
ക്രിസ്തു തന്നെത്തന്നെ മുന്തിരിച്ചെടിയായും തന്റെ ശിഷ്യരെ ശാഖകളായും അവതരിപ്പിച്ച് യഥാർഥ സ്നേഹത്തെക്കുറിച്ചു പഠിപ്പിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. മുന്തിരിച്ചെടി തന്റെ ശാഖകളെ എത്രമാത്രം കൂട്ടിച്ചേർത്തു നിർത്തുന്നുവോ അത്രമാത്രം ഫലങ്ങൾ അതിൽനിന്നു പുറപ്പെടും. ഇതുപോലെ, ക്രിസ്തുവിന്റെ സ്നേഹത്തിൽ ചേർന്നുനിൽക്കുന്ന ശിഷ്യർ എന്നും ദൈവഹിതത്തിനൊത്ത് തങ്ങളുടെ ജീവിതത്തെ നയിക്കും. ദൈവഹിതം മറന്ന് സ്വന്തം ഇഷ്ടം തേടുന്നവർക്ക് ഫലം നാശവുമായിരിക്കും. യൂദാസിന്റെ ജീവിതം ഇതിന് ഉദാത്തമാതൃകയാണ്.
യഥാർഥ സ്നേഹം അത് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരുടെ സ്നേഹത്തിന്റെ കൂട്ടായ്മയിൽനിന്ന് ഉരുത്തിരിയുന്നതാണ്. അതുകൊണ്ട് ക്രിസ്തുസ്നേഹത്തിൽ ആഴപ്പെട്ട് ദൈവത്തിന്റെ പ്രിയപുത്രരായി നമുക്കു വളരാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS