ഞായര്‍ പ്രസംഗം: ഒക്ടോബർ 29 മത്തായി 22: 34-40, ദൈവസ്‌നേഹം; പരസ്‌നേഹം

സീസറിന് നികുതി കൊടുക്കേണ്ടതുണ്ടോ, പുനരുത്ഥാനമുണ്ടോ തുടങ്ങിയ വിവാദപരമായ ചോദ്യങ്ങളെതുടര്‍ന്ന് യേശുവിനെ കുടുക്കാന്‍ ഉന്നയിച്ച മറ്റൊരു ചോദ്യമാണ് സുപ്രധാന കല്‍പന ഏത് എന്നുള്ളത്. ദൈവത്തെ സ്‌നേഹിക്കുക, സഹോദരങ്ങളെ സ്‌നേഹിക്കുക എന്നീ രണ്ടു കല്‍പനകള്‍ പരസ്പരം ബന്ധമില്ലാത്തതും വ്യത്യസ്തവുമാണെന്ന് കരുതിയിരുന്ന ഫരിസേയരുടെ മുമ്പില്‍ ഈ രണ്ടു കല്‍പനകളും ഒന്നായി അവതരിപ്പിക്കുന്ന യേശുവിനെയാണ് വചനം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുവഴി ദൈവസ്‌നേഹവും പരസ്‌നേഹവും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തെ സ്‌നേഹിക്കുക എന്ന വിശ്വാസത്തിന്റെ തലത്തില്‍നിന്ന് സഹോദരനെ സ്‌നേഹിക്കുക എന്ന സാമൂഹികതലത്തിലേക്ക് ഒരുവന്‍ വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈശോ പഠിപ്പിക്കുന്നുണ്ട്.

ദൈവസ്‌നേഹമെന്നത് ആത്മീയകാര്യങ്ങളില്‍ പുലര്‍ത്തേണ്ട നിഷ്ഠയാണെങ്കില്‍ അതിന്റെ പ്രായോഗികവശമാണ് സഹോദരസ്‌നേഹം. ആത്മീയത ഒരിക്കലും നിസ്സംഗതയല്ല, ലോകത്തില്‍നിന്നോ, ഉത്തരവാദിത്വത്തില്‍നിന്നോ ഉള്ള ഒളിച്ചോട്ടമല്ല. ആത്മീയതയില്‍ ആഴപ്പെടുന്നവര്‍ സാഹോദര്യത്തിലും ആഴപ്പെടും. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാന്‍ കഴിയാത്ത ഒരുവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല. സഹോദരനില്‍നിന്നും മുഖംതിരിക്കുന്ന ഒരു ആത്മീയതയും ശരിയായ ആത്മീയതയല്ലെന്ന് വി. മദര്‍ തെരേസയുടെ ജീവിതം പറഞ്ഞുതരുന്നുണ്ട്.

നീ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവോ അതുപോലെതന്നെ സഹോദരങ്ങളെയും സ്‌നേഹിക്കാനാണ് ഈശോ പറയുക. അതായത്, സഹോദരനെ സ്‌നേഹിക്കാനുള്ള അളവുകോല്‍ എന്നത് നീ നിന്നെത്തന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ വ്യാപ്തി തന്നെയാണ്. ഞാന്‍, എന്റേത് എന്നുള്ള സ്വാര്‍ഥതയുടെയും അഹങ്കാരത്തിന്റെയും ആവരണം അഴിച്ചുമാറ്റുന്ന ഒരുവനുമാത്രമേ ദൈവത്തെയും അതുവഴി സഹോദരനെയും സ്‌നേഹിക്കാന്‍ സാധിക്കുകയുള്ളൂ.

ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതാകണം ഏതൊരു നിയമവും. ബന്ധങ്ങള്‍ തകര്‍ത്തുകൊണ്ട് എന്തെല്ലാം നിയമങ്ങള്‍ ജീവിതത്തില്‍ പാലിച്ചിട്ടും യാതൊരു കാര്യവുമില്ല. പ്രാര്‍ഥനയും ഉപവാസവും നിയമാനുഷ്ഠാനങ്ങളുമെല്ലാം ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും ആഴപ്പെടാന്‍ ഉപകരിക്കുമ്പോഴാണ് അതിന് അര്‍ഥമുണ്ടാകുന്നത്.

ഫാ. മെൽറ്റസ്‌ ചാക്കോ കൊല്ലശേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.