സീറോ മലങ്കര ജൂൺ 12 യോഹ. 6: 25-33 ജീവന്റെ അപ്പം

വി. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തില്‍ ഈശോ നടത്തുന്ന ഏറ്റവും സുദീര്‍ഘമായ പ്രഭാഷണമാണ് ആറാം അധ്യായത്തിലുള്ളത്. ഇതില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ ആദ്യഭാഗമാണ് നമ്മുടെ വിചിന്തനത്തിനും പ്രാര്‍ത്ഥനക്കുമായി സഭ ഇന്ന് തന്നിരിക്കുന്നത് – ജീവന്റെ അപ്പം.

യേശു അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയതിന്റെ പിറ്റേദിവസം വീണ്ടും നശ്വരമായ അപ്പത്തിനു വേണ്ടി യേശുവിന്റെ അടുത്തു ചെല്ലുന്നവരോട് നിത്യജീവന്റെ അനശ്വരമായ അപ്പത്തെക്കുറിച്ച് അവന്‍ പഠിപ്പിക്കുന്നു. നശ്വരമായ അപ്പത്തെ അന്വേഷിക്കുന്ന നിത്യജീവന്റെ ഉറവയായ ക്രിസ്തുവിനെ അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. കണ്ണുണ്ടായാല്‍ പോരാ; കാണാന്‍ ശ്രമിക്കണം. നമ്മുടെ ജീവിതത്തില്‍ എല്ലാ ദിവസവും ദൈവസാന്നിധ്യമുണ്ട്. പലവിധത്തില്‍, പല രൂപത്തില്‍, പല ഭാവത്തില്‍. പക്ഷേ, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ കണ്ണ് മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ കണ്ണ് തുറക്കണം. അതിന് ആദ്യം ചെയ്യേണ്ടത് അവനില്‍ വിശ്വസിക്കുക എന്നതാണ്.

ഈ ലോകത്ത് നമുക്ക് ലഭിക്കുന്ന ഭക്ഷണം കൊണ്ട് അല്പനേരത്തേക്ക് നമ്മുടെ വിശപ്പും ദാഹവും മാറും. എന്നാല്‍ യോഹ. 4:14-ല്‍ യേശു സമരിയാക്കാരി സ്ത്രീയോട് പറയുന്നത്, “ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല.” ദൈവവചനമാകുന്ന അപ്പത്തിനു വേണ്ടിയും അവന്റെ ശരീര-രക്തത്തിനു വേണ്ടിയും ദാഹിക്കാന്‍ യേശു നമ്മോട് ആവശ്യപ്പെടുകയാണ്. മത്തായി 4:4, “മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്ക് കൊണ്ടുമാണ് ജീവിക്കുന്നത്.”

വചനം മാംസമായി നമ്മുടെ ഇടയിലേക്ക് ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന നിത്യജീവന്റെ അപ്പം വചനമായ ക്രിസ്തുവാണ്‌. ക്രിസ്തുവാകുന്ന അനശ്വര അപ്പത്തിനു വേണ്ടി നമുക്ക് അദ്ധ്വാനിക്കാം. പരിശുദ്ധ കുര്‍ബാനയില്‍ രണ്ടു രീതിയില്‍ യേശുക്രിസ്തു നമ്മിലേക്ക് ഇറങ്ങിവരുന്നു. ഒന്ന്, വചനമാകുന്ന അപ്പത്തിലൂടെ. രണ്ട്, തന്റെ ശരീര-രക്തത്തിലൂടെ. അങ്ങനെ അവനെ ഹൃദയത്തില്‍ സ്വീകരിച്ച് പരിശുദ്ധാത്മശക്തിയാല്‍ അനേകരിലേക്ക് ദൈവത്തെ പകര്‍ന്നു കൊടുക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഫാ. കുര്യാക്കോസ് കുടിലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.