ഞായർ പ്രസംഗം: ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ (സ്ലീവാക്കാലം ഒന്നാം ഞായർ) – സെപ്റ്റംബർ 17 മത്തായി 4:12-17, പ്രകാശമാകുവിന്‍

The man thank God Cross and light
ബ്ര. ജോബിന്‍ മണവാളന്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

കാല്‍വരിയിലുയര്‍ത്തപ്പെട്ട സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായ കുരിശിനെ പ്രത്യേകമാംവിധം അനുസ്മരിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ സ്ലീവാക്കാലം ഒന്നാം ആഴ്ചയില്‍ നമ്മുടെ വിശ്വാസയാത്ര എത്തിനില്‍ക്കുമ്പോള്‍ തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം, വി. മത്തായിയുടെ സുവിശേഷം നാലാം അധ്യായം 12 മുതല്‍ 17 വരെയുള്ള തിരുവചനങ്ങളാണ്. അന്ധകാരത്തില്‍ വസിച്ചിരുന്നവര്‍ക്ക് രക്ഷയുടെ പ്രകാശമായി കടന്നുവരുന്ന ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തെയാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്.

നിയമാവര്‍ത്ത പുസ്തകത്തില്‍നിന്നുള്ള ആദ്യവായന ഓര്‍മ്മപ്പെടുത്തുന്നത്, സര്‍വസമ്പത്തിന്റെ നടുവിലും നമ്മുടെ ജീവിതത്തിന്റെ പ്രകാശമായ ദൈവത്തെ വിസ്മരിക്കരുതെന്നാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള വായന നല്‍കുന്ന സന്ദേശം, നമ്മുടെ പാദങ്ങള്‍ക്കു വിളക്കും വഴികളില്‍ പ്രകാശവുമായ ദൈവമായിരിക്കണം നമ്മുടെ ജീവിതത്തിന്റെ സര്‍വസ്വവും എന്നാണ്.

നമ്മുടെയൊക്കെ ജീവിതത്തില്‍ പാദങ്ങള്‍ക്കു വിളക്കും വഴികളില്‍ പ്രകാശവുമാകാന്‍ ദൈവം തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചിരിക്കുകയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തിലൂടെ നമുക്ക് നല്‍കുന്നത്. ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ് നാം ഇന്നത്തെ സുവിശേഷത്തെ ധ്യാനിക്കേണ്ടത്.

ഇറ്റലിയിലെ ലാംബ ധൂസ എന്ന കൊച്ചുദ്വീപ്, അറിയപ്പെട്ടിരുന്ന ഒരു കുറ്റവാളിസങ്കേതമാണ്. 2013 മാര്‍ച്ച് 13-ാം തീയതി ആഫ്രിക്കയില്‍ നിന്ന് ലാംബ ധൂസയിലേക്ക് അഭയാര്‍ഥികളുമായെത്തിയ ബോട്ട് അപകടത്തില്‍പെട്ട് അനേകംപേര്‍ മരണമടഞ്ഞു. ഈ വാര്‍ത്ത അറിഞ്ഞയുടനെ ഫ്രാന്‍സിസ് പാപ്പ ലാംബ ധൂസ സന്ദര്‍ശിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ മാര്‍പാപ്പയെ വരവേല്‍ക്കാനുയര്‍ത്തിയ ബാനറിലെ വാചകം ഇപ്രകാരമായിരുന്നു: “ലോകത്തിലെ അവസാനത്തവരുടെ ഇടയിലേക്ക് സ്വാഗതം!” ലോകത്തിലെ അവസാനത്തവരുടെ ഇടയിലേക്ക് അഥവാ അന്ധകാരത്തിന്റെ നിഴലില്‍ കഴിയുന്നവരുടെ ഇടയിലേക്ക് പ്രകാശമായി കടന്നുചെല്ലാനുള്ള സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്കു നല്‍കുന്നത്.

യേശു തന്റെ ദൗത്യം ആരംഭിക്കുന്നത് ഗലീലിയായിലാണ്. ഒരു സത്‌പേരും പറയത്തക്ക യാതൊരു പെരിമയുമില്ലാത്ത ഒരിടം. കുടിയേറിപ്പാര്‍ത്ത വിജാതീയരുടെ ജീവിതരീതിയിലും ദൈവാരാധനയിലും ഇടകലര്‍ന്ന് യഹൂദ അസ്തിത്വം നഷ്ടപ്പെടുത്തി, മറ്റു യഹൂദരാല്‍ വെറുക്കപ്പെട്ട ഒരു ജനതയായിരുന്നു അവിടെ പാര്‍ത്തിരുന്നത്. അറിവിന്റെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും ആത്മീയതയുടെയും ദീപനാളം അണഞ്ഞുപോയവര്‍. ഇത്തരത്തില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി ക്രിസ്തു തന്റെ പ്രകാശം പ്രദാനംചെയ്തു. അങ്ങനെ അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനത വലിയ പ്രകാശം കണ്ടു. സ്വര്‍ഗരാജ്യത്തിന്റെ പ്രതീക്ഷയുടെ, രക്ഷയുടെ പ്രകാശം.

വി. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം 12 -ാം വാക്യം ഇപ്രകാരം പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” പ്രകാശമായവനേ പ്രകാശമേകാന്‍ സാധിക്കൂ. ക്രിസ്തുവിന് പ്രകാശമായി, പ്രകാശമേകാന്‍ സാധിച്ചത് ദൈവപുത്രത്വം എന്ന കനല്‍ ഉള്ളിലുണ്ടായതുകൊണ്ടാണ്. പാപികള്‍ക്ക് മോചനംനല്‍കുമ്പോഴും അന്ധര്‍ക്ക് കാഴ്ചനല്‍ കുമ്പോഴും തളര്‍വാതരോഗിയെ സുഖപ്പെടുത്തുമ്പോഴും മരിച്ചവരെ ഉയിര്‍പ്പിക്കുമ്പോഴുമെല്ലാം ക്രിസ്തു തന്റെ ദൈവപുത്രത്വത്തിന്റെ കനല്‍ ജ്വലിപ്പിക്കുകയായിരുന്നു. മാമ്മോദീസായിലൂടെ, നമുക്ക് സ്വായത്തമായിരിക്കുന്ന ദൈവപുത്രത്വത്തിന്റെ കനല്‍ ജ്വലിപ്പിക്കുക എന്ന സന്ദേശം നമുക്ക് ലഭിക്കുന്നു.
ഈ കാലഘട്ടത്തെക്കുറിച്ച് മലയാളികളുടെ പ്രിയകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഇപ്രകാരം എഴുതുകയുണ്ടായി:

“വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം.”

പേരിനും പ്രശസ്തിക്കും പണത്തിനും സുഖസൗകര്യങ്ങള്‍ക്കുമുള്ള മനുഷ്യന്റെ അതിയായ ആഗ്രഹങ്ങള്‍ പലപ്പോഴും മനുഷ്യത്വത്തെ മറക്കാനും പ്രകൃതിയെ ചൂഷണംചെയ്യാനും ദൈവത്തെ വിസ്മരിക്കാന്‍പോലും ഉതകുന്നതാണ്. അതുവഴി ജീവിതം അന്ധകാരം നിറഞ്ഞതാവുന്നു. ഈവിധത്തില്‍ അന്ധകാരം നിറഞ്ഞ, പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ ഇടയിലേക്ക് പ്രകാശമായി കടന്നുചെല്ലാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. കാരണം, ദൈവം നാം ഓരോരുത്തരിലും ഒരു ദൈവിക കനല്‍ നിക്ഷേപിച്ചിട്ടുണ്ട്. വി. അല്‍ഫോന്‍സാമ്മയ്ക്ക് സഹനം എന്നപോലെ, വി. കൊച്ചുത്രേസ്യായ്ക്ക് സ്‌നേഹം എന്നപോലെ, വി. മദര്‍ തെരേസയ്ക്ക് സേവനം എന്നപോലെ എന്റെയും നിന്റെയുമുള്ളിലും ഒരു കനലുണ്ട്. സ്‌നേഹത്തിന്റെയോ, കരുതലിന്റെയോ, കരുണയുടെയോ, സമര്‍പ്പണത്തിന്റേതോ ആയ ഒരു കനല്‍. എന്നാല്‍ പലപ്പോഴും ഈ ദൈവിക കനല്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നില്ല. ചാരം മൂടിക്കിടക്കുന്ന നമ്മിലെ ആ കനലിനെ ജ്വലിപ്പിക്കാനുള്ള ക്ഷണം ഇന്ന് ഈശോ നമുക്കു നല്‍കുന്നു.

പ്രിയസഹോദരങ്ങളേ, അന്ധകാരത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ക്രിസ്തു പ്രതീക്ഷയുടെയും രക്ഷയുടെയും പ്രകാശമായതുപോലെ ഈ കാലഘട്ടത്തിന്റെ പ്രകാശമാകാന്‍ പ്രകാശമായവന്‍ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തുവിനെപ്പോലെ സ്‌നേഹത്തിനുവേണ്ടി നിലകൊള്ളാനും സമൂഹത്തിലെ തഴയപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അറിവ് പകര്‍ന്നുകൊടുക്കാനും പ്രകൃതിചൂഷണത്തെ തടയാനും സാമൂഹികനീതിക്കുവേണ്ടി പോരാടാനും അപരന്റെ നന്മയ്ക്കുവേണ്ടി സ്വജീവനെത്തന്നെ പങ്കുവയ്ക്കാനും നമുക്ക് സാധിക്കട്ടെ. അതുവഴി ഇരുളടഞ്ഞ ജീവിതങ്ങളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ക്രിസ്തുദൗത്യത്തില്‍ നമുക്ക് പങ്കുകാരാകാം.

ക്രിസ്തുവിന്റെ ദൗത്യവും പെസഹാരഹസ്യങ്ങളും അനുസ്മരിക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍ നാം പങ്കുകാരാകുമ്പോള്‍ നമുക്കും പ്രാര്‍ഥിക്കാം, “ഈശോയേ, നിന്റെ ദൗത്യത്തില്‍ ഞങ്ങളെയും പങ്കുകാരാക്കേണമേ.”

പ്രകാശമായ ക്രിസ്തുവിനെ അനുഗമിച്ച് ലോകത്തിന്റെ പ്രകാശമായി മാറാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ഥിക്കം.

കാരുണ്യവാനായ ദൈവം നമ്മെ സമൃദ്ധമായി അനുഗൃഹിക്കട്ടെ.

ബ്ര. ജോബിന്‍ മണവാളന്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.