ലത്തീൻ: മെയ് 27 തിങ്കൾ, മർക്കോ. 10: 17-27 ക്രിസ്തുവിലേക്കുള്ള എളുപ്പവഴി

വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം 17 മുതൽ 27 വരെയുള്ള തിരുവചനമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ധനികനായ ഒരു യുവാവ് ക്രിസ്തുവിന്റെ അടുത്തേക്കു വരുന്നത് ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള കുറുക്കുവഴികൾ ചോദിച്ചുകൊണ്ടാണ്. എന്നാൽ ക്രിസ്തുവാകട്ടെ, അവന്റെ ജീവിതത്തിലെ നിറവുകളെ പറയുന്നതോടൊപ്പം കുറവുകളെയും ചേർത്തുവയ്ക്കുന്നു. “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക” എന്ന ക്രിസ്തുവിന്റെ വചനം, യുവാവിന്റെ കുറവ്, സമ്പത്തിനോടുള്ള താല്പര്യവും അത് പങ്കുവയ്ക്കാനുള്ള താല്പര്യമില്ലായ്മയുമായിരുന്നു എന്ന് മനസ്സിലാക്കിത്തരുന്നു.

സമ്പത്തും സൗകര്യങ്ങളുമെല്ലാം ഏറെയുള്ള ഇന്നത്തെ കാലത്ത്, അവ ദൈവം തരുന്നതാണെന്നുള്ള ഒരു ബോധ്യം നമുക്കുണ്ടാകട്ടെ. ലഭിക്കുന്നതോടൊപ്പം പങ്കുവയ്ക്കാനുള്ള മനോഭാവവും ഓരോ ക്രൈസ്തവനും ഉണ്ടാകണം. ഇല്ലെങ്കിൽ ഞാനും ക്രൈസ്തവജീവിതത്തിൽ ഒരു ‘കുറവ്’ വരുത്തുന്ന വ്യക്തിയാകും. ഞാൻ എത്രമാത്രം സമ്പാദിച്ചു എന്നതിനേക്കാൾ ഞാൻ എത്രമാത്രം പങ്കുവച്ചു എന്ന ചോദ്യം എന്റെ വളർച്ചയിൽ എറെ പ്രാധാന്യമർഹിക്കുന്നതാണ്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.