സീറോ മലബാർ നോമ്പുകാലം രണ്ടാം ചൊവ്വ ഫെബ്രുവരി 28 മത്തായി 7: 7-12 പ്രാര്‍ത്ഥനയുടെ ശക്തി 

“ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്ക് തുറന്നുകിട്ടും” (7). പ്രാര്‍ത്ഥനയുടെ ശക്തി വെളിപ്പെടുത്തുന്ന വചനഭാഗമാണിത്. ഈശോയുടെ നാമത്തില്‍ പിതാവായ ദൈവത്തോടു ചോദിക്കുന്നതെല്ലാം ലഭിക്കുമെന്നും  അന്വേഷിക്കുന്നതെല്ലാം കണ്ടെത്തുമെന്നും മുട്ടുന്നതെല്ലാം തുറക്കപ്പെടുമെന്നാണ് വചനം പറയുന്നത്. പതിനൊന്നാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: “മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും.” ഈ വാക്യത്തില്‍ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒന്ന്, ‘മക്കള്‍ക്ക്‌ നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന്’ എന്നാണ് എഴുതിയിരിക്കുന്നത്. എന്നുവച്ചാല്‍, മക്കള്‍ക്ക്‌ നന്മയ്ക്ക് ഉപകരിക്കുന്നത്‌ മാത്രമേ നല്‍കുകയുള്ളൂ എന്നര്‍ത്ഥം. രണ്ട്, ‘തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും’ എന്നും എഴുതിയിരിക്കുന്നു. നല്കുന്നതെല്ലാം നന്മകള്‍ ആയിരിക്കുമെന്നും വീണ്ടും ഉറപ്പിച്ചു പറയുന്നു.

ദൈവം പ്രാര്‍ത്ഥനയിലൂടെ നമുക്ക് നല്കുന്നതെല്ലാം നല്ലതും നന്മയും ആയിരിക്കുമെന്ന് നമ്മള്‍ മനസിലാക്കണം. പ്രാര്‍ത്ഥിച്ചിട്ടും ചില കാര്യങ്ങള്‍ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍, നമ്മള്‍ മനസിലാക്കുക – അതിലൂടെ നമുക്ക് നന്മയൊന്നും സംഭവിക്കാനില്ലായിരുന്നു എന്ന്. നമുക്ക് നന്മയ്ക്ക് ഉപകരിക്കുന്നതായിരുന്നെങ്കില്‍ ദൈവം നമുക്ക് അത് നല്‍കിയേനെ.  ഈ നോമ്പുകാലത്ത് കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.