വ്യാജ വാര്‍ത്തകള്‍ക്കെതിരേ ജാഗ്രത വേണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: നിഷേധമാത്മകവും വ്യാജവുമായ വാര്‍ത്തകളല്ല, നന്മയെ പ്രോല്‍സാഹിപ്പിക്കുന്ന വാര്‍ത്തകളാണ് സമൂഹത്തെ ശരിയായ ദിശയിലേക്കു നയിക്കുകയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ മാധ്യമദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവ മൈത്രിയുയേും സമാധാനത്തേയും സത്യത്തേയുമാണു മാധ്യമങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടത്. എന്നാല്‍ അധമ വാസനകളില്‍ അഭിരമിപ്പിക്കാനാണ് സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

മാധ്യമരംഗത്തെ കടുത്ത മല്‍സരമാണു വ്യാജവാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങളെ നിര്‍ബന്ധിതരാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അഭിപ്രായപ്പെട്ടു.
ആസൂത്രിത ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ തിരുത്തിക്കാനും തിരസ്‌കരിക്കാനും ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു പറഞ്ഞു.

അതിരൂപതാ മാധ്യമ അവാര്‍ഡ് ഫാ. ഡോ. പോള്‍. പൂവത്തിങ്കല്‍ സിഎംഐക്ക് ആര്‍ച്ച്ബിഷപ് സമ്മാനിച്ചു. അതിരൂപതയിലെ പാരിഷ് ബുള്ളറ്റിന്‍ മല്‍സര ജേതാക്കള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

അതിരൂപതാ വികാരി ജനറല്‍ മോണ്‍ ജോര്‍ജ് കോമ്പാറ, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. നൈസന്‍ ഏലന്താനത്ത്, ഫാ. ജിയോ കടവി, ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചാലക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, അതിരൂപതാ പബ്ലിക് റിലേഷന്‍സ് പ്രസിഡന്റ് ജോര്‍ജ് ചിറമ്മല്‍, സെക്രട്ടറി എ.ഡി. ഷാജു എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.