ഭോപ്പാലിലെ ജനങ്ങള്‍ക്ക് കരുത്ത് പകരുന്ന സിഎംസി മിഷനറിമാര്‍  

“നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക” എന്ന ക്രിസ്തു നാഥന്റെ വചനങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ജീവിതം മുഴുവന്‍ മനുഷ്യനന്മയ്ക്കായി മാറ്റിവച്ച വ്യക്തിയാണ് വിശുദ്ധ ചാവറ പിതാവ്. അദ്ദേഹമാണ് സിഎംസി സന്യാസിനി സമൂഹത്തിന്‌ രൂപം നല്‍കിയത്. ആ മാതൃക പിഞ്ചെന്നു സിഎംസി സന്യാസിനിമാര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഭോപ്പാലിലെ സിഎംസി സഭയുടെ മൗണ്ട് കാര്‍മ്മല്‍ പ്രോവിന്‍സിലെ മിഷനറിമാര്‍ തങ്ങളുടെ വ്യത്യസ്ത സേവന മേഖലകളെക്കുറിച്ച് വിശദമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും പാവപ്പെട്ട കര്‍ഷകരുടെ ക്ഷേമത്തിനും, കുട്ടികളുടെയും യുവ ജനങ്ങളുടെയും ക്ഷേമത്തിനുമായിട്ടാണ് പ്രധാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അവരെ നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ളവർ ആക്കുന്നതിനായി പുതിയ പദ്ധതികള്‍ രൂപീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കായി പ്ലേ സ്കൂളും യുവജനങ്ങള്‍ക്കായി സൗജന്യ കമ്പ്യൂട്ടർ ക്ലാസുകളും ഈ സമര്‍പ്പിതര്‍ നടത്തുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനു വേണ്ടി ജൈവകൃഷി, ആടുവളർത്തൽ, തയ്യൽ പരിശീലനം എന്നിവയ്ക്കുള്ള സാധ്യതകൾ തുറന്നു കൊടുക്കുകയുമാണ് ഭോപ്പാലിലെ മുന്നൂറോളം വില്ലേജുകളില്‍ ഇവര്‍.

മേല്‍പറഞ്ഞ പ്രോജക്റ്റ് എല്ലാം തന്നെ 30 വര്‍ഷത്തോളം ആയി നടന്നു കൊണ്ടിരിക്കുന്നതും പതിനായിരക്കണക്കിന് ആളുകൾ ഇതിന്റെ ഫലം അനുഭവിക്കുന്നതുമാണ്. വേനല്‍ക്കാലത്ത് കുടിവെള്ളം ലഭിക്കാത്ത ഗ്രാമപ്രദേശങ്ങളില്‍ 12 മാസവും കുടിവെള്ളം ലഭിക്കുന്നതിനായി ഇവരുടെ  സോഷ്യൽ വർക്ക് സെന്ററിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികളുടെ സഹകരണത്തോടെ ഡാം നിര്‍മ്മിച്ചു. അതുവഴിയായി അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വളരെ വര്‍ദ്ധനവുണ്ടായി.

കൊറോണക്കാലത്ത് കൂടെ നിന്നവര്‍

അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത, ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങൾക്ക് കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ചും ഈ രോഗം പിടിപെടാതെ ഇരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും, ഇനി രോഗം പിടിപെട്ട് കഴിഞ്ഞാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എല്ലാ ഗ്രാമവാസികള്‍ക്കും  ബോധവരണ ക്ലാസ്സ് നല്‍കി.

ലോകമെമ്പാടും വ്യാപകമായിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന ജനങ്ങൾക്ക് നിസ്വാര്‍ത്ഥമായ സേവനം ചെയ്യാന്‍ സിഎംസി സഭയുടെ മിഷന്‍ പ്രോവിന്‍സ് ആയ ഭോപ്പാലിലെ മൗണ്ട് കാര്‍മ്മല്‍ പ്രോവിന്‍സ് അംഗങ്ങൾ മുന്നിട്ടിറങ്ങി. ഭോപ്പാലിലെ ആരോഗ്യ സംഘടനയോട് ചേര്‍ന്നു നിന്നുകൊണ്ട് പ്രശ്നബാധിത പ്രദേശങ്ങളില്‍ പോയി സര്‍വേ നടത്തുന്നതിനും പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ പേരു വിവരങ്ങൾ ശേഖരിച്ച് അവരുടെ രോഗ നിവാരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍  ചെയത് കൊടുക്കുന്നതിനും ഇവര്‍ പരിശ്രമിച്ചു.

പൊതു നിരത്തുകളിലെ അതിഥി തൊഴിലാളികള്‍ക്കും മറ്റു ഗവണ്മെന്റ് സഹായം ലഭിക്കുവാന്‍ സാധ്യത ഇല്ലാത്ത ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ആളുകള്‍ക്കും മാസ്ക്കുകള്‍, സാനിറ്റൈസറുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിച്ചു നല്‍കി. വില്ലേജിലെ നിര്‍ധനരായ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിൻ മരുന്നുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കി അവരെ സഹായിച്ചു.

ഈ കൊറോണക്കാലത്തും മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ഈ സമര്‍പ്പിതര്‍ മുന്‍പന്തിയില്‍ തന്നെയാണ്. പാവപ്പെട്ടവരുടെ ഇടയില്‍ സഹായമായും കരുതലായും അറിവായും ഇവര്‍ കൂടെയുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ അടയാളമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും തുടരട്ടെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.