
നാം ഓരോരുത്തരുടെയും ജീവിതത്തെ പ്രകാശമാനമാക്കുന്നതോ, അന്ധകാരമയമാക്കുന്നതോ ആയ ശരീരത്തിലെ അവയവമാണ് നമ്മുടെ കണ്ണുകൾ. നമ്മുടെ സ്വാര്‍ഥതയും അമിതാശകളും കലഹചിന്താഗതിയും ആന്തരിക ഇരുട്ടിന്റെ ബാഹ്യ പ്രതിഫലനങ്ങളാണ്. അന്ധകാരം സാത്താന്റെ ശക്തികളുമായും പ്രകാശം എപ്പോഴും ദൈവവുമായും ബന്ധപ്പെടുത്തിയാണ് നാം മനസ്സിലാക്കുന്നത്. നമ്മിലെ നന്മയുടെ പ്രകാശം നാം ദൈവത്തോടൊത്തായിരിക്കുന്നു എന്നാണ് കാണിക്കുന്നത്. കാഴ്ചയെക്കാൾ ഉൾക്കാഴ്‌ചയെക്കുറിച്ചാണ് കർത്താവ് പറയുന്നത്.
ഗ്രീക്ക് നാടകകൃത്തായ സോഫോക്ലിസിന്റ പ്രശസ്ത കൃതികളിലൊന്നായ ‘ഈഡിപ്പസ് രാജാവ്’ എന്ന നാടകത്തിലെ അന്ധനായ പ്രവാചകനാണ് ടൈറേസിയസ്. തേബസിലെ രാജാവായിരുന്ന ലായിയൂസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം കഴിച്ച് രാജ്യഭരണം നടത്തുന്ന ഈഡിപ്പസ്, രാജ്യത്തുണ്ടായിരിക്കുന്ന മഹാമാരിയുടെ കാരണം അന്വേഷിച്ച് പ്രവാചകന്റെ അടുത്തേക്ക് തന്റെ ഭാര്യാസഹോദരന്‍ ക്രയോണിനെ അയയ്ക്കുന്നു. ലായിയൂസിന്റെ ഘാതകരെ കണ്ടെത്തി ശിക്ഷിച്ചെങ്കിൽമാത്രമേ ഇതിൽനിന്ന് രക്ഷപെടാൻ സാധിക്കൂ എന്ന് പ്രവാചകൻ പറയുന്നു. ഇപ്പോൾ ഈഡിപ്പസ് രാജാവായിരിക്കുന്നത് പഴയ ഒരു പ്രവചനത്തിന്റെ പരിണിതഫലമായിട്ടാണെന്ന് ദീര്‍ഘദര്‍ശിയായ ടൈറേസിയസിനൊഴികെ മറ്റാർക്കും അറിയില്ല. ഈഡിപ്പസ് ജനിക്കുമ്പോൾ ‘ഈ ശിശു തന്റെ പിതാവിനെ കൊല്ലുകയും അമ്മയെ വിവാഹം കഴിക്കുകയും ചെയ്യും’ എന്ന് ഒരു പ്രവചനം ഉണ്ടായി. ഈ ബീഭത്സകമായ അവസ്ഥ ഒഴിവാക്കാൻ കുഞ്ഞിനെ കൊന്നുകളയാൻ ഒരു സേവകനെ ഏൽപിക്കുന്നു. സേവകന് അലിവുതോന്നി കുഞ്ഞിനെ രണ്ടു കാലും ബന്ധിച്ച് മലയിൽ ഉപേക്ഷിക്കുന്നു. എന്നാൽ ഒരിടയൻ അവനെ രക്ഷിച്ച് അടുത്ത രാജ്യമായ കൊറിന്തോസിലെ മക്കളില്ലാതിരുന്ന പൊളിബസ് രാജാവിനെ ഏൽപിക്കുന്നു. ദൈവത്തിന്റെ വലിയ അനുഗ്രഹമായിക്കണ്ട് അവർ കുട്ടിയെ വളർത്തുന്നു.
ഈഡിപ്പസ് പ്രായമായപ്പോൾ ഈ പ്രവചനത്തെപ്പറ്റി അറിയുകയും തന്റെ പിതാവ് പോളിബസ് ആണെന്നു തെറ്റിധരിച്ച് അവിടെനിന്ന് ഒളിച്ചോടിപ്പോകുന്ന വഴിക്ക് നാലുംകൂടിയ കവലയിൽ വഴി കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ രാജാവായ ലായിയൂസിനെയും കൂടെയുള്ളവരെയും വധിക്കുന്നു. പിന്നീട് തേബസിലെത്തിയ ഈഡിപ്പസ് രാജ്യത്തെ, ഒരു രാക്ഷസിയുടെ ശാപത്തിൽ നിന്നും കടങ്കഥയുടെ അർഥം പറഞ്ഞു രക്ഷിക്കുന്നു. അങ്ങനെ രാജാവില്ലാതിരുന്ന രാജ്യത്തെ ഭരണാധികാരിയാവുകയും ആചാരമനുസരിച്ച് മരിച്ചുപോയ രാജാവിന്റെ ഭാര്യയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ അന്ധനായ പ്രവാചകൻ എല്ലാം കാണുന്നു. എല്ലാം കാണുന്നുവെന്നു ധരിക്കുന്ന രാജാവ് ഒന്നും അറിയുന്നില്ല. കാഴ്ച്ചയിൽ നിന്ന് ഉൾക്കാഴ്ചയിലേക്ക് ഈഡിപ്പസ് വരുമ്പോൾ അത് കാണാനുള്ള കരുത്തില്ലാതെ സ്വയം കണ്ണ് കുത്തിപ്പൊട്ടിച്ച് അന്ധനാകുന്നു. നമ്മുടെ ക്രിസ്തീയജീവിതത്തിന് അർഥവും വ്യാപ്തിയും ഉണ്ടാവുന്നത് കണ്മുൻപിൽ എപ്പോഴും കർത്താവിനെ കണ്ടുകൊണ്ട് ജീവിക്കാൻ സാധിക്കുമ്പോഴാണ്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍