
ദിവ്യകാരുണ്യ ഈശോയില്‍ സനേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ,
“അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” എന്നുപറഞ്ഞ് തന്റെ സഹശിഷ്യന്മാരെ ആവേശോജ്ജ്വരാക്കിയ തോമാശ്ലീഹായുടെ സ്മരണ നാം ഇന്ന് ആചരിക്കുന്നു. ഏതു സാഹചര്യത്തിലും മിശിഹായ്ക്ക് സാക്ഷ്യം വഹിക്കണമെന്ന് നമ്മുടെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹാ ഇന്നേ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ശ്ലീഹന്മാരിലെ ശാസ്ത്രജ്ഞന് എന്ന് ദൈവശാസ്ത്രജ്ഞന്മാര് വിശേഷിപ്പിക്കുന്ന തോമാശ്ലീഹാ, താന്‍ കണ്ടും കേട്ടും അനുഭവിച്ചും തൊട്ടറിഞ്ഞതുമായ വിശ്വാസം ഭാരതമക്കളായ നമുക്ക് പകര്‍ന്നുതന്നു. നമുക്ക് അഭിമാനിക്കാം, മിശിഹായുടെ ശിഷ്യന്മാരില് ഒരാള്‍ തന്നെയാണ് നമ്മെയും സുവിശേഷം അറിയിച്ചത് എന്ന്.
പൗരസ്ത്യ സഭാപിതാവായ, പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന മാര്‍ അപ്രേം, ഗീതങ്ങളും പ്രസംഗങ്ങളും എന്ന സമാഹാരത്തില്‍ ഇപ്രകാരം ആലപിക്കുന്നു:
‘ഇരുണ്ട ജനത്തെ ധവളവസ്ത്രം ധരിപ്പിക്കാന്‍
മാമ്മോദീസാ തന് ശുഭ്രവസ്ത്രം ധരിപ്പിക്കാന്‍
അയക്കപ്പെട്ടവന്‍ തോമാ.
ദിദീമോസ് തോമായുടെ മഹത്തായ ഉദയം
ഇന്ത്യയുടെ ഇരുളിനെ ആട്ടിയകറ്റി
ഏകജാതനുമായി ഇന്ത്യയുടെ
മംഗല്യമുറപ്പിക്കാന് നിയുക്തനായവന്‍
ദിദീമോസ് തോമാ…”
ബഹുദൈവാരാധനയുടെയും ജാതിവ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും കരാളഹസ്തത്തില്‍ നിന്നും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രക്ഷയുടെയും സുവിശേഷം നല്‍കിക്കൊണ്ട് തോമാശ്ലീഹാ ഭാരതമാകെ മിശിഹായെ നല്കി. തദ്ദേശീയരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരതയാത്രയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍, ബ്രിട്ടീഷ് ചരിത്രകാരനായ വിന്‍സന്റ് ആര്‍ഥര്‍ സ്മിത്ത് പറയുന്നു: “സൊക്കോത്ര വഴി തെക്കേ ഇന്ത്യയില്‍ തോമാശ്ലീഹാ സന്ദര്‍ശിച്ചു എന്ന പരമ്പരാഗതവിശ്വാസം വളരെ എളുപ്പം സ്വീകരിക്കാം. തീര്‍ച്ചയായും അവിടെ പൗരാണികസമൂഹം നിലനിന്നിരുന്നു. തെക്കേ ഇന്ത്യയിലെ ക്രൈസ്തവസഭ അങ്ങേയറ്റം പൗരാണികമാണെന്ന കാര്യം എനിക്ക് ബോധ്യം വന്നിരിക്കുന്നു.”
തെളിവുകളുടെ അഭാവത്തില്‍ തന്നെയും ഒരിക്കലും പച്ചകെടാതെ നില്ക്കുന്ന ഓര്‍മ്മകള്‍ ഭാരതക്രൈസ്തവരായ നമ്മുടെ ഓര്‍മ്മയില്‍ ചിതലരിക്കാതെ നില്ക്കുന്നെങ്കില് അതു തന്നെയാണ് നമ്മുടെ ഏറ്റവും വലി തെളിവ്. നിരവധി വിദേശ മിഷനറിമാര്‍ വന്നുപോയിട്ടും, നാനാവിധത്തില്‍ വിഭജിക്കപ്പെട്ടിട്ടും കേരളസഭയിലെ വിവിധ റീത്തുകളില്‍പെട്ട കത്തോലിക്കവും അകത്തോലിക്കവുമായ സഭകള്‍ തോമാശ്ലീഹായുടെ പൊതുപൈതൃകത്തില്‍ ഉറച്ചുനില്‍ക്കുന്നു.
വളരെ പഴക്കം ചെന്ന ഒരു സഭാകലണ്ടറുണ്ട്. അഞ്ചാം ദശകത്തില്‍ തയ്യാറാക്കിയ ഇത് സുറിയാനി ഭാഷയിലാണ്. പ്രസ്തുത കലണ്ടറില്‍ ഇപ്രകാരം വിവരിക്കുന്നു: “ഇന്ത്യയില്‍ വച്ച് വി. തോമസ് കുന്തം കൊണ്ടുള്ള കുത്തേറ്റു മരിച്ചു. അവന്റെ ശരീരം ഇവിടെ എദേസായിലുണ്ട്. വ്യാപാരിയായ വാബിനാണ് അത് ഇവിടെ കൊണ്ടുവന്നത്. ഇന്ന് വലിയ തിരുനാള്‍ ദിനമാണ്.” ദുക്റാന തിരുനാള്‍ കേവലമൊരു ഓര്‍മ്മപുതുക്കല്‍ മാത്രമല്ല. നമ്മുടെ മണ്ണില്‍ ജീവിച്ച് തന്റെ രക്തമൊഴുക്കി നാഥനിലുള്ള വിശ്വാസത്തെ നട്ടുനനച്ച പിതാവിന്റെ സ്നേഹാചരണമാണ്.
തോമാശ്ലീഹാ തന്ന വിശ്വാസപൈതൃകം കേവലം ചരിത്രപുസ്തകത്തില്‍ സൂക്ഷിേക്കണ്ട ഒന്നല്ല, മറിച്ച് അത് ജീവിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. ഇന്നത്തെ ഒന്നാമത്തെ വായനയില്‍ നാം ശ്രവിച്ചത് റൂത്തിന്റെ പുസ്തകം ഒന്നാം അധ്യായം 6 മുതല്‍ 18 വരെയുള്ള വാക്യങ്ങളാണ്. ചെറുപ്പകാലത്ത് തനിക്കു ലഭിക്കാവുന്ന സൗകര്യങ്ങള്‍, സുരക്ഷിതമായ ഭാവി എന്നിവ ഉപേക്ഷിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ട അമ്മായിഅമ്മയോടൊപ്പം നില്ക്കുന്ന റൂത്ത്, ഒരു പ്രയോജനവും ലഭിക്കില്ല എന്നറിഞ്ഞിട്ടും റൂത്ത് നവോമിയെ പിന്തുടരുന്നു. അത് അവള്‍ക്ക് അനുഗ്രഹമാകുന്നു. ദാവീദ് രാജാവിന്റെ വല്യമുത്തശ്ശിയായി മാറുന്നു. അതിലുപരി, ഈശോയുടെ വംശാവലിയില്‍ വിജാതീയയായ അവളും ഒരിടം കണ്ടെത്തി.
രണ്ട് വിധവകളാണ് റൂത്തിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏകാന്തദുഃഖവും, അടിപതറാത്ത വിശ്വാസവും, ഒളിമങ്ങാത്ത പ്രത്യാശയും, അപരനു വേണ്ടി സ്വയം ത്യജിക്കുന്ന സ്നേഹവും സര്‍വ്വോപരി എല്ലാം നന്മയിലേക്കു നയിക്കുന്ന ദൈവപരിപാലനയും റൂത്തിന്റെയും നവോമിയുടെയും ജീവിതത്തില്‍ നാം കാണുന്നു. വിശ്വാസത്തിനെതിരെ ഉണ്ടാകുന്ന പ്രതിബന്ധങ്ങള്‍ നമുക്ക് മാര്ഗ്ഗതടസമാകാതെ നമ്മുടെ വിശ്വാസപൈതൃകം മുറുകെപ്പിടിച്ച് മുന്നോട്ടു തന്നെ പോകണമെന്ന് വചനഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
രണ്ടാമത്തെ വായന, പ്രഭാഷകന്റെ പുസ്തകം ആറാം അധ്യായം 8 മുതല്‍ 17 വരെയുള്ള വാക്യങ്ങളായിരുന്നു. സൗഹൃദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രഭാഷകഗ്രന്ഥത്തില് കാണുന്ന സദ്വചനങ്ങളുടെ ഭാഗമാണിത്. നല്ല സുഹൃത്തിന്റെ പ്രാധാന്യം 14, 16 വാക്യങ്ങളില്‍ പ്രകടമാണ്. നല്ല സുഹൃത്ത് നിധിയാണെന്നും അത് കര്‍ത്താവിനു ചെയ്യുന്ന ശുശ്രൂഷയുടെ പ്രതിഫലമാണെന്നും പ്രഭാഷകന്‍ ഓര്‍മ്മപ്പെടുത്തുന്നു. വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹായും നമ്മുടെ സ്നേഹിതനായിരുന്നു; തന്റെ ഹൃദയരഹസ്യമായ ഈശോയെ വെളിപ്പെടുത്തിത്തന്ന സ്നേഹിതന്. നാമും ഇതുപോലെ അനേകര്‍ക്ക് ക്രിസ്തു എന്ന ഹൃദയരഹസ്യം വെളിപ്പെടുത്തുന്ന ഉത്തമപ്രേഷിതരാകണം.
മൂന്നാമത്തെ വായന, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനം 3-ാം അധ്യായം 5 മുതല്‍ 14 വരെയുള്ള വാക്യങ്ങളായിരുന്നു. ദൈവം ഏല്പിച്ച ശുശ്രൂഷയാണ് എല്ലാം. വ്യക്തികളല്ല, ദൈവമാണ് വളര്‍ത്തുന്നത്. ‘ശുശ്രൂഷകര്‍’ എന്ന വാക്കിന് ‘ഡിയാക്കൊണോയി’ എന്ന പദമാണ് ഗ്രീക്കില്‍ ഉപയോഗിക്കുന്നത്. ഭക്ഷണമേശയില്‍ ശുശ്രൂഷ ചെയ്യുന്ന ആളാണ് ‘ഡിയാക്കൊണോസ്.’ ഏറ്റവും താഴ്ന്ന നിലയിലുള്ള ശുശ്രൂഷ ആയിരുന്നു ഇത്. പുതിയനിയമത്തില്‍ ഓരോ ക്രിസ്ത്യാനിയുടെയും ശുശ്രൂഷയെ കുറിക്കുന്ന പദമാണിത്. ദൈവമാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷ ആര്‍ക്കും സ്വന്തം മേന്മയാല് ലഭിക്കുന്ന ഒന്നല്ല. അത് കുടുംബത്തിന്റെയോ, ദേശത്തിന്റെയോ നേട്ടമല്ല, മറിച്ച് ദൈവദാനമാണ്. നാം അതിനോട് ക്രിയാത്മകമായി പ്രതികരിക്കണം. റൂത്തില്‍ കണ്ട തുപോലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാനും ഹൃദയരഹസ്യമായ ഈശോയെ നല്ല സ്നേഹിതന് എന്നപോലെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ദൈവം പ്രവര്ത്തനനിരതനാവുന്നത്.
നാമോരോരുത്തരും ഒരു വിദഗ്ദ ശില്പിയെപ്പോലെ ആയിരിക്കണമെന്ന് പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നു. ഗ്രീക്കില്‍ ഉപയോഗിക്കുന്ന പദം ‘സോഫോസ് ആര്ക്കിതെക്തോന്’ എന്നാണ്. ഇത് ‘ശില്പി’ എന്നതിലുപരി മേല്‍നോട്ടം വഹിക്കുന്നവന് എന്നാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ പ്രവര്‍ത്തനങ്ങളല്ല, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നാം ഭൂമിയില്‍ ചെയ്യേണ്ടത്.
ഇന്നത്തെ സുവിശേഷം യോഹന്നാന് അറിയിച്ച സുവിശേഷം 11-ാം അധ്യായം 1 മുതല്‍ 16 വരെയുള്ള വാക്യങ്ങളാണ്. ഈശോയുടെ മഹത്വീകരണത്തിനൊരുക്കമായുള്ള അധ്യായമാണ് 11-ാം അധ്യായം. ഇവിടെ പരസ്യജീവിതത്തിന് വിരാമമുണ്ടാകുന്നു. 11-ാം അധ്യായം 3-ാം വാക്യത്തില്‍ ‘അങ്ങ് സ്നേഹിക്കുന്നവന്’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കേവലം മാനുഷികസ്നേഹമായി വ്യാഖ്യാനിക്കുന്നതാണ്. എന്നാല്‍ 11-ാം അധ്യായം 5-ാം വാക്യത്തില്‍ ‘അഗാപ്പന്’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ദൈവസ്നേഹത്തെ കുറിക്കുന്ന പദമാണ്. കേവലം മാനുഷികമായ രീതിയിലല്ല, മറിച്ച് ദൈവികമായ, തന്നെത്തന്നെ പങ്കുവച്ചു നല്കുന്ന ത്യാഗത്തിന്റെ തലം ഉള്‍ക്കൊള്ളുന്ന സ്നേഹപ്രകടനമാണിത്. ഓരോ വ്യക്തിയെയും ഈശോ വളരെ വ്യക്തിപരമായി സ്നേഹിക്കുന്നു.
11-ാം വാക്യത്തില്‍, ഈശോ ലാസറിനെ ‘നമ്മുടെ സ്നേഹിതന്’ എന്ന് അഭിസംബോധന ചെയ്യുന്നു. ദൈവം നമ്മെ വ്യക്തിപരമായി സ്നേഹിച്ചതുകൊണ്ടാണ് വിശ്വാസത്തിലേക്കും അതുവഴി സഭാകൂട്ടായ്മയിലേക്കും വരാന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ട് നാമോരോരുത്തരും ‘വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്’ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്. ഈശോ സ്നേഹിച്ചു എന്ന ഒറ്റ കാരണം തന്നെ, നാമും സഭാസമൂഹത്തിലെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇനിമേല്‍ ദളിതനോ, തീരദേശ ക്രിസ്ത്യാനിയോ ഇല്ല. മാര്‍ഗ്ഗം കൂടിയവരോ, വരുത്തന്മാരായ ക്രിസ്ത്യാനികളോ ഇല്ല. എല്ലാവരും ഒന്നാണ്; ഒരു സഭ, ഒരു വിശ്വാസം, ഒരു ക്രിസ്തു.
11-ാം അധ്യായം 16-ാം വാക്യം ഒരു നിരാശപ്രകടനമായി നമുക്കു തോന്നാം – ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം.’ എന്നാല്‍ ഈശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ശിഷ്യരില്‍ വന്ന മാറ്റമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈശോയാല്‍ സ്നേഹിക്കപ്പെടുന്ന, സഭാസമൂഹത്തിലൊന്നായ, ലാഭേച്ഛയില്ലാതെ ശുശ്രൂഷ ചെയ്യുന്ന ക്രിസ്തു എന്ന ഹൃദയരഹസ്യം പകര്‍ന്നു കൊടുക്കുന്ന നല്ല ക്രിസ്ത്വാനുയായികളായി ജീവനിലേക്ക് പ്രവേശിക്കാന്‍ നമുക്ക് സാധിക്കട്ടെ. എന്തെന്നാല്‍ അവനെപ്രതി മരിക്കുമ്പോഴാണ് നാം നിത്യജീവനിലേക്ക് പ്രവേശിക്കുന്നത്. കുര്‍ബാനക്കു ശേഷം വൈദികന് ചൊല്ലുന്ന വിടവാങ്ങല്‍ പ്രാര്‍ത്ഥനയുടെ ഒരു ഭാഗം ഇപ്രകാരമാണ്: “ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ.”
ഓരോ കുര്‍ബാനയും നമ്മെ ഒരുക്കുന്നത് ക്രിസ്തുവിന് സാക്ഷ്യം നല്‍കാനാണ്. അനുഭവിച്ചറിഞ്ഞ സ്നേഹത്തെ ലാഭേച്ഛയില്ലാതെ പകര്‍ന്നു നല്കി ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവരാകാന്‍ നമുക്ക് സാധിക്കട്ടെ. ആമ്മേന്‍.
ബ്ര. നിധിൻ തലയാറ്റംപള്ളി MCBS