ഞായർ പ്രസംഗം, ശ്ലീഹാക്കാലം അഞ്ചാം ഞായർ ജൂൺ 25, ദൈവപരിപാലനയില്‍ നിരന്തരം ആശ്രയിക്കുക

ബ്ര. ജിക്ക്‌സണ്‍ പള്ളിവാതുക്കല്‍ MCBS

പരിശുദ്ധാത്മാവിന്റെ ആഗമനഫലമായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ശ്ലീഹന്മാരെ അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിന്റെ അഞ്ചാമത്തെ ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ വചനവിചിന്തനത്തിനായി തിരുസഭ നല്‍കുന്ന വചനഭാഗം വി. ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 22 മുതല്‍ 34 വരെയുള്ള വാക്യങ്ങളാണ്. “ദൈവപരിപാലനയില്‍ നിരന്തരം ആശ്രയിക്കുക.”

മൂന്നു കാര്യങ്ങളാണ് ലൂക്കാ സുവിശേഷകന്‍ ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ നമ്മോടു പറയുന്നത്. ആദ്യമായി ഈ ലോകത്തിന്റെ നശ്വരതയില്‍, അതായത് ധനത്തില്‍ ശരണം വയ്ക്കരുത്. 33-ാം വാക്യത്തില്‍ നാം ഇപ്രകാരം കാണുന്നു: “നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യുവിന്‍.” പഴയനിയമത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നത്, രാജാക്കന്മാരുടെ പതനത്തിനു കാരണമായത് ഈ ലോകത്തിന്റെ നശ്വരതയുടെ പിന്നാലെ പാഞ്ഞുനടന്ന് തങ്ങളെ വഴിനടത്തിയ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു എന്നുള്ളതാണ്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ നാം ഇന്ന് വായിച്ചുകേട്ടു: “നിന്റെ പ്രഭുക്കന്മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്മാരോട് കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു. സമ്മാനത്തിന്റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്തുനില്‍ക്കുകയോ, വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല” (ഏശയ്യാ 1:23). നാം ദൈവത്തില്‍ ശരണം വച്ചു ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും സ്വര്‍ഗത്തിലേക്കുളള നിക്ഷേപമാണ്. “നമ്മുടെ നിക്ഷേപങ്ങളെ സ്വര്‍ഗത്തിലേക്ക് അയക്കുന്നില്ലെങ്കില്‍ ദൈവം നമ്മെ വിശ്വസ്തതയോടെ ഭരമേല്‍പിച്ച ആത്മാവ് ഭൂമിയില്‍ സംസ്‌ക്കരിക്കപ്പെടുന്നു” എന്ന് പീറ്റര്‍ ക്രിസോലോഗസ് എന്ന സഭാപിതാവ് പറഞ്ഞുവയ്ക്കുന്നു. അദ്ദേഹം തുടരുന്നു: “സ്വര്‍ണം ഭൂമിയുടെ ആഴങ്ങളിലാണ് ലഭിക്കുക; ആത്മാവാകട്ടെ ഉന്നതങ്ങളില്‍ നിന്നും. അതുകൊണ്ട് ആത്മാവ് വസിക്കുന്നിടത്തേക്ക് സ്വര്‍ണ്ണം കൊണ്ടുപോകുന്നതാണ് സ്വര്‍ണ്ണഖനികളില്‍ ആത്മാവിനെ സംസ്‌ക്കരിക്കുന്നതിനേക്കാള്‍ മെച്ചം.” ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങളില്‍ ശരണം വയ്ക്കാതെ ഇവയുടെ എല്ലാം ഉടയവനായ ദൈവത്തിലാണ് നാം ശരണം പ്രാപിക്കേണ്ടത്.

രണ്ടാമതായി ഇന്നത്തെ സുവിശേഷം പറഞ്ഞുവയ്ക്കുന്നത് തന്റെ തന്നെ കഴിവുകളില്‍ ശരണം വയ്ക്കുകയോ, കഴിവുകളെപ്രതി അഹങ്കരിക്കുകയോ ചെയ്യരുത്. വി. പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനം പതിനാലാം അധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യത്തില്‍ ഈ ആശയം നാം കാണുന്നു. പ്രവചനവരവും ഭാഷാവരവും സിദ്ധിച്ചിരുന്നവര്‍ അവ സിദ്ധിച്ചത് ഒരിക്കലും തങ്ങളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ദൈവം തന്ന ദാനമാണെന്നു മനസിലാക്കി ദൈവത്തില്‍ ശരണം വയ്ക്കണമെന്ന് എടുത്തുകാണിക്കുന്നു. ദൈവം കനിഞ്ഞുനല്‍കിയ ഓരോ കഴിവും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ നമ്മെ സഹായിക്കുന്നു. പഴയ നിയമത്തില്‍ നാം കാണുന്ന സാംസണ്‍ ഇതിന് ഉദാഹരണമാണ്.

സാംസണ്‍ ദൈവത്തില്‍ ശരണം വയ്ക്കാതെ, എന്ന് തന്റെ തന്നെ കഴിവില്‍ ശരണം വച്ചോ അന്നു തന്നെ സാംസണ് ശക്തിക്കും കഴിവിനും കോട്ടം സംഭവിച്ചു. നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന താലന്തുകളെ, കഴിവുകളെ ദൈവം തന്ന ദാനമാണെന്ന് നാം ആദ്യം മനസിലാക്കണം. എങ്കില്‍ മാത്രമേ ആ കഴിവുകളെ വളര്‍ത്തിയെടുക്കാനായി ദൈവത്തില്‍ ശരണം വയ്ക്കാന്‍ നമുക്ക് സാധിക്കൂ. വിശുദ്ധര്‍ ഇപ്രകാരം തങ്ങളുടെ കഴിവുകളില്‍ ആശ്രയം വയ്ക്കാതെ ദൈവത്തില്‍ ശരണം പ്രാപിച്ചതിനാലാണ് വിശുദ്ധിയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറാനിടയായത്. കര്‍ത്താവ് പറഞ്ഞത് വകവയ്ക്കാതെ തങ്ങളുടെ തന്നെ കഴിവില്‍ ആശ്രയം വച്ച് മലമുകളില്‍ താമസിക്കുന്ന അമോര്യരോട് യുദ്ധത്തിനു പോയി തോറ്റ ഇസ്രായേല്‍ക്കാരെക്കുറിച്ച് നിയമാവര്‍ത്തന പുസ്തകം ഒന്നാം അധ്യായം 42 മുതലുളള വാക്യങ്ങളില്‍ നാം കാണുന്നു. ദൈവത്തില്‍ ശരണം വയ്ക്കാത്ത ഒരു പ്രവൃത്തിയും അതിന്റെ വിജയത്തിലെത്തുകയില്ല എന്ന് ഇത് നമുക്ക് കാണിച്ചുതരുന്നു.

മൂന്നാമതായി ഇന്നത്തെ സുവിശേഷം പറഞ്ഞുവയ്ക്കുന്ന കാര്യമാണ്, എന്തിനാണ് നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്ന തിരിച്ചറിവ്. ഭക്ഷണത്തോടും വസ്ത്രത്തോടുമല്ല നിങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരിക്കേണ്ടത്. മറിച്ച്, ഭക്ഷണത്തേക്കാള്‍ ജീവനും വസ്ത്രത്തേക്കാള്‍ ശരീരത്തോടുമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ലോകം പ്രാധാന്യം കൊടുക്കുന്നത് ജീവനേക്കാള്‍ ഭക്ഷണത്തിനും ശരീരത്തേക്കാളുപരി വസ്ത്രത്തിനുമാണ്. ഒന്ന് ചിന്തിച്ചുനോക്കിയാല്‍, ഒന്നു കണക്കുകൂട്ടി നോക്കിയാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. ഒരു മാസം നമുക്ക് ലഭിക്കുന്ന പണം നാം കൂടുതലായി ഉപയോഗിക്കുന്നത് ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റ്ആഡംബരങ്ങള്‍ക്കുമാണ്. സഹനത്തിന് തന്റെ ജീവിതത്തില്‍ പ്രമുഖസ്ഥാനം കൊടുത്തതുകൊണ്ടാണ് അല്‍ഫോന്‍സാമ്മ വിശുദ്ധയായി മാറിയത്. സേവനത്തിന് തന്റെ ജീവിതത്തില്‍ പ്രാധാന്യം കൊടുത്തതുകൊണ്ടാണ് മദര്‍ തെരേസ പാവങ്ങളുടെ അമ്മയായി മാറിയത്. സുവിശേഷപ്രഘോഷണത്തിന് തന്റെ ജീവിതത്തില്‍ ഉന്നതമായ സ്ഥാനം നല്‍കിയതുകൊണ്ടാണ് ഇന്ന് തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ചാവറ പിതാവും സഭയില്‍ വണക്കത്തിന് അര്‍ഹരായത്. പ്രാര്‍ത്ഥനക്ക് തന്റെ ജീവിതത്തില്‍ പ്രമുഖസ്ഥാനം നല്‍കിയപ്പോള്‍ എവുപ്രാസിയാമ്മ ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ലൗകിക കാര്യങ്ങളേക്കാള്‍ ദൈവിക കാര്യങ്ങള്‍ക്ക് – ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ നിരന്തരം പ്രാധാന്യം കൊടുക്കാന്‍ നാം ഓരോ നിമിഷവും തയ്യാറാകണം.

പ്രിയ സഹോദരരേ, ‘കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു’ എന്ന് ഓരോ വിശുദ്ധ ബലിയിലും കാഴ്ചസമര്‍പ്പണ സമയത്ത് പാടിപ്രാര്‍ത്ഥിക്കാറുണ്ട്. ഇന്ന് ഈ വിശുദ്ധ ബലി മധ്യേ, ആയിരിക്കുമ്പോള്‍ നമുക്ക് ഒരു നിമിഷം ചിന്തിച്ചുനോക്കാം, എന്റെ യഥാര്‍ത്ഥമായ ശരണം ആരിലാണ് ഞാന്‍ അര്‍പ്പിച്ചിരിക്കുന്നത്? എന്റെ കഴിവുകളിലാണോ? എന്റെ സമ്പത്തിലാണോ? എന്റെ പങ്കാളിയിലാണോ? അതോ എന്നെ എന്നേക്കാളേറെ സ്‌നേഹിക്കുന്ന എന്റെ ദൈവത്തിലാണോ? ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജിക്ക്‌സണ്‍ പള്ളിവാതുക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.