ഞായർ പ്രസംഗം, കൈത്താക്കാലം ഒന്നാം ഞായർ ജൂലൈ 24, വിളിയും നിയോഗവും

ബ്ര. റിന്‍സ് കെ. ജോസഫ് MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

മിശിഹായുടെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആരാധനാക്രമ വത്സരത്തിലെ ഒരു പുതിയ കാലത്തിലേക്ക്-കൈത്താക്കാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വഴി ദൈവം വിതച്ച വചനത്തിന്റെ വിളവെടുപ്പ് കാലഘട്ടമാണ് കൈത്താക്കാലം. പന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് തിരുസഭ നമ്മുടെ വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വി. മത്തായി 10:1-5 ആണ്.

ഇന്നത്തെ നാലു വായനകളും പരിശോധിച്ചാല്‍, പൊതുവായി ഇവയില്‍ ‘പന്ത്രണ്ട്’ എന്ന സംഖ്യക്കുള്ള ഒരു പ്രാധാന്യം കാണാം. ഒന്നാം വായനയില്‍ ഉല്‍. 35:23-29 ല്‍ നാം വായിച്ചത്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളായി മാറിയ യാക്കോബിന്റെ പന്ത്രണ്ട് പുത്രന്മാരുടെ പേരുകളാണ്. രണ്ടാം വായന ജോഷ്വാ 4:1-9 ഇസ്രായേല്‍ ജനം ജോര്‍ദ്ദാന്‍ നദി കടന്നപ്പോള്‍ പന്ത്രണ്ട് കല്ലുകളാല്‍ സ്ഥാപിച്ച സ്മാരകശിലയെക്കുറിച്ചും ലേഖനഭാഗം വെളി. 21:9-21, കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരെക്കുറിച്ചും സുവിശേഷം ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

വി. മത്തായിയുടെ സുവിശേഷത്തിന്റെ 8,9 അധ്യായങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് 10-ാം അധ്യായത്തിന്റെ ഒന്നാം വാക്യം നാം വായിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കും. അശുദ്ധാത്മാക്കളെ ബഹിഷ്‌ക്കരിച്ചും രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും നടന്ന ഈശോ തന്റെ അതേ അധികാരമാണ് ശിഷ്യന്മാര്‍ക്കു നല്‍കുന്നത്. വി. ജോണ്‍ ക്രിസോസ്‌തോമിന്റെ വാക്കുകളില്‍, “ഈശോ വളരെ സാധാരണക്കാരായവരെ തിരഞ്ഞെടുത്ത് ശിഷ്യരാക്കി അധികാരം പകര്‍ന്നു നല്‍കി, പ്രേഷിതദൗത്യത്തിന് അയക്കുകയാണ്.”

വി. മത്തായി 10-2-ലും വെളി. 21:14-ലും കാണാന്‍ കഴിയുന്ന ഒരു പ്രയോഗമാണ് ‘അപ്പസ്‌തോലന്മാര്‍’ എന്നത്. ‘അപ്പസ്‌തോലോസ്’ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ‘അപ്പസ്‌തോലോസ്’ എന്ന ഗ്രീക്ക് പദത്തിന്റെയും ‘ശ്ലീഹാ’ എന്ന അരമായ പദത്തിന്റെയും അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നാണ്. അയക്കപ്പെട്ടവരില്‍ മൂന്നു കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഒന്നാമതായി, സഭയിലെ അംഗങ്ങളായ നാം ഓരോരുത്തരും ദൈവത്താല്‍ അയക്കപ്പെട്ടവരാണ്. മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിയും സഭയുടെ ഈ ദൗത്യത്തില്‍ പങ്കുചേരുന്നു. പ്രേഷിതപ്രവര്‍ത്തനം എന്ന ഡിക്രിയുടെ രണ്ടാം നമ്പറില്‍ പറയുന്നതു പോലെ, “സഭ അവളുടെ പ്രബോധനങ്ങളും കൂദാശകളും കൃപാവരത്തിന്റെ മറ്റു മാര്‍ഗ്ഗങ്ങളും ജീവിതമാതൃകയും വഴി വിശ്വാസത്തിലേക്കും മിശിഹായുടെ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും ജനപദങ്ങളെ നയിക്കുന്നു.”

രണ്ടാമതായി, അയക്കപ്പെട്ടവര്‍ നിറവേറ്റേണ്ട ഒരു ദൗത്യമുണ്ട്. അത് സുവിശേഷം പ്രഘോഷിക്കുകയാണ്. യാത്രയുടെ ലക്ഷ്യം മറന്ന് നാം ആരും യാത്ര ചെയ്യാറില്ല. ലക്ഷ്യം മറന്നുള്ള യാത്രകള്‍ക്ക് അര്‍ത്ഥവുമില്ല. അതുപോലെ തന്നെയാണ് പ്രേഷിതപ്രവര്‍ത്തനവും. ഈശോയെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ അതില്‍ത്തന്നെ അര്‍ത്ഥശൂന്യമാണ്. ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടതിന് പ്രാധാന്യം നല്‍കാനും വിട്ടുകളയേണ്ടതിനെ വിട്ടുകളയാനും പഠിക്കണം. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്നുപറഞ്ഞ ശ്ലീഹായുടെ മനോഭാവത്തോടെ നമ്മുടെ ദൗത്യത്തെ നാം അനുസ്മരിക്കണം. അനുദിന ജീവിതസാഹചര്യങ്ങളില്‍ പല രീതികളില്‍ നമുക്ക് സുവിശേഷം പ്രഘോഷിക്കാന്‍ കഴിയും. ഒരു ദൈവാലയം കാണുമ്പോള്‍ ദൈവസാന്നിധ്യസ്മരണയില്‍ ഒന്ന് പ്രാര്‍ത്ഥിക്കുന്നതു വഴിയും സന്ധ്യാമണി മുഴങ്ങുമ്പോള്‍ കുരിശുവരക്കുന്നതു വഴിയുമെല്ലാം നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണം നമുക്ക് നടത്താം. യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം സുവിശേഷാനുസൃത ജീവിതമാണ്.

മൂന്നാമതായി, അയക്കപ്പെടുന്ന വ്യക്തിയുടെ മനോഭാവം എപ്രകാരമായിരിക്കണമെന്ന് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നുണ്ട്. മുന്‍കരുതലുകളോ, കൂട്ടിവയ്പ്പുകളോ അല്ല മറിച്ച് ദൈവാശ്രയത്തില്‍ മാത്രം ശരണം വച്ച് നാം ഇറങ്ങിത്തിരിക്കണം. ഒരിക്കല്‍ ഒരു വൈദികന്‍ തന്റെ ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോവുകയാണ്. അദ്ദേഹത്തിന്റെ യാത്രക്ക് മാറ്റു കൂട്ടിയത്, തനിക്ക് ആകെയുള്ള ഒരു ചെറിയ ബാഗ് മാത്രമായിരുന്നു. ‘Less Lugguage more Comfort’ എന്നാണല്ലോ പറയുന്നത്. ദൈവത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് ആവശ്യമുള്ളതെല്ലാം നല്‍കുന്നതായി നമുക്ക് കാണാന്‍ കഴിയും. പ്രേഷിതവേലയില്‍ നാം ഒന്നും നേടിയെന്നു വരില്ല. നേടിയാലും എല്ലാം ദൈവം തന്നതാണെന്നു പറഞ്ഞ് വിട്ടുപോകാന്‍ കഴിയണം. വര്‍ഷങ്ങളുടെ മിഷനറി പ്രവര്‍ത്തനത്തിനു ശേഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കോറിഗ അതിര്‍ത്തി കടന്ന് ഒരു തോള്‍സഞ്ചി മാത്രമായി യാത്ര ചെയ്യുന്ന 18 മദര്‍ തെരേസ സന്യാസിനികളുടെ ചിത്രം നാം മറന്നുകാണില്ല. അവര്‍ ഒന്നും തന്നെ നേടിയില്ല, മറിച്ച് അവര്‍ നല്‍കി – ക്രിസ്തുവിനെ.

പ്രിയമുള്ളവരേ, ഇന്ന് നാം ഈ വിശുദ്ധ ബലിയില്‍ ആയിരിക്കുമ്പോള്‍ നമുക്ക് ഒരിക്കല്‍ക്കൂടി ഈ സുവിശേഷമൂല്യങ്ങളെ മുറുകെപ്പിടിക്കാം. ദൈവം അയച്ചവരായ നമുക്ക് ദൗത്യമുണ്ടെന്നും അത് നിസ്വാര്‍ത്ഥമായുള്ള സേവനമാണെന്നും നമുക്ക് മറക്കാതിരിക്കാം. സഹജരിലേക്ക് അയക്കപ്പെട്ട ദൈവരാജ്യസന്ദേശങ്ങളായി നമുക്ക് മാറാം. ഈ ഫലാഗമനകാലത്ത് കര്‍ത്താവില്‍ നങ്കൂരമിട്ട്, സേവകര്‍ എന്ന മനോഭാവത്തോടെ, അര്‍ഹതയില്ലാത്തത് ആഗ്രഹിക്കാതെ, നല്ല ഫലം ചൂടുന്ന മിഷനറിമാരാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്റെ കിനാവിനൊത്ത് നമുക്കും കിനാവുകള്‍ നെയ്തു തുടങ്ങാം. നമ്മുടെ വിളിയും നിയോഗവും വീണ്ടും നമുക്ക് ഉറപ്പിക്കാം. നല്ല ദൈവം നമ്മെ സമൃദ്ധമായി അനു ഗ്രഹിക്കട്ടെ.

ബ്ര. റിന്‍സ് കടന്തോട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.