സീറോ മലങ്കര ഒക്ടോബർ 25 മർക്കോ. 12: 32-34 സുപ്രധാന കൽപനകൾ

ഇന്നത്തെ സുവിശേഷത്തിൽ യേശുവിന്റെ അടുത്ത് ‘എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്’ എന്ന ചോദ്യവുമായി വരുന്ന നിയമജ്ഞൻ യേശുവിനോട് അനുഭാവമുള്ള മനുഷ്യനാണെന്ന് അവന്റെ സംഭാഷണത്തിൽനിന്നും വ്യക്തമാണ്. യഹൂദന്മാരുടെ ഇടയിൽ എപ്പോഴും ചർച്ചാവിഷയമായിരുന്ന നിയമങ്ങളെക്കുറിച്ചുള്ള യേശുവിന്റെ അഭിപ്രായമാരായുകയാണ് അവന്റെ ലക്ഷ്യം. ഒരുപാട് കല്പനകളുള്ളപ്പോൾ പ്രധാന കല്പന ഏതെന്ന ചോദ്യത്തിന് യേശു ഉത്തരം നൽകുന്നത് നിയമാവർത്തന പുസ്തകത്തിലെ എറ്റം പ്രസിദ്ധമായ ‘ഷെമാ’ പ്രാർഥന ഉദ്ധരിച്ചുകൊണ്ടാണ്. ‘ഇസ്രയേലേ, കേൾക്കുക’ (שְׁמַע יִשְׂרָאֵל; നിയമ.6:4-9, 11:13-21, സംഖ്യ 15:37-41) എന്നുതുടങ്ങുന്ന ഈ പ്രാർഥന ദൈവത്തെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നു.

‘ഷെമാ’ ഇന്നും ഇസ്രയേൽജനതയുടെ വിശ്വാസസംഹിത ഉൾക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന പ്രാർഥനയാണ്. ഒരു ഭക്തനായ യഹൂദൻ തന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഈ പ്രാർഥന ചൊല്ലിക്കൊണ്ടാണ്. യഹൂദഭവനങ്ങളിൽ തുകലിലെഴുതിയ ഈ പ്രാർഥന മെസൂസ എന്നറിയപ്പെടുന്ന ചെറിയൊരു പെട്ടിയിലാണ് സൂക്ഷിക്കുന്നത്. ഇത് പ്രധാനവാതിലിനോടുചേർത്ത് തൂക്കിയിടുകയും ഭക്തരായ യഹൂദർ തങ്ങളുടെ നെറ്റിത്തടത്തിൽ പട്ടമായും കൈയിൽ അടയാളമായും (നിയമ. 6:8) അണിഞ്ഞുനടക്കുകയും ചെയ്യും. എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും യഹോവയായ ദൈവം ഇസ്രയേലിന്റെ മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവൻ ദൈവമാണെന്ന് ഇസ്രായേൽജനം തിരിച്ചറിഞ്ഞിരുന്നു.

ദൈവത്തെ സ്നേഹിക്കുന്നതിന് പൂർണ്ണഹൃദയവും പൂർണ്ണമനസ്സും പൂർണ്ണ ആത്മാവും പൂർണ്ണശക്തിയും കൊടുക്കേണ്ടിയിരിക്കുന്നു. അതിന്റെ അർഥം, ഒരാളുടെ ജീവിതത്തെ മുഴുവൻ ദൈവത്തിന് സമർപ്പിച്ചുകൊണ്ടുമാത്രമേ ഈ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കൂ എന്നാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” (ലേവ്യ 19:18) എന്ന പ്രമാണം ലേവായരുടെ പുസ്തകത്തിൽനിന്നുള്ള ഉദ്ധരണിയാണ്. യേശുവാണ് ആദ്യമായി ഈ രണ്ടു കല്പനകളേയും സംയോജിപ്പിച്ചു സംസാരിക്കുന്നത്. ഇത് പത്തു പ്രമാണങ്ങളുടെ ഒരു സംഗ്രഹമായും കണക്കാക്കാം. തന്നെപ്പോലെ മറ്റൊരാളെ സ്നേഹിക്കുകയെന്നാൽ അവരുടെ ക്ഷേമം നമ്മുടെ ഒന്നാമത്തെ പരിഗണനാവിഷയമാക്കുക എന്നതാണ്. അന്നത്തെ സാഹചര്യത്തിൽ ‘എന്റെ അയൽക്കാരൻ’ എന്നത് തന്റെ സഹ ഇസ്രായേൽക്കാരനായിരുന്നു. എന്നാൽ യേശു അതിന് വളരെ വിശാലമായ അർഥമാണ് നൽകിയിരുന്നത്. ഇവിടെ ബുദ്ധിമാനായ നിയമജ്ഞനെ യേശു പ്രശംസിച്ചുകൊണ്ടു പറയുന്നു: “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല.” അതേസമയം അവൻ ദൈവരാജ്യത്തിൽ ആയിട്ടുമില്ല എന്ന് ഇത് അർഥമാക്കുന്നു. ദൈവരാജ്യത്തിൽ ആകണമെന്ന് ആഗ്രഹമുള്ളവർ യേശുവിനെ അനുധാവനം ചെയ്യേണ്ടിയിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.