സീറോ മലങ്കര മാർച്ച് 04 മത്തായി 13: 53-58 സ്വദേശത്ത് അവഗണന

ഈശോയും ശിഷ്യന്മാരും ഈശോയുടെ സ്വന്തം ഗ്രാമമായ നസറത്തിൽ എത്തി. അവിടെ സിനഗോഗിൽ പഠിപ്പിച്ചു. ആശ്ചര്യം, അവിശ്വാസം, ഉതപ്പ് തുടങ്ങിയവയാണ് ഈശോയെ ചെറുപ്പം മുതൽ അറിയാവുന്ന നസറത്ത് ഗ്രാമവാസികളിലുണ്ടായ പ്രതികരണം. അവരുടെ ഈ മനോഭാവം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.

വചനഭാഗത്തിന്റെ ഘടന

1. ദൃശ്യാവതരണം
2. സ്വജനങ്ങളുടെ ആശ്ചര്യവും അവിശ്വാസവും തുടർച്ചയായി മാറുന്നു
3. ഈശോയുടെ മറുപടി
4. ഈശോയുടെ നിസ്സംഗതയും ആശ്ചര്യവും

ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തത് തന്നോടൊപ്പം ആയിരിക്കുവാനായിരുന്നു. അതിൻപ്രകാരം ഇവിടെയും അവിടുത്തെ ശിഷ്യന്മാർ, ഈശോ സ്വദേശത്തേക്കു പോകുമ്പോൾ അവിടുത്തെ അനുഗമിക്കുകയാണ്. താൻ നേരിടുന്ന തിരസ്കരണം ഭാവിയിൽ അവർക്കും ഉണ്ടാകുമെന്ന സന്ദേശം നൽകാൻ അവരുടെ സാന്നിധ്യം ഉപകരിച്ചു.

ഈശോ പഠിപ്പിച്ചതും പ്രവർത്തിച്ചതും രക്ഷാകരമായ കാര്യങ്ങളായിരുന്നു. തന്റെ ശക്തി പ്രകടമാക്കാനും ആളുകളുടെ പ്രശംസ പിടിച്ചുപറ്റാനുമായി ഈശോ ഒന്നും പ്രവർത്തിച്ചില്ല. ഇന്നും ക്രിസ്തു വഴി രോഗശാന്തിയും ദൈവാനുഗ്രഹങ്ങളും ദൈവജനത്തിന്റെ മേൽ ചൊരിയാൻ ഈശോ ഒരുക്കമാണ്. പക്ഷേ, ഈ അനുഗ്രഹങ്ങൾ സ്വീകരിക്കാനുള്ള തുറവിയും മനസും നമുക്കുണ്ടായിരിക്കണം. വിശ്വാസത്തിന്റെ താക്കോൽ കൊണ്ട് മനസ് തുറക്കാതെ ദൈവാനുഗ്രഹങ്ങൾ മനുഷ്യഹൃദയത്തിലേക്ക് ഒഴുകുകയില്ല.

കണ്ണടച്ച് അന്ധരാകുന്നവർക്കും ചെവികളടച്ച് ബധിരരാകുന്നവർക്കും ഈശോയുടെ രക്ഷാകരശുശ്രൂഷയുടെ ഗുണഭോക്താക്കളാകാൻ കഴിയുകയില്ല. അഹങ്കാരം കൊണ്ടും അജ്ഞത കൊണ്ടും അവജ്ഞ കൊണ്ടും പലരും സ്വയം അന്ധരും ബധിരരുമായിത്തീരാം. അതാണ് ഇവിടെയും സംഭവിച്ചത്. തങ്ങളുടെ ഇടയിൽ ഒരു സാധാരണക്കാരനായി വളർന്നുവന്ന ഈശോയിൽ എന്തെങ്കിലും അസാധാരണമായി ഉണ്ടെന്നും ഈ അസാധാരണത്വം ദൈവത്തിൽ നിന്നാണെന്നും ശ്രവിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

ഫാ. ജിനോ ആറ്റുമാലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.