ഞായർ പ്രസംഗം, നോമ്പുകാലം അഞ്ചാം ഞായർ മാർച്ച് 10, യോഹ. 8: 1-11 കാരുണ്യത്തിന്റെ മുഖം

ബ്രദര്‍ അഗസ്റ്റിന്‍ ചെറുവേലില്‍ MCBS

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയും പ്രത്യേകമായി ധ്യാനിക്കുന്ന നോമ്പുകാലത്തിന്റെ അഞ്ചാം ഞായറില്‍ നാം എത്തിനില്‍ക്കുമ്പോള്‍ തിരുവചനത്തിലൂടെ സഭാമാതാവ് വിചിന്തനത്തിനായി ഇന്ന് നമുക്കു നല്‍കുന്ന ദൈവികഭാവമാണ് ക്രിസ്തുവിന്റെ കരുണയുടെ മുഖം. ഇന്നത്തെ വചനം നമ്മോട് പറഞ്ഞുവയ്ക്കുന്നതും അപരനെ വിധിക്കാതെ ക്രിസ്തുവിന്റെ കരുണയുടെ മുഖമായി മാറുക എന്നതാണ്.

നീതിയുടെ നിലത്തെഴുത്തിലൂടെ, പാപിനിയെന്നു മുദ്ര കുത്തപ്പെട്ടവള്‍ക്കായി മാനസാന്തരത്തിന്റെ പാത തുറന്നിടുന്ന ക്രിസ്തുസുവിശേഷമാണ് ഈ ദിനത്തിന്റെ വിചിന്തനഭാഗം. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം 8-ാം അധ്യായം ഒന്നുമുതല്‍ 11 വരെയുള്ള തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ഒരിക്കലും വറ്റാത്ത ദൈവസ്‌നേഹത്തെ നാം കണ്ടുമുട്ടും. മറ്റു വായനകളും കാരുണ്യത്തിന്റെയും പശ്ചാത്താപത്തിന്റെയും സന്ദര്‍ഭങ്ങളിലൂടെ നമ്മെ ഇന്ന് നയിക്കുന്നു.

സ്‌നേഹപിതാവായ ദൈവത്തിന്റെ സ്വഭാവമാണ് കരുണ. പഴയനിയമത്തിലെ ആദ്യവായനയില്‍ ഉല്‍പത്തി പുസ്തകം നാലാം അധ്യായം എട്ടു മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍, സ്വന്തം സഹോദരനെ കൊന്ന കായേന്‍ തന്റെ പാപം ഏറ്റുപറഞ്ഞപ്പോള്‍ കരുണ കാണിക്കുന്ന ദൈവത്തിന്റെ പിതൃഹൃദയം നാം കാണുന്നു. സാമുവല്‍ പ്രവാചകന്റെ 1-ാം പുസ്തകം 24-ാം അധ്യായം ഒന്നു മുതല്‍ എട്ടുവരെയുള്ള വാക്യങ്ങളില്‍ തന്നെ വധിക്കാന്‍ ഉദ്യമിക്കുന്ന സാവൂളിനെ അവസരം ലഭിച്ചിട്ടും വധിക്കാതെ കരുണ കാണിക്കുന്ന ദാവീദിലൂടെ ദൈവത്തിന്റെ പാപികളോടുള്ള അനുകമ്പയും നാം കാണുന്നു.

പാപമില്ലാത്ത മനുഷ്യര്‍ ആരുമില്ല. അതുകൊണ്ടാണ് ”നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും” (യോഹ. 1:8) എന്ന് യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നത്. എന്നിരുന്നാലും നാം പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ ദൈവം പാപം ക്ഷമിക്കുമെന്ന് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വ്യഭിചാരം വലിയ തിന്മയായി യഹൂദര്‍ കണ്ടിരുന്ന പശ്ചാത്തലത്തിലാണ് പാപത്തില്‍ പിടിക്കപ്പെട്ട വ്യഭിചാരിണിയോട് ഈശോ കരുണ കാണിക്കുന്നത് എന്നത് പ്രസക്തമാണ്. ലേവ്യര്‍ 20:10-ല്‍ നാം വായിക്കുന്നു: ”ഒരുവന്‍ അയല്‍ക്കാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്താല്‍ അവനും അവളും മരണശിക്ഷ അനുഭവിക്കണം.” നിയമാവര്‍ത്തനം 22:11-ല്‍ ”അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നത് കണ്ടുപിടിച്ചാല്‍ ഇരുവരെയും – സ്ത്രീ യെയും പുരുഷനെയും – വധിക്കണം. അങ്ങനെ ഇസ്രായേലില്‍ നിന്ന് ആ തിന്മ നീക്കിക്കളയണം” എന്നു വായിക്കുന്നു.

ഇപ്രകാരം വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയുമായിട്ടാണ് നിയമജ്ഞരും ഫരിസേയരും യേശു വിനെ സമീപിക്കുന്നത്. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിച്ച് അവരോട് സവിശേഷസ്‌നേഹം പ്രകടിപ്പിച്ചതിനാലാണ് അവനില്‍ കുറ്റം ആരോപിക്കാന്‍ അവര്‍ ചോദ്യം ചോദിക്കുന്നതും അവിടത്തെ പ്രതികരണമറിയാന്‍ അടുത്തുവരുന്നതും. അവള്‍ കല്ലെറിയപ്പെടണമെന്ന് ഈശോ വിധിച്ചിരുന്നെങ്കില്‍ കരുണയും സ്‌നേഹവും പ്രസംഗിക്കുന്ന അവനെ അവര്‍ കുറ്റപ്പെടുത്തുമായിരുന്നു. അതുപോലെ മരണശിക്ഷ നടപ്പിലാക്കാന്‍ അക്കാലത്ത് റോമന്‍ അധികാരികള്‍ക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടുതന്നെ അവിടത്തെ വിധി റോമന്‍ ഭരണകൂടത്തിന് എതിരാകുമായിരുന്നു. എന്നാല്‍ അവളെ വെറുതെവിട്ടിരുന്നെങ്കില്‍ മോശയുടെ നിയമം പാലിക്കാത്തവനായും ക്രിസ്തുവിനെ കുറ്റപ്പെടുത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഈശോയുടെ നീതിപൂര്‍വകമായ വിധി ”നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” എന്നതിന്റെ പ്രസക്തി.

വചനഭാഗത്ത് തുടര്‍ന്ന് നാം കാണുന്നത്, കുനിഞ്ഞ് നിലത്തെഴുതുന്ന ക്രിസ്തുവിനെയാണ്. ഒരുപക്ഷേ, അപ്പോള്‍ അവന്‍ ഓര്‍ത്തത് തന്റെ അമ്മയായ മറിയത്തെയും വളര്‍ത്തുപിതാവായ യൗസേപ്പിനെയുമായിരുന്നിരിക്കാം. തന്റെ അമ്മയും വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ ഗര്‍ഭിണിയായപ്പോള്‍ മോശയുടെ നിയമനുസരിച്ച് വധിക്കപ്പെടാമായിരുന്നപ്പോള്‍ യൗസേപ്പിതാവും ആരുമറിയാതെ അവളെ ഉപേക്ഷിച്ച് സമൂഹത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ചതും അവന്‍ ഓര്‍ ത്തിരിക്കാം. നീതിമാനായ തന്റെ വളര്‍ച്ചത്തച്ഛന്റെ മുഖം അവനില്‍ മിന്നിമറഞ്ഞിരിക്കാം. ആ തച്ചന്റെ മകന് എങ്ങനെയാണ് അവളെ വധിക്കാന്‍ ഏല്‍പിച്ചുകൊടുക്കാനാവുക? ‘പിതാവിന്റെ ഹൃദയത്തോടെ’ (Patris Cordie) എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ, നീതിമാനായ പിതാവ് അനുസരണയുടെ മാതൃകയായി പരിശുദ്ധ അമ്മയ്ക്ക് പരിപാലകനായി മാറി. അതിനാല്‍ ഒരുപക്ഷേ, ക്രിസ്തു നിലത്തെഴുതിയത് പിതാവിന്റെ കരുണയെക്കുറിച്ചായിരിക്കാം. തന്റെ സ്വര്‍ഗീയപിതാവിന്റെയും വളര്‍ത്തുപിതാവിന്റെയും കരുണ.

വി. അഗസ്തീനോസ് പഠിപ്പിക്കുന്നു: ”ക്രിസ്തു നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് പാപത്തെ വെറുക്കാനും പാപിയെ സ്‌നേഹിക്കാനുമാണ്.” തുടര്‍ന്ന് നാം കാണുന്നത്, ചുറ്റും കൂടിയവര്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിടുന്നതാണ്. സ്രഷ്ടാവിനെ അവര്‍ മനസ്സിലാക്കിയിരു ന്നില്ലെങ്കിലും തങ്ങളുടെ മനഃസാക്ഷിയെ അവര്‍ അറിഞ്ഞിരുന്നു. ഈശോ അവളോടു പറയുന്നത്, ”ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്” എന്നാണ്. കാരണം, ആരും വിധിക്കാതിരുന്നവളെ ഈശോയും വിധിക്കുന്നില്ല. കാരണം, അവിടന്ന് വന്നത് നഷ്ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കാനാണ്.

ഈ തിരുവചനഭാഗം നമുക്കു മുമ്പില്‍ വയ്ക്കുന്ന മൂന്ന് സന്ദേശങ്ങളുണ്ട്. ഒന്നാമതായി, മറ്റുള്ളവരെ വിധിക്കാതിരിക്കുക. മത്തായി 7:1-2 ല്‍ നാം വായിക്കുന്നു: ”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും.” തനിക്കരിലേക്കുവരുന്ന ചുങ്കക്കാരനായ സക്കേവൂസിനെയോ, പാപിനിയായ സ്ത്രീയെയോ യേശു വിധിക്കുന്നില്ല. മറിച്ച്, അവര്‍ക്ക് സ്‌നേഹത്തിന്റെ സുവിശേഷം പങ്കുവച്ചു നല്‍കുകയാണ്. നമുക്കും ചിന്തിക്കാം, അന്യരെ വിധിക്കാന്‍ ഞാന്‍ ആരാണ്? ഈ ആധുനികലോകത്തില്‍ അപരന്റെ നന്മയെ കാണാതെ തിന്മയെ പെരുപ്പിച്ച് ആരെയും വിധിക്കാന്‍ നമുക്ക് അവകാശമില്ല. ക്രിസ്തു വന്നത് വിധിക്കാനല്ല, കണ്ടെത്തി രക്ഷിക്കാനാണ്.

രണ്ടാമതായി, അനുതാപത്തിന്റെ ആവശ്യകത അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്ന് വചനത്തില്‍ നാം വായിക്കുന്നു. തെറ്റുപറ്റിയാല്‍ പശ്ചാത്താപത്തോടെ അത് തിരുത്താം. ഇവിടെ ആരും തന്നെ കല്ലെറിഞ്ഞില്ലെന്ന അവളുടെ മറുപടി തന്നെ ഒരു ഏറ്റുപറച്ചിലാണെന്ന് വി. അഗസ്തീനോസ് പറയുന്നു. ഇന്ന് സഭയില്‍ അനുതാപത്തിന്റെ വാതില്‍ കുമ്പസാരം എന്ന കൂദാശയാണ്. ഈ നോമ്പുകാ ലത്ത് തെറ്റുകള്‍ക്ക് മാപ്പിരന്ന് നല്ല തമ്പുരാന് നന്ദിപറഞ്ഞ് ക്രിസ്തുസ്‌നേഹത്തിന്റെ ജീവിതം നയിക്കാം.

മൂന്നാമതായി, ക്രിസ്തുവില്‍ ഒരു പുതിയ വ്യക്തിയാകാം. ക്രിസ്തുവില്‍ ഒരു നവജീവിതം നയിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോമ്പുകാലത്ത് അനുതാപത്തിലൂടെ അപരനോട് കരുണ കാണിച്ച് കര്‍ത്താവില്‍ ഒരു പുതിയ സൃഷ്ടിയാകാന്‍ നമുക്കു പരിശ്രമിക്കാം. വി. പൗലോസ് പറയുംപോലെ, ഇനിമേല്‍ ഞാനല്ല ക്രിസ്തു നമ്മില്‍ ജീവിക്കാനായി നമുക്ക് ആഗ്രഹിക്കാം.

സ്‌നേഹം നിറഞ്ഞവരേ, ”നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ 6:36) എന്ന് ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു. അനുദിനജീവി തത്തില്‍ ക്രിസ്തു പാപിനിയായ സ്ത്രീക്ക് കരുണയുടെ മുഖമായതുപോലെ നമുക്കും കരുണയുള്ളവരായിരിക്കാം. ദിവ്യകാരുണ്യമായ ഈശോ അനുദിനം നമ്മിലേക്കു കടന്നുവരുമ്പോള്‍ അവിടത്തെ കരുണയുടെ മുഖം നമ്മുടെ ഹൃദയങ്ങളില്‍ പതിപ്പിക്കാം. പാപികളായ നമ്മിലേക്ക് ഈശോ ദിവ്യകാരുണ്യമായി കടന്നുവരുമ്പോള്‍ എങ്ങനെയാണ് അവനെ ഉള്‍ക്കൊള്ളുന്ന, അവന്‍ വസിക്കുന്ന ഹൃദയത്തോടെ കരുണ കാണിക്കാതിരിക്കാന്‍ സാധിക്കുക. അപരനെ വിധിക്കാതെ അനുതാപത്തോടെ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായി ലോകത്തില്‍ കരുണയുടെ നിറവാര്‍ന്ന ജീവിതങ്ങളാകാം. മറ്റൊരു ദിവ്യകാരുണ്യമാകാം. കാരുണ്യവാനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ അഗസ്റ്റിന്‍ ചെറുവേലില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.