സീറോ മലങ്കര മെയ് 11 ലൂക്കാ 24: 13-35 ഉത്ഥിതനായ ദൈവം

ഈശോയുടെ പുനരുത്ഥാനത്തിനുശേഷം എമ്മാവൂസിലേക്കു യാത്ര ചെയ്ത ശിഷ്യന്മാരുടെ കൂടെ ഉത്ഥിതനായവന്‍ ഒരു സഹയാത്രികനെപ്പോലെ അപരിചിതനായി ആയിരിക്കുന്നു. അവന്‍ അവര്‍ക്ക് വിശുദ്ധ ലിഖിതങ്ങള്‍ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴും അപ്പമെടുത്ത് ആശിര്‍വദിച്ചു നല്‍കിയപ്പോഴും അവരുടെ കണ്ണുകള്‍ തുറന്നു, ഹൃദയം ജ്വലിച്ചു.

അശരീരിയും അദൃശ്യനും സര്‍വവ്യാപിയുമായ ഉത്ഥിതനായ എന്റെ ദൈവം വിശുദ്ധ വേദപുസ്തകത്തിലെ വചനങ്ങളിലൂടെ ഇഹലോകയാത്രയില്‍ സഹയാത്രികനായി സ്വര്‍ഗത്തിന് എന്നെക്കുറിച്ചുള്ള സ്വപ്നം പറഞ്ഞുതരുന്നു. കൂദാശാസാന്നിധ്യമായി വിശുദ്ധ കുര്‍ബാനയിലൂടെ എന്നെ കൈപിടിച്ചു നടത്താന്‍, ബലപ്പെടുത്താന്‍ എന്നുള്ളിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.

യാത്രക്കാരാ, നിന്റെ സഹയാത്രികനായി കൂടെയുള്ള ഉത്ഥിതനെ കേള്‍ക്കാന്‍ വേദപുസ്തകം തുറക്കാം. നിന്റെ യാത്രയില്‍ തളര്‍ന്നുപോകാതെ പാഥേയമായി കൂടെയുള്ള ദൈവത്തെ വിശുദ്ധ കുര്‍ബനയിലൂടെ നിന്റെ ജീവിതത്തിലേക്കു  സ്വീകരിക്കാം.

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.