
പൗരസ്ത്യ സഭകളിൽ വിശുദ്ധമാരുടെ കൂട്ടത്തിൽ അനുസ്മരിക്കപ്പെടുന്ന ഒരു പഴയനിയമ പ്രവാചകനാണ് ഏശയ്യ. യേശുവിനു എഴുനൂറ് വർഷം മുമ്പ് ഇസ്രായേലിൽ അറുപതു വർഷത്തിലധികം നീണ്ട പ്രവാചകദൗത്യം നിർവ്വഹിച്ച ശക്തനായ ദീര്‍ഘദര്‍ശിയായിരുന്നു ഏശയ്യാ. ഉന്നതകുലജാതനായ അദ്ദേഹത്തിന്റെ പിതാവ് ആമോസ്, തന്റെ മകനെ ദൈവഭക്തിയിലാണ് വളർത്തിയത്. ഏശയ്യാ എന്നാൽ “യഹോവ (എന്റെ) രക്ഷ” എന്നാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഭക്തയായ ഒരു പ്രവാചകി ആയിരുന്നു (8:3) (ഒരുപക്ഷേ, പ്രവാചകന്റെ ഭാര്യ എന്ന നിലയിൽ അങ്ങനെ അറിയപ്പെട്ടതുമാവാം). അവരുടെ മക്കളുടെ പേരുകൾ വരെ പ്രവാചകസന്ദേശം നൽകുന്നതായിരുന്നു: “ഷെയാർ യാഷൂബ്” (7:3) എന്നാൽ “ഒരു വിഭാഗം തിരിച്ചുവരും”, “മാഹെർ-ഷലാൽ-ഹഷ്ബാസ്” (8:3) എന്നാൽ “പെട്ടെന്ന് നശിക്കുന്നു, വേഗത്തിൽ കൊള്ളയടിക്കുന്നു” എന്നാണ്.
ഉസ്സിയ രാജാവിന്റെ കാലത്ത് വലുതായ ദൈവമഹത്വം ദർശിച്ചുകൊണ്ടാണ് ഏശയ്യ തന്റെ ദൗത്യം ആരംഭിക്കുന്നത്. തുടർന്ന് ഇസ്രായേൽക്കാരുടെ ദൈവത്തോടുള്ള അവിശ്വസ്ഥതക്കെതിരെ അദ്ദേഹം നിരന്തരം പ്രസംഗിച്ചു. ദൈവസന്നിധിയിൽ വച്ച് തന്റെ ബലഹീനതയും അശുദ്ധിയും തിരിച്ചറിയുന്ന ഏശയ്യായെ സ്വർഗ്ഗത്തിലെ തീക്കനലിനാൽ അധരങ്ങളെ സ്പർശിച്ച് ദൈവദൂതൻ വിശുദ്ധീകരിക്കുന്നു. ഇതിന് ശേഷം ദൈവജനത്തിനു വേണ്ടി “ആരെയാണ് ഞാൻ അയയ്ക്കുക?” എന്ന ദൈവത്തിന്റെ ചോദ്യത്തിന് “ഇതാ ഞാൻ” എന്ന് പറഞ്ഞുകൊണ്ട് (6:8) ദർശനങ്ങൾ സ്വീകരിക്കാൻ അവൻ പ്രാപ്തനാകുന്നു. നാം പരിശുദ്ധ കുർബാനയിൽ ചൊല്ലുന്ന ഏറ്റം മഹത്തായ “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ…” (6:3) എന്ന പ്രാർത്ഥന ഏശയ്യാക്ക് ഈ ദർശനസമയത്ത് ലഭിച്ചതാണ്.
സുവിശേഷസത്യങ്ങൾ പഴയനിയമത്തിൽ ഏറ്റം നന്നായി അറിഞ്ഞ പ്രവാചകൻ എന്നാണ് നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസ് (335-394) ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏശയ്യ ക്രിസ്തുവിന് എഴുനൂറ് വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു പ്രവാചകനേക്കാൾ യേശുവിന്റെ കാലത്തു ജീവിച്ച ഒരു സുവിശേഷകൻ പോലെ ആയിരുന്നു എന്നാണ് വി. ജെറോം (345-420) പറയുന്നത്. കാരണം പുതിയനിയമ രഹസ്യങ്ങൾ ഏശയ്യ മനസിലാക്കുന്നതും അതേക്കുറിച്ച് എഴുതുന്നതും നേരിൽ കാണുന്നതു പോലെയാണ്. കന്യകയിലുള്ള മിശിഹായുടെ ജനനവും (7:14), മിശിഹാ ദൈവത്തിന്റെ സഹനദാസനാണെന്നതും (42:1-4; 49:1-6; 50:4-7; 52:13-53:12) എത്ര കൃത്യതയോടെയാണ് പ്രവാചകൻ കാണുന്നത്. യഹൂദന്മാരുടെ തൽമൂദ് പ്രകാരം മനാസ്സേ രാജാവിന്റെ കല്പനയാൽ പ്രവാചകനെ അറക്കവാള്‍ കൊണ്ട് രണ്ടായി വെട്ടിമുറിച്ചു കൊല്ലുകയായിരുന്നു. ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തുവിന്റെ മഹത്വം ദർശിച്ചവനായിട്ടാണ് (12:41) യോഹന്നാൻ ഏശയ്യാ പ്രവാചകനെ അവതരിപ്പിച്ചിരിക്കുന്നത്. നമുക്കും ഈ പ്രവാചകനിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ദൈവസന്ദേശം കലർപ്പു കൂടാതെ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍