ഞായർ പ്രസംഗം, ദനഹാക്കാലം മൂന്നാം ഞായർ ജനുവരി 21, മര്‍ക്കോ. 3: 7-19 കൂടെയായിരിക്കുന്ന ഈശോയുടെ കൂടെ ആയിരിക്കാന്‍ ഒരു ക്ഷണം

ബ്രദര്‍ ആര്‍വിന്‍ റോയ് വള്ളോംകുന്നേല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

വെളിപ്പെടുത്തലിന്റെ കാലമാണ് ദനഹാക്കാലം. യേശുവിന്റെ മാമ്മോദീസായില്‍ ഇത് ആരംഭിക്കുന്നു. അവിടെ സ്വര്‍ഗമാകുന്ന പുസ്തകം തുറക്കപ്പെടുകയാണ്. ഇനി നമുക്ക് സ്വര്‍ഗീയപിതാവിനെ അറിയാം; സ്വര്‍ഗത്തെ കൂടുതലറിയാം. ദൈവം തന്നെത്തന്നെ ക്രിസ്തുവിലൂടെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്നു. ക്രിസ്തു തന്റെ പരസ്യജീവിതത്തിലൂടെയും പ്രബോധനപരമ്പരയിലൂടെയും തന്നെത്തന്നെയും പിതാവിനെയും വെളിപ്പെടുത്തുന്നു. ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം ഒന്നാം അധ്യായം ഒന്നാം തിരുവചനം പറയുന്നതുപോലെ, പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി നമ്മുടെ പിതാക്കന്മാരോടു സംസാരിച്ച ദൈവം സ്വന്തം പുത്രന്‍വഴി നമ്മോടു സംസാരിക്കു കയാണ്; സ്വയം വെളിപ്പെടുത്തുകയാണ് (ഹെബ്രാ. 1:1).

ആരാധനാക്രമവത്സരത്തിലെ ദനഹാകാലം മൂന്നാം ഞായറില്‍ നമ്മുടെ വിശ്വാസയാത്ര എത്തിനില്‍ക്കുമ്പോള്‍ തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മര്‍ക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 7 മുതല്‍ 19 വരെയുള്ള തിരുവചനങ്ങളാണ്. കൂടെയായിരിക്കുന്ന ദൈവത്തോടു കൂട്ടുകൂടാനുള്ള ക്ഷണമാണ് തിരുവചനഭാഗം നമുക്കു നല്‍കുന്നത്. ദൈവരാജ്യത്തിന്റെ ആഗമനവും അനുതാപത്തിന്റെ ആവശ്യകതയും പ്രസംഗിക്കുന്ന യേശു വിനെ ധാരാളം ആളുകള്‍ അനുഗമിക്കുന്നതിനും അവര്‍ക്കിടയില്‍ നിന്നും ദൈവരാജ്യപ്രഘോഷണത്തിനുമായി 12 പേരെ നിയോഗിക്കുന്നതുമാണ് ഈ സുവിശേഷത്തിന്റെ സന്ദര്‍ഭം.

വ്യത്യസ്തരായ ആളുകളാണ് ഈശോയെ അനുഗമിക്കുന്നത്. പല നഗരങ്ങളില്‍നിന്നുള്ള ധാരാളം ആളുകള്‍ ഈശോയുടെ അടുത്തെത്തുന്നു. രോഗസൗഖ്യവും അത്ഭുതങ്ങളും ലക്ഷ്യമിട്ടവരും അസഹിഷ്ണുതയാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവരും അവര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ യേശു തെരഞ്ഞെടുത്ത 12 പേര്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തരാവുകയാണ്.

തിരുവചനം പറയുന്നു: “പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു” (മര്‍ക്കോ. 3: 13-15). ഈ 12 പേര്‍ മറ്റൊന്നുമാഗ്രഹിക്കാതെ അവന്റെകൂടെ ആയിരിക്കാനും ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കാനുമുള്ള നിയോഗം ഏറ്റെടുത്തു. തങ്ങളുടെ താല്‍പര്യങ്ങളുപേക്ഷിച്ച് യേശുവിന്റെ ഇഷ്ടത്തിനായി ജീവിതം സമര്‍പ്പിച്ചതിനാല്‍ അവര്‍ ദൈവരാജ്യത്തിന്റെ മക്കളായി മാറുന്നു. സ്വന്തം ഹിതം ദൈവഹിതത്തിനു വിധേയപ്പെടുത്തി ക്രിസ്തുവിന്റെ കൂടെയായിരുന്ന് അവനാല്‍ അയയ്ക്കപ്പെടാനുള്ള ദൗത്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇന്ന് തിരുസഭ നമുക്കു നല്‍കുന്നത്.

ഇന്നും ഈശോ തനിക്ക് ഇഷ്ടമുള്ളവരെ വിളിക്കുന്നുണ്ട്. എന്നെയും നിന്നെയും ഈശോ പേരു ചൊല്ലി വിളിക്കുന്നു. തന്റെ കൂടെയായിരിക്കാനും അവനായി അയയ്ക്കപ്പെടാനുമുള്ള ഒരു പ്രത്യേക വിളി. പരിധിയില്ലാത്ത സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളുടെ ഉപയോഗംവഴി ‘മാനസിക മലിനീകരണം’ (Mental Pollution) എന്ന് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ച കെണിയിലായിരിക്കാം ഒരുപക്ഷേ നാമോരോരുത്തരും. ആരോടും കടപ്പാടുകളില്ലാത്ത നിസ്സംഗതയാര്‍ന്ന ഒരു യുവജനസമൂഹം ഇന്ന് രൂപപ്പെടുന്നതും സത്യംതന്നെ. ഈ പശ്ചാത്തലത്തിലാണ് തന്നോടുകൂടെ ആയിരിക്കാനുള്ള ഈശോയുടെ ക്ഷണത്തിന് പ്രസക്തിയേറുന്നത്. ഈ ക്ഷണം ജീവിതത്തില്‍ വ്യക്തമായ ഒരു നിലപാടെടുക്കാനുള്ള ആഹ്വാനമാണ് നമുക്കു നല്‍കുന്നത്. കാലത്തിന്റെ വശ്യതയില്‍ മുഴുകിപ്പോകാതെ, ആര് എനിക്കായി പോകും എന്ന ജെറമിയാ പ്രവാചകനോടുള്ള ദൈവത്തിന്റെ ചോദ്യത്തിന് വ്യക്തിപരമായി പ്രത്യത്തരം നല്‍കാന്‍ യുവജനങ്ങള്‍ ധീരതയോടെ സന്നദ്ധരാകേണ്ടതിന്റെ ആഹ്വാനം. ഈശോ തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കുകയാണ്. ഈ ഇഷ്ടം ഒരു ദൈവികദാനമാണ്, ഒരു ദൈവികപ്രവൃത്തിയാണ്. ഈ ഇഷ്ടത്തെ ഈശോയുടെ സ്‌നേഹത്തിന്റെ പ്രകടനമായി കണ്ട്, അതിനനുസരിച്ചു ജീവിക്കുമ്പോഴാണ് നാം ഈശോയ്ക്ക് പ്രത്യുത്തരം നല്‍കുന്നത്. ‘തന്നോടുകൂടെ ആയിരിക്കുക’ എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനലക്ഷ്യം.

അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്ത്യാനികളെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത് അവര്‍ ഈശോയോടൊപ്പം ആയിരുന്നവരാണ് എന്നതിലൂടെയാണ്. ഈശോയുടെ പിഢാസഹനസമയത്ത് പത്രോസിനോടു മൂന്നുതവണ ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യം പോലും “നീയും അവനോടൊപ്പം ഉണ്ടായിരുന്നവനല്ലേ?” എന്നാണല്ലോ. അനുയായി ആയിരിക്കുകയെന്നാല്‍ ഈശോടൊപ്പം ആയിരിക്കുക എന്നതാണ്, ഈശോയുടെ ഇഷ്ടം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ആഗ്രഹത്താലേ ആഗ്രഹിച്ച്’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ പ്രതിപാദിച്ചതുപോലെ അത്രമേല്‍ ആഗ്രഹത്തോടെ നമ്മോടുകൂടെ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ക്രിസ്തുവിനോട് നമുക്ക് ചേര്‍ന്നുനില്‍ക്കാം.

ഏബ്രഹാം ലിങ്കണ്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലം സൈന്യാധിപന്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു: “ഈ യുദ്ധത്തില്‍ നാം തീര്‍ച്ചയായും ജയിക്കും. കാരണം ദൈവം നമ്മുടെ പക്ഷത്താണ്.” ഉടന്‍ ലിങ്കണ്‍ നല്‍കിയ മറുപടി വളരെ ശ്രദ്ധേയമാണ്. :ദൈവം നമ്മുടെ പക്ഷത്താണ് എന്നുള്ളതില്‍ തെല്ലും സംശയമില്ല, എന്നാല്‍ നാം ദൈവത്തിന്റെ പക്ഷത്താണോ?” ഇന്ന് ഈശോ നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വലിയ സത്യവും ഇതുതന്നെയാണ്; അവന്റെകൂടെ ആയിരിക്കാന്‍ ക്ഷണം സ്വീകരിച്ച നാം വാസ്തവത്തില്‍ ആരുടെ കൂടെയാണ്, അവന്റെകൂടെയോ അവിടുത്തെ സൃഷ്ടികളുടെകൂടെയോ?

പിതാവിനോടുകൂടെ ആയിരുന്നവനായിരുന്നു ഈശോ. ആ സാന്നിധ്യാനുഭവത്തില്‍ നിന്നാണ് രോഗികളും അശരണരും പാപികളും ചുങ്കക്കാരും എല്ലാമായവരുടെ കൂടെയാകാന്‍ ഈശോയ്ക്കു ഇറങ്ങാന്‍ സാധിച്ചത്. ഇതുപോലെ ക്രിസ്തുവിന്റെ കൂടെയായിരുന്ന്, ആ സാന്നിധ്യാനുഭവത്തില്‍ നിന്നും ശക്തിതേടി നമ്മുടെകൂടെ ആയിരിക്കുന്നവരുടെ നൊമ്പരങ്ങളും വേദനകളും കഷ്ടപ്പാടുകളും സ്വന്തമെന്നു കരുതി അവരെ ആശ്വസിപ്പിക്കാനും അവരുടെ സന്തോഷങ്ങളെ വലിയ ആനന്ദമാക്കിത്തീര്‍ക്കാനും പ്രത്യാശയറ്റവരുടെ ജീവിതങ്ങളില്‍ നാളെയുടെ ശുഭപ്രതീക്ഷ നല്‍കാനും ആവശ്യക്കാരുടെ ഇല്ലായ്മകളില്‍ കൈത്താങ്ങുകളായി മാറാനും നമുക്കു പരിശ്രമിക്കാം. ഒന്നോര്‍ത്താല്‍ ഒരാളും ഇന്ന് ഈ നാട്ടില്‍ ജീവിക്കാനായി വളരുന്നില്ല എന്നതാണ് വാസ്തവം. കുടിയേറ്റം എന്നും നന്മയുടെ ഫലങ്ങള്‍ ഉളവാക്കുന്നതാണ്. എന്നിരുന്നാലും ആത്മാഭിമാനത്തോടെ ഈ നാട്ടില്‍ തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയുംകൂടെ ജീവിക്കാന്‍ സാധ്യതകളുണ്ടായിട്ടും ദൈവം കനിഞ്ഞുനല്‍കിയ നന്മകളെ അവഗണിച്ച് അന്യനാടുകളിലേക്ക് നമ്മുടെ യുവതലമുറ കുടിയേറുമ്പോള്‍ അതിലൂടെ മാത്രമേ ഞങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന ചിന്തിക്കുമ്പോള്‍ സ്‌നേഹിക്കുന്നവരുടെ കൂടെ ആയിരിക്കാനുള്ള ഈശോയുടെ ക്ഷണം നിരസിക്കപ്പെടുകയാണ് ചെയ്യുന്നത്. അതെ, ഈശോയുടെ കൂടെയായിരിക്കുന്ന ശിഷ്യന്റെ ദൗത്യം തന്നെയാണ് തങ്ങളുടെ സ്‌നേഹിക്കുന്നവരുടെ കൂടെ ആയിരിക്കുക എന്നതും.

ഇത് നമുക്കും ഒരു ക്ഷണമാണ്. ഓരോ പരിശുദ്ധ കുര്‍ബാനയിലൂടെയും നമ്മുടെ സ്വന്തമാകാന്‍ ആഗ്രഹത്തോടെ കടന്നുവരുന്ന ക്രിസ്തുവിനെ നമുക്ക് സ്വന്തമാക്കാനുള്ള ഒരു ക്ഷണം. വി. തോമസ് അക്വീനാസ് ഇപ്രകാരം പറയുന്നു: “ജനിച്ചുകൊണ്ട് അവന്‍ നമുക്ക് സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്ക് ഭക്ഷണമായി; മരിച്ചുകൊണ്ട് അവന്‍ നമുക്ക് ജീവനായി; സ്‌നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്ക് സ്‌നേഹസമ്മാനമായി.” വി. കുര്‍ബാനയെന്ന സ്‌നേഹസമ്മാനമായി നമ്മിലേക്ക് കടന്നുവരുന്ന ഈശോയോട് എമ്മാവൂസിലെ ശിഷ്യന്മാരോടു ചേര്‍ന്ന് നമുക്കും പ്രാര്‍ഥിക്കാം. ‘നാഥാ, കൂടെ വസിക്കണമേ.’ ദിവ്യകാരുണ്യനാഥന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ആര്‍വിന്‍ റോയ് വള്ളോംകുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.