
തന്റെ ശിഷ്യർക്കായി ക്രിസ്തു പ്രാർഥിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തു പ്രാർഥിക്കുക താൻ തെരഞ്ഞെടുത്ത 12 ശിഷ്യർക്കുവേണ്ടി മാത്രമല്ല, തന്നിൽ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടാൻ വേണ്ടിക്കൂടിയാണ്. തന്റെ കുരിശുമരണത്തിലൂടെ ക്രിസ്തു ലക്ഷ്യംവച്ചത് ലോകം മുഴുവന്റെയും രക്ഷയായിരുന്നുവല്ലോ. ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ട ഒരു ക്രിസ്തു മനോഭാവം ആണിത്.
ക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ ക്രൈസ്തവനും തന്റെ ആത്മരക്ഷയ്ക്കായി മാത്രമല്ല, മറിച്ച് ലോകം മുഴുവന്റെയും ആത്മരക്ഷയ്ക്കായി പ്രാർഥിക്കേണ്ടവരും അതിനായി പ്രയത്നിക്കേണ്ടവരുമാണ്. എല്ലാവരും സത്യത്തിൽ ഒന്നാകാൻവേണ്ടി ക്രിസ്തു പ്രാർഥിക്കുന്നതുപോലെ ഇന്നത്തെ ലോകത്തിൽ എല്ലാവരും സത്യത്തെ തേടേണ്ടവരാകാൻ നമുക്കും പ്രാർഥിക്കാം. അസത്യവും അധാർമ്മികതയുമെല്ലാം നിറഞ്ഞുനിൽക്കുന്ന, വിശ്വാസം ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ സത്യത്തിനു സാക്ഷികളായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS