ഞായർ പ്രസംഗം: പള്ളിക്കൂദാശാ മൂന്നാം ഞായര്‍ നവംബർ 19, യോഹ. 2: 13-22 ചാട്ടവാറുകള്‍ ഉയരുമ്പോള്‍

ബ്ര. ജോബിന്‍ ജോസ് MSJ

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

സഭാസമര്‍പ്പണത്തെ അനുസ്മരിക്കുന്ന പള്ളിക്കൂദാശക്കാലത്തിലെ മൂന്നാമത്തെ ആഴ്ചയിലൂടെ പ്രയാണം ചെയ്യുന്ന നമുക്ക് തിരുസഭാമാതാവ് വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം 13 മുതല്‍ 22 വരെയുള്ള വാക്യങ്ങളാണ്.

46 സംവത്സരമെടുത്ത് പണിതുയര്‍ത്തിയ ജറുസലേം ദൈവാലയത്തിന് യഹൂദസംസ്‌കാരത്തിലും രക്ഷാചരിത്രത്തിലും വലിയ പ്രധാനമാണുള്ളത്. ദൈവികസാന്നിധ്യത്തിന്റെ ഇരിപ്പിടവും കേന്ദ്രവുമാണ് ജറുസലേം ദൈവാലയം. ദൈവത്തിന്റെ ആലയത്തിലെ അവിടുത്തെ നിരന്തരമായ സാന്നിധ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇന്നത്തെ പഴയനിയമവായനകളും ലേഖനഭാഗവും. സംഖ്യയുടെ പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍, പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിയുടെ രൂപത്തിലുംദൈവം തന്റെ സാന്നിധ്യം സാക്ഷ്യകൂടാരത്തോടുകൂടെ നിലനിര്‍ത്തുന്നതായി നമുക്ക് കാണാം.

ഏശയ്യപ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയില്‍, ദൈവം തന്റെ നിരന്തരമായ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതു വിവരിക്കുമ്പോള്‍ ഹെബ്രായര്‍ക്കുള്ള ലേഖനം, നമ്മുടെ ശരീരമാകുന്ന ദൈവകൂടാരങ്ങളില്‍ അവിടുത്തെ സാന്നിധ്യം എപ്പോഴും നിലനില്‍ക്കുന്നുവെന്ന് നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു. തന്റെ പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കുന്നതുകണ്ടപ്പോള്‍ അതിനെ ഈശോ ശുദ്ധീകരിക്കുന്നതാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്.

മൂന്നുസ്ഥലങ്ങളായാണ് ഈ ശുദ്ധീകരണം നടക്കുന്നത്. ഒന്നാമതായി മൃഗങ്ങളെയും ആടുകളെയും കാളകളെയും പുറത്താക്കി തന്റെ പിതാവിന്റെ ഭവനത്തില്‍ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയവാസനകളെ അവിടുന്ന് ശുദ്ധീകരിക്കുന്നു. രണ്ടാമതായി നാണയങ്ങള്‍ ചിതറിച്ച് ക്രയവിക്രയങ്ങള്‍ നടത്തിയിരുന്ന മേശകള്‍ തട്ടിമറിച്ചുകൊണ്ട് പിതാവിന്റെ ഭവനത്തില്‍ നിറഞ്ഞുനിന്നിരുന്ന കഴുത്തറപ്പന്‍ കച്ചവടത്തെയും മത്സരത്തെയും ലാഭക്കൊതിയെയും അവിടുന്ന് ചിതറിക്കുന്നു. മൂന്നാമതായി പ്രാവ് വില്‍പനക്കാരുടെ പ്രാവുകളെ എടുത്തുകൊണ്ടുപോകാന്‍ അവിടുന്ന് പറയുന്നു. പ്രാവുകള്‍ മൂല്യങ്ങളെ സൂചിപ്പിക്കുന്നുവെങ്കിലും മൂല്യച്യുതിയെയും മൂല്യങ്ങളുടെ വ്യവഹാരത്തെയും ക്രിസ്തു ദൈവാലയത്തിനു പുറത്താക്കുന്നു. തൊട്ടുസുഖപ്പെടുത്താനും കണ്ണീരൊപ്പാനും മരണത്തില്‍നിന്ന് ജീവനിലേക്ക് കൂട്ടിക്കൊണ്ടുവരാനും ഉയര്‍ത്തപ്പെട്ട കരങ്ങളായിരുന്നു ക്രിസ്തുവിന്റേത്. പക്ഷേ, ദൈവാലയം കച്ചവടസ്ഥലമായപ്പോള്‍ മനുഷ്യര്‍ക്ക് കാരുണ്യം പകര്‍ന്നുനല്‍കിയ അവന്റെ ദൈവികകരങ്ങള്‍ ശിക്ഷണത്തിന്റേതായിമാറി. സ്‌നേഹത്തിന്റെ ശാന്തിപാഠങ്ങള്‍ ഉരുവിട്ട അവന്റെ അധരം ശാസനത്തിന്റെ കൊടുങ്കാറ്റായി വീശി.

വി. ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പത്താം വാക്യത്തില്‍, ആട്ടിടയന്മാരോട് ദൈവദൂതന്‍ പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്: “ഇതാ, സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത.” മനുഷ്യവതാരവും ദൈവപുത്രന്റെ സാന്നിധ്യവും സകലജനത്തിനുംവേണ്ടിയുള്ള സദ്വാര്‍ത്തയാണെന്ന ദൈവികവിളംബരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ദൈവാലയമണ്ഡപത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍വഴി വിജാതീയര്‍ക്ക് കഴിയാതെവരുന്നു. ദൈവാനുഭവത്തിന്റെ അവസരമാണ് അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദൈവാലയശുദ്ധീകരണത്തിലൂടെ യേശു ദൈവപുത്രന്റെ അധികാരത്തോടെ സാര്‍വത്രികരക്ഷ എന്ന ദൈവത്തന്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും.

മതസൗഹാര്‍ദവും മതാന്തരസംഭാഷണവും സഹിഷ്ണുതയും വളരെ നല്ലതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ‘ദോമിനൂസ് യേസൂസ്’ എന്ന ചാക്രികലേഖനത്തില്‍ പറയുന്നതുപോലെ, ഇവയൊന്നും യേശുക്രിസ്തുവിന്റെ ഏകത്വത്തിനും അനന്യതയ്ക്കും പകരമാകരുത്. ക്രൈസ്തവയുവത്വത്തിന്റെ ഇടയില്‍ പടരുന്ന മിശ്രിതവിവാഹങ്ങള്‍ എല്ലാ മനസ്സും എല്ലാ ദൈവങ്ങളും ഒന്നുപോലെയാണെന്ന ആപേക്ഷികതാവാദത്തിലേക്ക് നമ്മുടെ യുവത്വം കൂപ്പുകുത്തുന്നതിന്റെ നാദിയാണ്. അതുകൊണ്ട് സകലജനപക്ഷങ്ങള്‍ക്കും ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവസ്‌നേഹത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരാനിടയാകുന്നതിനായി നമ്മുടെ മണ്ഡപങ്ങളെ വിശുദ്ധീകരിക്കാം.

ഇന്നത്തെ സുവിശേഷം നമുക്കു നല്‍കുന്ന സമകാലിക പ്രസക്തമായ മറ്റൊരു ചിന്ത രണ്ടാം അധ്യായം 21-ാം തിരുവചനമാണ്. “അവന്‍ തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ് പറഞ്ഞത്.” ഇതേ ആശയം തന്നെയാണ് കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം ആറാം അധ്യായം 19-ാം വാക്യത്തില്‍, “നിന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് എന്ന് വി. പൗലോസ് പറയുന്നതും.” മനുഷ്യശരീരത്തിന്റെ ദൈവശാസ്ത്രമാണ് തിരുവചനം ഇവിടെ അവതരിപ്പിക്കുന്നത്. ശരീരം എന്താണെന്നുള്ള ചോദ്യത്തിന്, അത് ദൈവാലയമാണെന്നും എന്തിനാണെന്ന ചോദ്യത്തിന് ദൈവത്തെ മഹത്വപ്പെടുത്താനാണെന്നും വിശുദ്ധഗ്രന്ഥം ഉത്തരം നല്‍കുന്നു.

യഥാര്‍ഥത്തില്‍ ഈ കാലഘട്ടത്തില്‍ സഭ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും വലിയ ഒരു ദര്‍ശനമാണിത്. കാരണം ശരീരശുദ്ധിയെപ്പറ്റിയുള്ള അവബോധങ്ങള്‍ തലകീഴാകുന്ന കലിയുഗസന്ധിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ശരീരം വ്യാപാരസ്ഥലമാണ് എന്നും, വ്യവസായോല്‍പന്നമാണെന്നുമുള്ള ചിന്തയും പ്രവര്‍ത്തനവും ഇന്ന് വളരെ സജീവമാണ്. മനുഷ്യശരീരമാണ് ആധുനികലോകത്തിലെ ഏറ്റവും വലിയ വ്യവസായോല്‍പന്നമെന്ന്, ഇന്നിന്റെ പല ചെയ്തികളും തോന്നലുണര്‍ത്തുന്നു. ശരീരംകൊണ്ടുള്ള അശുദ്ധിക്കൊപ്പം, ശരീരത്തെ നശിപ്പിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ദൈവാലയത്തെ അശുദ്ധമാക്കുന്ന പ്രവൃത്തിയായി കാണണം. മനുഷ്യശരീരം ദൈവാലയമാണെന്നു വെളിപ്പെടുത്തുന്ന ദൈവം, ഈ ദൈവാലയത്തെ മാര്‍ക്കറ്റ് ചെയ്യുന്ന അത്തരം വ്യവസായം നടത്തുന്ന പ്രവണതകളെ വെറുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍ കര്‍ത്താവ് നമ്മെ ക്ഷണിക്കുകയാണ്. ശരീരത്തിലെ ദൈവസാന്നിധ്യസ്മരണയിലേക്ക് ഉണരുമ്പോളാണ്, ശരീരത്തില്‍ ദൈവം മഹത്വപ്പെടുന്നത്.

ഉടലിന്റെ പവിത്രതയെക്കുറിച്ചുള്ള അവബോധങ്ങള്‍ ഇന്ന് ശൈശവത്തിലേ തകരുന്ന ദുരവസ്ഥയാണ് നമുക്കുചുറ്റും. മാധ്യമങ്ങളുടെ വിപ്ലവകരമായ പുരോഗതി തന്ന മാലിന്യമാണത്. ജീവിതത്തിലും സംസാരത്തിലും വേഷവിധാനത്തിലുമെല്ലാം ഈ പവിത്രത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വി. പൗലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നതുപോലെ, “ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ പരിശുദ്ധാത്മാവിനെ നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്” (1 തെസ. 4:8).

പ്രിയപ്പെട്ടവരേ, മനുഷ്യാവതാരത്തിലൂടെ വെളിവാക്കപ്പെട്ട മനോഹരമായ രഹസ്യമാണ് ദൈവാലയ ശുദ്ധീകരണം എന്ന പ്രതീകാത്മകപ്രവര്‍ത്തിയിലൂടെ കര്‍ത്താവ് വ്യക്തമാക്കുന്നത്. മനുഷ്യശരീരം ദൈവം വസിക്കാന്‍ തിരഞ്ഞെടുത്ത ഏറ്റവും പുരാതനവും പവിത്രവുമായ ആലയമാണ്. അതിന്റെ നൈര്‍മല്യം അവിടുന്ന് നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നു. സഭ തന്നെ, ക്രിസ്തുവിന് ശരീരവും നാം ഓരോരുത്തരും അതിലെ അവയവങ്ങളുമാണല്ലോ. വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം ആറാം അധ്യായം 13-ാം വാക്യം “ശരീരം ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പ്രസ്തുത ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനുംവേണ്ടിയുള്ളതാണ്” എന്നുള്ള ബോധത്തോടെ അവിടുത്തോടുചേര്‍ന്ന് ജീവിക്കാം അതിനായി പ്രാര്‍ഥിക്കാം, ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍

ബ്ര. ജോബിന്‍ ജോസ് MSJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.