സീറോ മലങ്കര നവംബർ 12 യോഹ. 2: 13-22 യേശു ദൈവാലയം ശുദ്ധീകരിക്കുന്നു

ഹൂദോസ് ഈത്തോ ഞായറിലൂടെ സഭയുടെ നവീകരണം കൊണ്ടാടുന്ന ഈ അവസരത്തിൽ ‘ഞാൻ ആരാണ്’ എന്ന് തിരിച്ചറിയാൻ ഈ ഭാഗം ഏറെ സഹായകമാണ്. കടന്നുപോക്കലിന്റെ തിരുനാളായ പെസഹയുടെ ഒരുക്കത്തിനായി ജെറുസലേമിലേക്കുവരുന്ന യേശുനാഥൻ കാൽവരിയിൽ ഒഴുക്കാനിരിക്കുന്ന തിരുരക്തത്താൽ ശുദ്ധികലശം ചെയ്യുന്ന നമ്മുടെ ജീവിതത്തെയാണ് ദൈവാലയശുദ്ധീകരണത്തിലൂടെ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ തീക്ഷ്ണതയും വിശുദ്ധിയും വീണ്ടെടുക്കാനുള്ള ഒരു ആഹ്വാനംകൂടിയാണിത്.

ദൈവാലയത്തിൽ യേശുനാഥൻ പുറത്താക്കുന്ന നാലുകൂട്ടരിൽ നാലുതരം മനുഷ്യമനസ്സുകളെ നമുക്ക് കാണാൻ സാധിക്കും. ഇതിൽ ഏതിലാണ് ഞാൻ ഉൾപ്പെടുന്നത് എന്ന് സ്വയം മനസിലാക്കാനും അതിനെ തിരുത്താനും ഈ അവസരം ഇടയാകട്ടെ.

കാള – വിവേകം ഇല്ലാത്ത മൃഗം: ഞാൻ ആരാണെന്നും തന്റെ ജീവിതത്തിന്റെ അവസ്ഥ എന്താണെന്നുമുള്ള തിരിച്ചറിവിന്റെ വിവേകം നഷ്ടപ്പെട്ടവരെ ഇത് സൂചിപ്പിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെടുത്തി ജീവിതത്തിൽ തിന്നും കുടിച്ചും ഇവർ ജീവിക്കുന്നു. ദൈവത്തിനു മഹത്വം കൊടുക്കാനോ, ദൈവത്തിന്റെ നന്മയും അനുഗ്രഹങ്ങളും തിരിച്ചറിയാനോ ഇവർ ശ്രമിക്കുന്നില്ല.

ആട് – തൃപ്തിയില്ലാത്ത മൃഗം: ദൈവത്തിനുമുന്നിൽ നന്ദിയില്ലാത്ത മനുഷ്യമനസ്സിനെ സൂചിപ്പിക്കുന്നു. അനുഗ്രഹത്തിന്റെ മുന്നിൽ തലവണങ്ങാൻ ഇവർ തയ്യാറാവുന്നില്ല. എല്ലാം തന്റെ കഴിവാണെന്നുകരുതി എത്ര കിട്ടിയാലും ജീവിതത്തിൽ തൃപ്തിയില്ലാതെ ബഹളംവയ്ക്കുകയും ചെയ്യുന്നു ഈ കൂട്ടർ.

പ്രാവ് – നിഷ്കളങ്കതയുള്ള പക്ഷി: ജീവിതത്തിൽ നിഷ്കളങ്കതയിൽ മറ്റുള്ളവർക്ക് അടിമകളായി മാറുന്നവർ. സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും പരിശ്രമിക്കാതെ മറ്റുള്ളവർ എന്ത്‌ പറയുന്നുവോ അപ്രകാരം ജീവിക്കുന്നവർ. അവനവനിലുള്ള ദൈവകൃപയെ നിരസിക്കുന്നവർ

നാണയം – ജീവനില്ലാത്ത വസ്തു: ജീവിതം ജീവിക്കാൻ മറന്നുപോയവർ. ലാഭംമാത്രം ചിന്തിച്ച് ദൈവികതപോലും പണയംവയ്ക്കുന്നവർ. യഥാർഥജീവനെ കണ്ടെത്താൻ ശ്രമിക്കാത്തവർ ഇങ്ങനെയുള്ള മനുഷ്യമനസ്സുകളിൽ നവീകരണം ഉണ്ടാക്കാനാണ് യേശു ആഗ്രഹിക്കുന്നത്.

ദൈവാലയം എന്നാൽ ദൈവത്തിലേക്ക് ഹൃദയവും മനസ്സും ഉയർത്തുന്ന പാവനമായ ഇടങ്ങളാണ്. ആത്മീയാലയങ്ങളാകുന്ന നമ്മുടെ ജീവിതങ്ങളെ നമുക്ക് ശുദ്ധിയുള്ളതാക്കാം. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത് എന്ന യേശുനാഥന്റെ വാക്കുകൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ട് വിശുദ്ധിയോട് ജീവിക്കാൻ ഏവർക്കും ശ്രമിക്കാം. ജീവിതത്തിൽ വന്നുപോയ പിഴവുകളെ ഏറ്റുപറഞ്ഞ് ആത്മാർഥമായി അനുതപിച്ച് വീണ്ടും തെറ്റിലേക്ക്  വഴുതിപ്പോകാതെ ദൈവത്തോട് ചേർന്ന് വിശുദ്ധിയിൽ ജീവിക്കാൻ ഏവർക്കും സാധിക്കട്ടെ.

ഫാ. ഡാനിയേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.