ദൈവവിളിക്ക് ധൈര്യമായി പ്രത്യുത്തരം നല്‍കണം: ഫ്രാന്‍സിസ് പാപ്പാ

ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിയോട് പ്രത്യുത്തരിക്കുവാന്‍ ധൈര്യമുള്ളവരായിരിക്കുകയും വേണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ദൈവവിളിയെ സ്വീകരിക്കുന്നവര്‍ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ്. അതിനര്‍ത്ഥം നമ്മുടെ ജീവിതമാകുന്ന തോണിയെ കെട്ടിയിടുന്ന എല്ലാ അവസ്ഥകളെയും ഉപേക്ഷിച്ച് സുപ്രധാനമായ ഒരു തീരുമാനം അവര്‍ സ്വീകരിക്കുകയാണ് എന്നാണ്. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളോട് ഏറ്റവും ധൈര്യത്തോടെയും വിശ്വസ്തതയോടെയും പ്രതികരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് സന്യസ്തര്‍. പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവവിളിയുടെ അനന്തസാഗരത്തെ നോക്കി വഞ്ചിയും വലയും നന്നാക്കി നമ്മുടെ സുരക്ഷ നോക്കിനില്‍ക്കാതെ കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കണം. ഈ തീരുമാനങ്ങളാണ് ലോകത്തില്‍ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന തരത്തില്‍ നമ്മുടെ വ്യക്തിപരമായ ക്രിസ്തീയജീവിതയാത്രയ്ക്ക് ശരിയായ ലക്ഷ്യം നല്‍കുന്നത്. പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ക്കൂടിയും അവിടെ വിശ്വസ്തതയോടുകൂടി ദൈവത്തിന്റെ വിളിക്ക് അനുസരിച്ച് ജീവിക്കുവാന്‍ നമുക്ക് കഴിയണം. പാപ്പാ സന്യസ്തരെ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ വിളിയെ വിവേചിച്ചറിയുകയും നേരായ വഴിയില്‍ നയിക്കുകയും ചെയ്യുക എളുപ്പമല്ല. അതിന് ആഴമായ പ്രാര്‍ത്ഥന ആവശ്യമാണ്. ഓരോ ദൈവവിളിയും ഈശോയെ അനുകരിക്കുവാനും അവിടുന്ന് നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷത്തിനായി അടയാളപ്പെടുത്തിയ പാതയിലൂടെ അവിടുത്തെ അനുകരിക്കുവാനുമുള്ള ആഹ്വാനമാണ്. പാപ്പാ വ്യക്തമാക്കി. അന്‍പത്തിയാറാമത് സന്യാസികള്‍ക്കായുള്ള  ആഗോള പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ചാണ് പാപ്പാ ഈ സന്ദേശം ഇറക്കിയത്. ‘ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുവാന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുക’ എന്നതാണ് മെയ് പന്ത്രണ്ടാം തീയതി ആചരിക്കുന്ന പ്രാര്‍ത്ഥനാദിനത്തിന്റെ പ്രമേയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.