പോപ്പ് എമരിറ്റസ് ബെനഡിക്ട് 16-ാമന്റെ പൗരോഹിത്യ സ്വീകരണത്തിന് 70 വര്‍ഷം! വത്തിക്കാനില്‍ സ്പെഷല്‍ എക്സിബിഷന്‍

പോപ്പ് എമരിറ്റസ് ബെനഡിക്ട് 16-ാമന്റെ പൗരോഹിത്യ സ്വീകരണത്തിന് 70 വര്‍ഷം തികയുന്ന അവസരത്തില്‍ വത്തിക്കാനില്‍ സ്പെഷല്‍ എക്സിബിഷന്‍. ബെനഡിക്ട് 16-ാമന്റെ ജീവിതം അടയാളപ്പെടുത്തുന്ന വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ മുതല്‍ അദ്ദേഹം ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വിവിധ വസ്തുക്കളാണ് എക്സിബിഷന്റെ ആകര്‍ഷണം. പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും ആര്‍ച്ച്ബിഷപ്പുമായ ജോര്‍ജ് ഗാന്‍സ്വെയ്‌നാണ് ഇക്കഴിഞ്ഞ ദിവസം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.

1951 ജൂണ്‍ 29-നായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം. എമിരിറ്റസ് ബെനഡിക്ട് 16-ാമന്‍ പാപ്പയുടെ ആദ്യ കുര്‍ബാന സ്വീകരണം മുതല്‍ ദിവ്യബലി അര്‍പ്പണത്തിന് അണിയുന്ന തിരുവസ്ത്രം വരെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും പ്രദര്‍ശനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പാപ്പ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചതായും ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വെയ്ന്‍ പറഞ്ഞു. പൗരോഹിത്യത്തിന്റെ 70-ാം പിറന്നാളില്‍ പൊതുവായ തിരുക്കര്‍മ്മങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നും എന്നാല്‍ ജൂണ്‍ 29-ന് മാത്തര്‍ എക്ലേസിയ ചാപ്പലില്‍ അദ്ദേഹം കൃതജ്ഞതാബലി അര്‍പ്പിക്കുമെന്നും ആര്‍ച്ച്ബിഷപ്പ് അറിയിച്ചു.

പ്രദര്‍ശനം കാണാന്‍, ജൂണ്‍ 29 മുതല്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. പോളി ആര്‍ട്ട് ഗ്യാലറിയാണ് പ്രദര്‍ശനവേദി. പൊന്തിഫിക്കല്‍ കമ്മിറ്റി ഫോര്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ്, ദ വത്തിക്കാന്‍ ജോസഫ് റാറ്റ്സിംഗര്‍ – ബെനഡിക്റ്റ് പതിനാറാമന്‍ ഫൗണ്ടേഷന്‍, പോപ്പ് മ്യൂസിയം എന്നിവ സംയുക്തമായാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.