

ഈശോമിശിഹായില്‍ ഏറ്റവും സ്നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീ സഹോദരന്മാരേ,
പരിചിന്തനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സന്ദേശം പകരുന്ന നോമ്പുകാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍ വി. യോഹന്നാന്റെ സുവിശേഷം 8-ാം അധ്യായം ഒന്നു മുതല്‍ 11 വരെയുള്ള വാക്യങ്ങളിലൂടെ സഭാമാതാവ് നമ്മോട് ആഹ്വാനം ചെയ്യുന്നത് കാരുണ്യത്തിന്റെ സന്ദേശവാഹകരായി മാറാനാണ്. ക്രിസ്തുവില്‍ വിളങ്ങിനിന്നിരുന്ന കാരുണ്യത്തിന്റെ ഈ മുഖമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത്.
മൂന്ന് കഥാപാത്രങ്ങളെയും മൂന്ന് മനോഭാവങ്ങളെയുമാണ് സുവിശേഷത്തില്‍ നാം കാണുന്നത്. കഥാപാത്രങ്ങള്‍ ക്രിസ്തുവും കുറ്റാരോപിതയായ സ്ത്രീയും ജനക്കൂട്ടവുമാണ്. അവളെ കല്ലെറിഞ്ഞു കൊല്ലാനായി തിടുക്കം കൂട്ടുന്ന ജനക്കൂട്ടത്തെയും വേദനയാലും അപമാനഭാരത്താലും താഴ്ന്ന ശിരസ്സുമായി നില്ക്കുന്ന സ്ത്രീയെയും കുനിഞ്ഞ് കൈവിരല്‍ കൊണ്ട് മണ്ണിലെഴുതുന്ന ക്രിസ്തുവിനെയും നമ്മള് സുവിശേഷത്തില്‍ കാണുന്നു. സ്വയം നീതിമാന്മാരാണ് എന്നു ഭാവിക്കുന്നവരാണ് ജനക്കൂട്ടം. അതുകൊണ്ടു തന്നെ അവരുടെ വ്യക്തിജീവിതത്തിലെ നിരവധിയായ തെറ്റുകളെയും വീഴ്ചകളെയും മനസിലാക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ക്രിസ്തുവിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അപരന്റെ കണ്ണിലെ കരട് എടുത്തുമാറ്റാന്‍ തുനിയുന്നവര്‍. സ്ത്രീയാകട്ടെ, ജനക്കൂട്ടത്തിന്റെ നീതിരഹിതമായ വിധിക്ക് പാത്രമായവളാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു എന്ന് സുവിശേഷം വളരെ കൃത്യമായി പറഞ്ഞുവയ്ക്കുമ്പോള്‍ അവളോടൊത്ത് തെറ്റ് ചെയ്ത പുരുഷനെക്കുറിച്ച് സുവിശേഷഭാഗം നിശബ്ദമാണ്. മോശയുടെ നിയമം ഉദ്ധരിച്ചുകൊണ്ടാണ് ജനക്കൂട്ടം ക്രിസ്തുവിനോട് ആ സ്ത്രീയെ വിധിക്കാന്‍ ആവശ്യപ്പെടുന്നത്. അഞ്ചാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്.”
അവര്‍ പറഞ്ഞത് ഭാഗീകമായി ശരിയാണ്; ഭാഗീകമായി തെറ്റും. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്ന് മോശയുടെ നിയമത്തില്‍ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ, വധിക്കപ്പെടേണ്ടവള്‍ സ്ത്രീ മാത്രമല്ല. നിയമാവര്‍ത്തനം 22:22 -ല്‍ ഇപ്രകാരം വായിക്കുന്നു: “അന്യന്റെ ഭാര്യയോടൊത്ത് ഒരുവന് ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും – സ്ത്രീയെയും പുരുഷനെയും വധിക്കണം.” പക്ഷേ, ഇവിടെ ക്രിസ്തുവിന്റെ മുമ്പില്‍ കുറ്റാരോപിതയായ സ്ത്രീയെ മാത്രമേ അവര്‍ കൊണ്ടുവന്നു നിര്‍ത്തുന്നുള്ളൂ. നീതി നിഷേധിക്കപ്പെട്ട ഒരുവളായിട്ടാണ് അവള് ക്രിസ്തുവിന്റെ മുമ്പില്‍ നില്‍ക്കുന്നത്. ഒരിക്കലും അനീതി വിതച്ച് നീതി കൊയ്യാനാവില്ല. ഇവിടെ വെളിപ്പെടുന്നത് നിയമജ്ഞരുടെയും ഫരിസേയരുടെയും സ്വന്തം തെറ്റുകളെക്കുറിച്ചുള്ള അജ്ഞതയേക്കാള്‍ അവരെ ചൂഴ്ന്നുനില്ക്കുന്ന കാപട്യമാണ്. നിയമജ്ഞരുടെയും ഫരിസേയരുടെയും യഥാര്‍ത്ഥ ലക്ഷ്യം ആ സ്ത്രീയെ വധിക്കുക എന്നതിനേക്കാള്‍ ക്രിസ്തുവിനെ വാക്കില്‍ കുടുക്കുക എന്നതാണ്. ക്രിസ്തുവിന്റെ ധര്‍മ്മനിഷ്ഠയേയും നീതിബോധത്തെയും കുറിച്ച് മതിപ്പുള്ളതു കൊണ്ടല്ല, മറിച്ച് അവനെ കുടുക്കാനുള്ള ഒരു ചൂണ്ടക്കൊളുത്താണ് ഈ സംഭവം. ആ ചൂണ്ടക്കൊളുത്തിലെ ഇരയോ നിസ്സഹായയായ സ്ത്രീയും. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ രാഷ്ട്രീയസാഹചര്യം ഈ വചനഭാഗത്തെ കുറച്ചുകൂടി വ്യക്തമായി മനസിലാക്കാന്‍ നമ്മെ സഹായിക്കും.
ക്രിസ്തുവിന്റെ കാലഘട്ടത്തില്‍ പാലസ്തീന ഭരിച്ചിരുന്നത് റോമാക്കാരാണ്. ഒരാളെ മരണശിക്ഷക്കു വിധിക്കാനുള്ള അധികാരം അന്ന് യഹൂദര്‍ക്കില്ല. റോമാക്കാര്‍ക്കു മാത്രമായി അത് പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ക്രിസ്തു ജനക്കൂട്ടത്തിന്റെ ആവശ്യമനുസരിച്ചും അവളെ കല്ലെറിയാന്‍ വിധിച്ചിരുന്നെങ്കില് അത് റോമന്‍ ഭരണനിയമത്തിന് എതിരാവുകയും ക്രിസ്തു റോമാക്കാരുടെ കണ്ണില്‍ കുറ്റാരോപിതനാവുകയും ചെയ്യുമായിരുന്നു. മറിച്ച്, ക്രിസ്തു അവളെ വെറുതെ വിട്ടിരുന്നെങ്കില്‍ അത് യഹൂദനിയമത്തിന് എതിരാവുമായിരുന്നു. ഇങ്ങനെ രക്ഷപെടാനാവാത്ത ഒരു പരിതസ്ഥിതിയിലാണ് ക്രിസ്തു അകപ്പെട്ടിരിക്കുന്നത്.
ഈ ഒരു പരിതസ്ഥിതിയിലാണ് ക്രിസ്തു കുനിഞ്ഞ് വിരല്‍ കൊണ്ട് മണ്ണില്‍ എഴുതുന്നത്. കുനിഞ്ഞ് വിരല്‍ കൊണ്ട് മണ്ണിലെഴുതുന്ന ക്രിസ്തുവിന്റെ രൂപം നമ്മുടെ മുമ്പില്‍ വരച്ചുവയ്ക്കുന്നത് നീതിപീഠത്തിന്റെ ഔന്നത്യത്തില്‍ നിന്ന് കാരുണ്യത്തിന്റെ മനോഭാവത്തിലേക്കുള്ള ഒരു താഴ്ന്നിറങ്ങലാണ്. ഒരുവന് അര്‍ഹിക്കുന്നത് കൊടുക്കുമ്പോള്‍ അത് നീതിയാകുന്നു; അര്ഹിക്കപ്പെടാത്തത് കൊടുക്കുമ്പോള്‍ അത് കാരുണ്യവും. ഇവിടെ ക്രിസ്തു പ്രകാശിപ്പിക്കുന്നത് നീതിയുടെ മുഖമല്ല; കാരുണ്യത്തിന്റേതാണ്, കരുതലിന്റേതാണ്.
അവര്‍ ഇരുവരുടെയും ചുറ്റിലും നിന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ഇരമ്പല്‍ അവിടുന്ന് കേള്‍ക്കുന്നില്ല. നീതിമാനായ ദൈവം കാരുണ്യത്തിന്റെ മുഖവുമായി താഴ്ന്നിറങ്ങുകയും താദാത്മ്യപ്പെടുകയുമാണിവിടെ. ക്രിസ്തുവിന്റെ ഈ ഒരു മനോഭാവത്തെ തിരിച്ചറിയാന്‍ ഇനിയും ആ ജനക്കൂട്ടത്തിന് ആവുന്നില്ല. അതുകൊണ്ടാണ് അവര്‍ വീണ്ടും അവന്റെ ചുറ്റിലും കൂടി ബഹളം വയ്ക്കുന്നത്. ആ ബഹളം കൂട്ടുന്ന ജനക്കൂട്ടത്തിന്റെ നേരെ കണ്ണുകളുയര്‍ത്തി അവിടുന്നു പറയുകയാണ്, “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടെ.” ഈ ഒരു വാക്കിലൂടെ അതുവരെ മന്ദീഭവിച്ചു കിടന്നിരുന്ന ജനക്കൂട്ടത്തിന്റെ മനഃസാക്ഷിയെ ക്രിസ്തു തട്ടിയുണര്‍ത്തുകയാണ്. സ്വന്തം പാപാവസ്ഥയെക്കുറിച്ച് ഒരു തിരിച്ചറിവ് ലഭിച്ചിട്ടെന്നപോലെ കല്ലുകള്‍ ഉപേക്ഷിച്ച് നടന്നകലുന്ന ഒരു ജനക്കൂട്ടത്തെ സുവിശേഷഭാഗം കാട്ടിത്തരുന്നുണ്ട്. ഈ സുവിശേഷഭാഗം നമ്മോടും ആവശ്യപ്പെടുന്നത് വിധികര്ത്താക്കളാകാനല്ല, മറിച്ച് കരുണയുടെ വക്താക്കളാകാനാണ്.
നീണ്ട 27 വര്‍ഷങ്ങള്‍ ഒന്ന് നിവര്‍ന്നു നില്ക്കാന് പോലുമാവാത്ത ഒരു സെല്ലിനുള്ളില്‍ തന്നെ പാര്‍പ്പിച്ച വെള്ളക്കാരോട് നെല്‍സണ്‍ മണ്ടേല പ്രതികാരം ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, മണ്ടേല പറഞ്ഞത് ഇത്രമാത്രം: “അവരെ വിധിക്കാന്‍ ഞാന്‍ ആരാണ്?”
മറ്റുള്ളവരുടെ തെറ്റുകള്‍ക്കു മുന്നില്‍ ന്യായാധിപന്റെ വേഷമണിഞ്ഞ് അവരെ വിധിക്കാന്‍ പോകുന്നതിനു മുമ്പ് സ്വയം ഒന്ന് ആത്മശോധന നടത്താന്‍ കൂടി ഇന്നത്തെ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാരണം, യോഹന്നാന് ശ്ലീഹായുടെ ഒന്നാം ലേഖനം ഒ ന്നാം അധ്യായം 8, 9 വാക്യങ്ങളില്‍ നാം ഇപ്രകാരം കാണുന്നുണ്ട്: “നമുക്ക് പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുമെങ്കില്‍ അവന് വിശ്വസ്ഥനും നീതിമാനുമാകയാല് പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.” ഈ വചനഭാഗത്തെക്കുറിച്ച് സഭാപിതാവായ അഗസ്തീനോസ് നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്, പാപത്തെ വെറുക്കാനും പാപിയെ സ്നേഹിക്കാനുമാണ്.” അവള് ചെയ്ത പ്രവര്‍ത്തിയെ ക്രിസ്തു ഒരിക്കലും അംഗീകരിക്കുന്നില്ല. അതുപോലെ തന്നെ അവളുടെ പ്രവര്‍ത്തിക്കനുസരിച്ച് അവളെ വിധിക്കാനും ക്രിസ്തു തയ്യാറാകുന്നില്ല. വചനഭാഗം അവസാനിക്കുന്നത് ഈ ഒരു സന്ദേശം പറഞ്ഞുവച്ചു കൊണ്ടാണ്. 11-ാം വാക്യം ഇപ്രകാരം പറയുന്നു: “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.”
ക്രിസ്തുവിന്റെ രക്ഷാകരസംഭവങ്ങളെ അനുസ്മരിക്കുന്ന പരിശുദ്ധ ബലിയില്‍ പങ്കുചേരുന്ന നമ്മോടും അവിടുന്ന് ആവശ്യപ്പെടുന്നത് കാരുണ്യത്തിന്റെ കൂദാശയില്‍ പങ്കുചേര്‍ന്നുകൊണ്ട് ദൈവകാരുണ്യത്തിന്റെ വാഹകരായി മാറാനാണ്. ദൈവകാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു പുതിയ വ്യക്തിയായിത്തീരാന്‍ ക്രിസ്തു നമ്മളോരോരുത്തരോടും ആവശ്യപ്പെടുന്നു. കഴിഞ്ഞ കാലത്തിന്റെ ഭാരം പേറി ഇനി നാം നടക്കേണ്ടതില്ല. ഒരു പുതിയ തുടക്കമാകാം ക്രിസ്തുവിലൂടെ പുതുജീവന്‍ നമുക്കും പ്രാപിക്കാം. അതിനായി ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍.
ബ്ര. ജോണി ജോസഫ് MCBS