്രതീക്ഷയും ബലവും കോട്ടയുമായി ഈശോയുണ്ട് എന്ന സത്യം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.