ലത്തീൻ: ജനുവരി 22 തിങ്കൾ, മർക്കോ. 3: 22-30 കാഴ്ചപ്പാടുകൾ

വി. മർക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 22 മുതൽ 30 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയാണ് സുവിശേഷം ഇവിടെ എടുത്തുകാട്ടുക. അവനിൽ വിശ്വസിച്ചിരുന്ന ജനം അവനെ ശ്രവിക്കാനായി തടിച്ചുകൂടുമ്പോൾ അവന്റെ ബന്ധുക്കൾ, അവനെ സുബോധം നഷ്ടപ്പെട്ടവനെന്നും ഫരിസേയരും നിയമജ്ഞരും അവനെ പിശാചുബാധിതനെന്നും പറഞ്ഞു പരിഹസിക്കുന്നു. എന്നാൽ, എല്ലാത്തിനുമുപരി പരിശുദ്ധാത്മാവിനെതിരായ ദൂഷണമാണ് ഏറ്റവും വലിയ പാപമെന്ന് ക്രിസ്തു ഇവിടെ പറയുന്നു.

ജീവിതത്തിൽ പലപ്പോഴും നമ്മുടെയൊക്കെ തകർച്ചകൾക്കു കാരണം നമ്മുടെ കാഴ്ചപ്പാടുകളാണ്. നന്മകളെപ്പോലും പരിഹസിക്കുന്ന, വിമർശിക്കുന്ന കാഴ്ചപ്പാടുകൾ പലപ്പോഴും പലരുടെയും ഉയർച്ചകൾക്കും താഴ്ചകൾക്കും കാരണമായിട്ടുണ്ട്. അതുകൊണ്ട് നന്മയെ നന്മയായി അംഗീകരിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ എപ്പോഴും ഉത്സുഹകരായിരിക്കണം. അതാണല്ലോ ക്രിസ്തുദർശനവും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.