സീറോ മലബാര്‍ ദനഹാക്കാലം ഒന്നാം വ്യാഴം ജനുവരി 12 ലൂക്കാ 7: 11-17 വലിയ പ്രവാചകന്‍ 

നായിനിലെ വിധവയുടെ മകനെ ഈശോ പുനര്‍ജീവിപ്പിക്കുന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല. മറിച്ച് അവളെ കണ്ട് മനസ്സലിഞ്ഞിട്ടാണ്. ആവശ്യപ്പെടാതെ തന്നെ അത്ഭുതം ചെയ്യുന്നവനാണ് ഈശോ. ആവശ്യപ്പെടാതെ തന്നെ അപരന്റെ ആവശ്യങ്ങളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവനാണ് ഈശോ എന്ന സത്യം ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനുദിന ജീവിതത്തില്‍ നമ്മള്‍ എങ്ങനെയാണ്? മറ്റുള്ളവര്‍ ആവശ്യപ്പെടാതെ തന്നെ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നന്മ പ്രവര്‍ത്തിക്കുന്നവരാണോ അതോ അപരന്റെ ആവശ്യങ്ങള്‍ കണ്ടിട്ടും കാണാതെ കടന്നുപോകുന്നവരാണോ?

യേശുവിനെപ്പോലെ കരുണയുള്ളവരാകാന്‍ വചനം നമ്മെ ക്ഷണിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ഓരോ ഇടവും നമ്മോട് കരുണയുള്ളവരാകാന്‍ ആവശ്യപ്പെടുന്നുണ്ട്. കാരുണ്യത്തിന്റെ നിറവില്‍ ജീവിക്കേണ്ട വ്യക്തികളാണ് നാമെല്ലാവരും. ഈ അത്ഭുതം കണ്ട് ഭയപ്പെട്ട എല്ലാവരും ദൈവത്തെ സ്തുതിക്കുകയാണ്. തങ്ങളുടെ ഇടയില്‍ ഒരു വലിയ പ്രവാചകന്‍ ഉദയം ചെയ്തു; ദൈവം തങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു എന്ന് അവര്‍ പറയുകയാണ്. എല്ലാ നന്മകളുടെയും തുടക്കം ദൈവമാണെന്നും എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍ ദൈവമാണെന്നും നമുക്ക് മറക്കാതിരിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.