
ജീവൻ നൽകുന്ന അപ്പം താനാണെന്നും തന്നെ ഭക്ഷിക്കുന്നവർ നിത്യജീവൻ അവകാശപ്പെടുത്തുമെന്നുമുള്ള ക്രിസ്തുവിന്റെ പാഠങ്ങളുടെ ആന്തരികാർഥങ്ങളെ ഗ്രഹിക്കാതെ അനേകം ക്രിസ്‌ത്വാനുയായികൾ അവനെ വിട്ടുപോകുന്നതും ക്രിസ്തുവിലുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനവുമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ദൈവത്താലുള്ള ആകർഷണം ലഭിച്ചവരല്ലാതെ ആരും തന്നിലേക്ക് അടുക്കുന്നില്ല എന്ന ക്രിസ്തുവചനം നമ്മളും ധ്യാനിക്കണം. ഇന്നത്തെ കാലത്ത് ക്രൈസ്തവരായി ജീവിക്കുക എന്നത് ഏറെ കഠിനമായ കാര്യമാണ്. എന്നാൽ പത്രോസിനെപ്പോലെ ക്രിസ്തുവിൽ പരിപൂർണ്ണ ആശ്രയത്വം ഉണ്ടെങ്കിൽ ജീവിതം ഏറെ മധുരതരമാകും.
അനുദിനവും ക്രിസ്തുവിനെപ്രതി ക്രിസ്ത്യാനികൾ എറെ പീഡിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം ജീവിക്കണമെങ്കിൽ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം ആവശ്യമാണ്. അതുകൊണ്ട് ക്രിസ്തുവിശ്വാസത്തിൽ നമുക്ക് ആഴപ്പെടാം. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ അവനിൽ ആശ്രയിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS