ഞായർ പ്രസംഗം: പുതുവര്‍ഷം

2023-ാം ആണ്ടിന്റെ അവസാനദിനമാണിന്ന്. കഴിയാന്‍പോകുന്ന വര്‍ഷം നമുക്ക് ഒരുപാട് വിജയപരാജയങ്ങളുടേതായിരുന്നു. ചന്ദ്രയാന്‍ 3-ന്റെ വിജയവും, ആമസോണ്‍ വനത്തില്‍ അകപ്പെട്ടുപോയ കുഞ്ഞുങ്ങളെ രക്ഷിച്ചതും, ഉത്തരാഖണ്ഡില്‍ തൊഴിലാളികളെ തുരങ്കത്തില്‍നിന്നു രക്ഷിച്ചതുമെല്ലാം നമുക്ക് ശുഭവാര്‍ത്തകളായി മാറിയപ്പോള്‍ മണിപ്പൂര്‍ വര്‍ഗീയകലാപങ്ങളും, ഉക്രൈന്‍ – ഗാസാ യുദ്ധങ്ങളും, കുടിയേറ്റവും, ഒറീസാ ട്രെയിനപകടവുമെല്ലാം നമ്മുടെയുള്ളില്‍ ഈ കഴിഞ്ഞ വര്‍ഷം വേദനകളുയര്‍ത്തി. നന്മയും തിന്മയും ഒരുപോലെ പോരാട്ടം നടത്തുന്ന ഈ ഭൂമിയില്‍ തിന്മയെ അകറ്റി നന്മയെ ചേര്‍ത്തുനിര്‍ത്തി അന്ധകാരത്തിനൊരിക്കലും കീഴടക്കാനാവാത്ത പ്രകാശത്തിന്റെ മക്കളായി ദൈവിക കാര്യങ്ങളില്‍ വ്യാപരിക്കാനുള്ള സന്ദേശമാണ് പിറവിയുടെ രണ്ടാം ഞായറാഴ്ച നമുക്കു നല്‍കുന്നത്.

പഴയനിയമ ഒന്നാം വായനയില്‍ നാം വായിച്ചുകേട്ടത്, നാല്‍പതു ദിനരാത്രങ്ങള്‍ ദൈവത്തോടൊപ്പം പങ്കിട്ട് മലമുകള്‍വിട്ട് താഴ്‌വരയിലേക്കുവരുമ്പോള്‍ ദൈവികപ്രകാശത്താല്‍ മോശയുടെ മുഖം ജ്വലിക്കുന്നതാണ്. രണ്ടാം വായനയില്‍ നാം കാണുന്നത്, ദൈവികശുശ്രൂഷയിലേക്കുള്ള സാമുവേലിന്റെ തിരഞ്ഞെടുപ്പാണ്. ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു: “ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് നവജീവിതം കെട്ടിപ്പെടുക്കാന്‍.”

സുവിശേഷത്തില്‍ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാവാന്‍ വെമ്പല്‍കൊള്ളുന്ന പുത്രനായ യേശുവിനെയാണ് നാം കാണുന്നത്. തിരുനാള്‍ കഴിഞ്ഞിട്ടും ജറുസലേം വിടാതെ പിതാവിന്റെ ഭവനത്തിലായിരിക്കുന്ന പുത്രന്‍. സ്വര്‍ഗംവിട്ട് ഭൂമിയിലേക്കുവന്ന പുത്രനായ യേശുവിന് പിതാവിന്റെ ഹിതത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പിതാവുമായുള്ള ഗാഢബന്ധം തുടക്കം മുതല്‍ ഒടുക്കംവരെ യേശു നിലനിര്‍ത്തി. ‘മൂന്നു ദിവസം മകനേ, നീ എവിടെയായിരുന്നു’ എന്ന അമ്മയുടെ ചോദ്യത്തിനുമുന്നില്‍ തെല്ലും ശങ്കയില്ലാതെ പുത്രന്റെ മറുപടി, “ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ” എന്നാണ് (ലൂക്കാ 2:49). കാല്‍വരിയില്‍ ജീവന്‍ വെടിയുന്നതിനുമുമ്പും പുത്രനായ യേശു നമ്മെ ഓര്‍മ്മിപ്പിച്ചതും ഈ സ്‌നേഹബന്ധത്തെപ്പറ്റി ത്തന്നെയല്ലേ. “പിതാവേ, അങ്ങയുടെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” (ലൂക്കാ 23:46).

ജോര്‍ജ് മാത്ത്‌സണ്‍ എന്നൊരു സ്‌കോട്ട്‌ലന്‍ഡുകാരന്‍ കവിയുണ്ട്. ഇദ്ദേഹത്തിന്റെ കവിതകളെ നമുക്ക് രണ്ടായി തിരിക്കാം; പ്രണയഗീതങ്ങളും ഈശ്വരഭക്തിഗാനങ്ങളും. ദൈവവും ദൈവവിചാരങ്ങളുമൊന്നും പിന്‍ചെല്ലാതെ തന്റെ പ്രണയിനിക്കുവേണ്ടിമാത്രം ജീവിച്ച ആദ്യ കാലഘട്ടങ്ങളില്‍ എഴുതിയതാണ് ഈ പ്രണയഗീതങ്ങള്‍. പിന്നീട്, കാഴ്ചശക്തി കുറഞ്ഞ് പതിയെ അന്ധതയിലേക്കുമാറുന്ന ഒരു രോഗം അദ്ദേഹത്തിന് പിടിപെടുകയാണ്. അദ്ദേഹം ഒരുപാട് സ്‌നേഹിച്ച കാമുകി ആ അവസരത്തില്‍ അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുന്നു. അപ്പോള്‍മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രണ്ടാംഭാഗം ആരംഭിക്കുകയാണ്. ജീവിതം മുഴുവന്‍ ദൈവത്തിനു സമര്‍പ്പിച്ച് പിന്നീട് അദ്ദേഹം എഴുതിയതാണ് അദ്ദേഹത്തിന്റെ ഈശ്വരഭക്തിഗാനങ്ങള്‍. ആദ്യത്തെ ഈശ്വരഭക്തിഗാനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

“ദൈവമേ, നീ എന്റെ പ്രണയത്തിന്റെ ചില്ലടച്ചത് നിന്റെ ദര്‍ശനം തരാന്‍വേണ്ടിയായിരുന്നു. നീ എന്റെ ആയുസ്സിന്റെ ക്ഷണികതയെ ഓര്‍മ്മിപ്പിച്ചത് എന്നിലൂടെ പൂര്‍ത്തിയാക്കേണ്ട നിന്റെ ഹിതം അറിയിക്കാനാണ്.” നമ്മിലൂടെ പൂര്‍ത്തിയാകേണ്ട ഒരു ദൈവഹിതമുണ്ട് ഈ ഭൂമിയില്‍. അത് തിരിച്ചറിയാന്‍ ദൈവികകാര്യങ്ങളില്‍ നമുക്ക് വ്യാപൃതരാകാം.

ദാരിദ്ര്യത്തെ ദൈവഹിതമായി കണ്ട ഫ്രാന്‍സിസ് അസ്സീസി, സ്‌നേഹത്തെ ദൈവഹിതമായി കണ്ട ചെറുപുഷ്പം, കരുണയെ ദൈവഹിതമായി കണ്ട മദര്‍ തെരേസ, സുവിശേഷപ്രഘോഷണം ദൈവഹിതമായി കണ്ട ഫ്രാന്‍സിസ് സേവ്യര്‍, വിദ്യാഭ്യാസത്തെ ദൈവഹിതമായി കണ്ട ചാവറയച്ചന്‍, നവയുഗമാധ്യമങ്ങളെ ദൈവഹിതമായി കണ്ട വി. കാര്‍ലോസ്, സഹനത്തെ ദൈവഹിതമായി കണ്ട അല്‍ഫോന്‍സാമ്മ, പാവങ്ങളോടുള്ള സ്‌നേഹം ദൈവഹിതമായി കണ്ട വാഴ്ത്ത. റാണി മരിയ ഇവരെല്ലാം ദൈവികകാര്യങ്ങളില്‍ വ്യാപൃതരായി ഭൂമിയില്‍ ദൈവഹിതം തിരിച്ചറിഞ്ഞവരാണ്.

2023 -ന്റെ അവസാനദിനത്തില്‍ നാം എത്തിനില്‍ക്കുമ്പോള്‍ ജീവിതത്തിലെ ദൈവഹിതം തിരിച്ചറിഞ്ഞ് ദൈവികകാര്യങ്ങളില്‍ വ്യാപൃതരാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് വിചിന്തനം ചെയ്യാം. അതോ ഞായറാഴ്ച കുര്‍ബാനയില്‍ മാത്രം സംബന്ധിച്ച് ദൈവികകാര്യങ്ങള്‍ ഒതുക്കുന്ന രീതിയാണോ നമ്മുടേത്? അങ്ങനെയാണെങ്കില്‍ പിറവിക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച നമുക്കു നല്‍കുന്ന സന്ദേശം സ്വീകരിച്ച് വരാനിരിക്കുന്ന 2024 നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവത്തോട് ചേര്‍ന്നുനിന്ന് ദൈവഹിതം പൂര്‍ത്തിയാക്കാനുള്ള നല്ലൊരു തുടക്കമായിരിക്കട്ടെ.

ഏവര്‍ക്കും പുതുവത്സരത്തിന്റെ മംഗളങ്ങള്‍ സ്‌നേഹത്തോടെ നേരുന്നു.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര.അജോ കൊച്ചുറുമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.