ലത്തീൻ മാർച്ച്‌ 13 മർക്കോ. 12: 28-34 സ്നേഹം ദൈവവിളി

“അവിടുത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ തന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങ് പറഞ്ഞത് സത്യമാണ്‌” (മര്‍ക്കോ 12:33).

പൗരോഹിത്യം, സന്യാസ സമർപ്പണം, ഏകസ്തജീവിതം, ഗാർഹസ്ഥ്യം എന്നിങ്ങനെ വിവിധങ്ങളായ ദൈവവിളികളെക്കുറിച്ച് തിരുസഭ പഠിപ്പിക്കുന്നുണ്ട്. എങ്കിലും  ദൈവം മനുഷ്യന് നൽകുന്ന ഏറ്റവും ശ്രേഷ്ഠമായ ദൈവവിളി എന്നത് സ്നേഹിക്കാനുള്ള ദൈവവിളിയാണ് (Vocation to Love). ദൈവം മനുഷ്യനെ പരസ്പരം സ്നേഹിക്കാനായാണ് സൃഷ്ടിച്ചത്. മനുഷ്യന്റെ അസ്ഥിത്വം തന്നെ സ്നേഹകേന്ദ്രീകൃതമാണ്.

ഒരമ്മയിൽ നിന്നും ജനിച്ച്, പരിരക്ഷിക്കപ്പെട്ട് കുടുംബത്തിലെ സ്നേഹബന്ധങ്ങളിൽ വളർന്ന് പക്വതയിലെത്തുന്നവിധം മനുഷ്യന്റെ വളർച്ചയെ ക്രമീകരിച്ചിരിക്കുന്നു. നമ്മിലെ ദൈവികജീവന്റെ അടിസ്ഥാനമെന്നത് ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുക എന്നതിലാണ്. ഈ സ്നേഹം സാഹചര്യങ്ങൾക്കനുസരിച്ച് ചഞ്ചലിക്കുന്ന ഒരു വൈകാരിക അനുഭവമല്ല. മറിച്ച്, ജീവിതത്തിലെ ഏതു പ്രതികൂലസാഹചര്യത്തിലും നിലനിൽക്കുന്ന ഒരു സമർപ്പണമാണ്.

ദൈവത്താൽ സ്നേഹിക്കപ്പെടുന്ന അനുഭവത്തിലും ദൈവത്തിന്റെ നന്മയിലും കാരുണ്യത്തിലുമുള്ള വിശ്വാസത്തിൽ നിന്നുമാണ്  ഈ സ്നേഹം ജനിക്കുന്നത്.  സ്നേഹിക്കപ്പെടുന്ന അനുഭവത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരെ സ്നേഹിക്കാതിരിക്കാൻ സാധിക്കുകയില്ല.

സ്നേഹത്തെ ഒരു വൈകാരിക അനുഭവത്തിൽ ഒതുക്കുന്നവരല്ല, മറിച്ച് ഒരു ദൈവവിളിയായി സ്വീകരിക്കുന്നവരാണ് യഥാർഥ ശിഷ്യർ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.