ലത്തീൻ: ജനുവരി 01 തിങ്കൾ, ലൂക്കാ 2: 16-22 ക്രിസ്തുദർശനം സ്വന്തമാക്കിയ ആട്ടിടയർ

പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണീശോയെ കാണാൻ ഭാഗ്യംലഭിച്ച ആട്ടിടയന്മാരും ദൈവത്തിന്റെ അവർണനീയങ്ങളായ പ്രവർത്തികളെ ഹൃദയത്തിൽ സംഗ്രഹിച്ച പരിശുദ്ധ മറിയവുമാണ് ഇന്നത്തെ ധ്യാനവിഷയം. ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞനിമിഷം തിടുക്കത്തിൽ യാത്രയായ പരിശുദ്ധ മറിയത്തിലും ക്രിസ്തുവിനെ കാണാൻ അതിവേഗം യാത്രയായ ആട്ടിടയരിലും കണ്ടുമുട്ടുന്ന വിശ്വാസതീക്ഷ്ണത ഒരോ ക്രൈസ്തവനും ധ്യാനിക്കേണ്ടതാണ്. ഇരുകൂട്ടരും അരക്ഷിതാവസ്ഥയിൽനിന്നാണ് ഈ ദൈവഹിതം കേൾക്കുന്നത്. പരിശുദ്ധ മറിയം വിവാഹത്തിനുമുൻപേ ഗർഭിണിയാണെന്നറിഞ്ഞിട്ടും ദൈവഹിതത്തോട് ആമ്മേൻ ചൊല്ലുന്നു. ആട്ടിടയർ ചെന്നായ്ക്കളിൽനിന്ന് ആടുകളെ രക്ഷിക്കാൻ കാവലിരിക്കുമ്പോഴും ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് ബെത്ലെഹേമിലെ കാലിത്തൊഴുത്തിലേക്ക് ക്രിസ്തുവിനെ കാണാൻ യാത്രയാവുന്നു.

ഒരോ ക്രൈസ്തവജീവിതവും ദൈവഹിതത്തിനൊത്ത് മുൻപോട്ടു പോകേണ്ടതാണ്. ദൈവഹിതത്തിനൊത്തുള്ള യാത്രയിൽ ഒരുപാട് അരക്ഷിതാവസ്ഥകൾ കടന്നുവരും. എങ്കിലും, ദൈവത്തിന്റെ ഹിതത്തിനോട് പരിശുദ്ധ അമ്മയെപ്പോലെ ആമ്മേൻ ചൊല്ലുമ്പോൾ ആട്ടിടയർക്കു ലഭിച്ച ആ ക്രിസ്തുദർശനം സ്വന്തമാക്കാൻ നമുക്കുമാവും. പക്ഷേ, അതിനായി നമ്മുടെ വിശ്വാസജീവിതത്തിൽ ചില ‘അതിവേഗ യാത്രകൾ’ ആവശ്യമാണെന്ന് മറക്കാതിരിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.